തിരുവനന്തപുരം: എ.ആര്‍ നഗര്‍ ബാങ്ക് ഇടപാടുകളിലെ ക്രമക്കേടില്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട മുന്‍ മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജലീലിനോട് പറഞ്ഞു.
ഇ.ഡി അന്വേഷണം താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ചന്ദ്രിക കേസില്‍ താനല്ല പരാതിക്കാരനെന്നും ജലീല്‍ മറുപടി നല്‍കിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ഫേസ്ബുക്കിലൂടെ ജലീല്‍ പ്രതികരണം നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുമായി വിശദമായി കാര്യങ്ങള്‍ സംസാരിച്ചുവെന്നും കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള പോരാട്ടം തുടരുമെന്നും ജലീല്‍ ഫേസ്ബുക്കിലെഴുതി.
‘2006ല്‍ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടില്‍ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കില്‍ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകള്‍ക്കും വെട്ടിപ്പുകള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍,’ ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ഇടപെടലുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനും ജലീല്‍ മറുപടി നല്‍കി. എ.ആര്‍ നഗര്‍ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാന്‍ തിരൂരങ്ങാടിയിലെ ‘ഫയര്‍ എന്‍ജിന്‍’ മതിയാകാതെ വരുമെന്നാണ് ജലീല്‍ പറഞ്ഞത്.
എ.ആര്‍ നഗര്‍ പൂരം ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ നിന്നുള്ള ഇടപെടലിനാല്‍ വളാഞ്ചേരി നിലയത്തില്‍ നിന്നുള്ള വെടിക്കെട്ടുകള്‍ താല്‍ക്കാലികമായി നിറുത്തിവെച്ചിരിക്കുന്നുവെന്നായിരുന്നു പി.എം.എ സലാമിന്റെ പോസ്റ്റ്.
കഴിഞ്ഞ ദിവസമാണ് എ.ആര്‍ നഗര്‍ ബാങ്ക് തട്ടിപ്പ് ഇ.ഡി അന്വേഷിക്കണമെന്ന കെ.ടി. ജലീലിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളിയത്. ഈ ആവശ്യം ഉചിതമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സഹകരണ മേഖലയില്‍ ഇ.ഡി അന്വേഷണങ്ങള്‍ വേണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
“ഇ.ഡി പലതവണ ചോദ്യം ചെയ്തതിനാല്‍ ജലീലിന് വിശ്വാസം കൂടിയിട്ടുണ്ടാകും. പ്രസ്തുത വിഷയത്തില്‍ സഹകരണവകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ട്. നിലവില്‍ ഹൈക്കോടതി സ്റ്റേ ഉള്ളതിനാലാണ് മുന്നോട്ടുപോകാത്തത്,” മുഖ്യമന്ത്രി പറഞ്ഞു.
ഇ.ഡി അന്വേഷണമെന്ന ആവശ്യം സാധാരണഗതിയില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെയുള്ള അന്വേഷണ ഏജന്‍സികള്‍ കൃത്യമായി അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയ്ക്ക് തന്നെ ശാസിക്കാനും തിരുത്താനുമുള്ള അവകാശമുണ്ടെന്നായിരുന്നു ഇതിനോടുള്ള കെ.ടി ജലീലിന്റെ പ്രതികരണം.
‘ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍വല്‍ക്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും. മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം,’ ജലീല്‍ പറഞ്ഞിരുന്നു.
എ.ആര്‍. നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 1021 കോടിയുടെ കള്ളപ്പണ ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പിന്റെ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്നും ഇതിന്റെ മുഖ്യസൂത്രധാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്നും ജലീല്‍ ആരോപിച്ചിരുന്നു.
കുഞ്ഞാലിക്കുട്ടിയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ ബിനാമിയും ദീര്‍ഘകാലം ബാങ്ക് സെക്രട്ടറിയുമായിരുന്ന വി.കെ. ഹരികുമാറിനും തട്ടിപ്പില്‍ വലിയ പങ്കാണുള്ളതെന്ന് ജലീല്‍ പറഞ്ഞിരുന്നു.
അതേസമയം ചന്ദ്രികയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ തെളിവുകള്‍ കൈമാറാന്‍ ജലീല്‍ ഇന്ന് ഇ.ഡിക്ക് മുന്‍പില്‍ ഹാജരാകും. കേസില്‍ ഏഴ് തെളിവുകള്‍ നല്‍കുമെന്നാണ് ജലീല്‍ അറിയിച്ചിരിക്കുന്നത്.