തിരുവനന്തപുരം: ഐ.എന്‍.എലിന് ലഭിച്ച പി.എസ്.സി. അംഗത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റതായുള്ള ആരോപണം പുറത്തുവന്നതോടെ ഐ.എന്‍.എല്‍. നേതാക്കളെ വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐ.എന്‍.എല്‍. പ്രസിഡന്റിനോടും ജനറല്‍ സെക്രട്ടറിയോടും ബുധനാഴ്ച തിരുവനന്തപുരത്തെത്തി കാണാനാണ് നിര്‍ദ്ദേശം.
അതേസമയം, കാസിം ഇരിക്കൂര്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതോടെ ഐ.എന്‍.എല്ലില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.സി. മുഹമ്മദാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് പി.ടി.എ. റഹിം വിഭാഗം പാര്‍ട്ടി വിടാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
പാര്‍ട്ടിയുടെ നോമിനിയായി അബ്ദുള്‍ സമദിനെ പി.എസ്.സി. അംഗമായി തെരഞ്ഞെടുത്തതിന് ആദ്യ ഗഡുവായി 20 ലക്ഷം രൂപ വാങ്ങിയെന്നും ബാക്കി 20 ലക്ഷം പിന്നീട് വാങ്ങാനുമാണ് തീരുമാനമെന്നുമാണ് ഇ.സി. മുഹമ്മദിന്റെ ആരോപണം.
നേരത്തെ കാസര്‍ഗോഡ് സീറ്റിനായി സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ് 20 ലക്ഷം രൂപ ചോദിച്ചെന്ന് കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിലുള്ള വിഭാഗം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ ആരോപണം രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞിരുന്നു.