| Friday, 16th September 2022, 8:44 pm

ഇതും ഇതിനപ്പുറവും പറയാന്‍ അറിയാം, പക്ഷെ അതിന് നില്‍ക്കുന്നില്ല; ഗവര്‍ണറുടെ ആരോപണങ്ങള്‍ എണ്ണിയെണ്ണി മുഖ്യമന്ത്രിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സി.പി.ഐ.എമ്മിനുമെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ രൂക്ഷമായ പ്രതികരണവുമായി പിണറായി വിജയന്‍. ഗവര്‍ണര്‍ ഉന്നയിച്ച ഓരോ വാദങ്ങളും എടുത്തു പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്.

വൈസ് ചാന്‍സലര്‍ നിയമനം, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനം, സി.പി.ഐ.എം കയ്യൂക്കും ഭീഷണിയുമായി മുന്നോട്ടുപോകുന്നു എന്ന ആരോപണം, നിയമസഭയില്‍ അവതരിപ്പിച്ച ബില്ലുകള്‍, യൂണിവേഴ്‌സിറ്റികളിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പോസ്റ്ററുകള്‍ എന്നിങ്ങനെ ഗവര്‍ണര്‍ ഉന്നയിച്ച വിവിധ ആരോപണങ്ങളിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

‘പൊതുവില്‍ ഞങ്ങള്‍ ഇക്കാര്യത്തിലൊക്കെ സ്വീകരിക്കുന്ന സമീപനമുണ്ട്. പക്ഷെ ഇപ്പോള്‍ അതിനുള്ള ഘട്ടം കഴിഞ്ഞിരിക്കുകയാണ്. പേഴ്‌സണല്‍ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രി അറിയാതെ നടക്കുമോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഇതില്‍ പരം അസംബന്ധം വേറെയൊരാള്‍ക്കും പറയാന്‍ കഴിയില്ല. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് വേണം വര്‍ത്തമാനം.

മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധു എന്ന് പറയുന്നത് ഒരു വ്യക്തിയാണ്. ആ വ്യക്തിക്ക് സ്വാതന്ത്ര്യവും അവകാശങ്ങളുമുണ്ട്. അതനുസരിച്ച് അര്‍ഹതയുള്ള ജോലിക്ക് അപേക്ഷിക്കാന്‍ സാധാരണ ഗതിയില്‍ അവര്‍ക്ക് അവകാശമുണ്ട്.

ഞാന്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവാണല്ലോ, അതുകൊണ്ട് മുഖ്യമന്ത്രിയുടെ അനുമതി വാങ്ങാമെന്ന് ആരെങ്കിലും ചിന്തിക്കുമോ. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ ബന്ധു അപേക്ഷ കൊടുക്കുക. ഈ നാടിനെ കുറിച്ചും അറിയാവുന്ന ആര്‍ക്കെങ്കിലും അങ്ങനെ ആലോചിക്കാന്‍ പറ്റുമോ. എന്തൊക്കെ അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്.

ആരുടെയെങ്കിലും അപേക്ഷ കിട്ടിയാല്‍ ഉത്തരവാദിത്തപ്പെട്ട ഒരു സംവിധാനം അവരുടെ നടപടിക്രമങ്ങളിലൂടെ തീരുമാനമെടുക്കും. ആ തീരുമാനത്തില്‍ പിശകുണ്ടെങ്കില്‍, പരിശോധിക്കട്ടെ. പിശക് കണ്ടെത്തിയാല്‍ അത് ചെയ്തവര്‍ അനുഭവിച്ചോട്ടെ. അതിന് ഞങ്ങള്‍ ആരെങ്കിലും തടസം നിന്നോ.

കേരളത്തില്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായതുകൊണ്ട് ഒരാള്‍ ജോലിക്ക് അപേക്ഷിക്കരുത്, ജോലി സ്വീകരിക്കരുത് എന്നെല്ലാം പറയാന്‍ ഇദ്ദേഹത്തിന് എന്ത് അധികാരം. ആരാണ് അധികാരം നല്‍കിയത്. ഇതാണോ ഗവര്‍ണര്‍, ചാന്‍സലര്‍ പദവികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യക്ക് പുറത്ത് രൂപംകൊണ്ട ആശയങ്ങളുള്ള ഒരു പാര്‍ട്ടി കൈക്കരുത്തിലും ഭീഷണിയിലും വിശ്വസിച്ച് തന്നെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കേണ്ടെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്വാതന്ത്ര്യം നേടിയത് മുതല്‍ ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കിയും സി.പി.ഐ.എം നിലനിന്ന വിവിധ സന്ദര്‍ഭങ്ങളെ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു പിണറായി വിജയന്റെ മറുപടി.

‘ഭീഷണിസ്വരത്തില്‍ ആരാണ് സംസാരിക്കുന്നതെന്ന് കുറെ നാളുകളായി നാട് കാണുന്നുണ്ട്. അദ്ദേഹം ഇത് ആരുടെ നേരെയാണ് വരുന്നത്. എന്ത് ആവശ്യത്തിനാണിതൊക്കെ ചെയ്യുന്നത്. അവരവര്‍ക്ക് എന്തെങ്കിലും ഗുണം ഇതുകൊണ്ട് കിട്ടുന്നുണ്ടെങ്കില്‍ അതായിക്കോട്ടെയെന്ന് വിചാരിച്ച് ഞങ്ങള്‍ നോക്കി നില്‍ക്കാര്‍ന്നു. പക്ഷെ അതും ഫലിച്ചതായി കാണുന്നില്ല.

ഇന്ത്യക്ക് പുറത്ത് രൂപം കൊണ്ടത് എന്നതിലൂടെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ചിലത് പറയാനുണ്ട്. ഭരണഘടനാ നിര്‍മാണ സഭയില്‍ കമ്യൂണിസ്റ്റുകാരുണ്ടായിരുന്നു. ഇന്ത്യയിലെ ആദ്യ പാര്‍ലമെന്റിലെ പ്രധാന പ്രതിപക്ഷവും കമ്യൂണിസ്റ്റുകാരായിരുന്നു.

ഈ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി പദത്തിലും ലോകസഭ സ്പീക്കറായും കമ്യൂണിസ്റ്റുകാരനിരുന്നിട്ടുണ്ട്. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഏകകണ്ഠമായി നിര്‍ദേശിക്കപ്പെട്ട പേര് ഒരു കമ്യൂണിസ്റ്റുകാരന്റെയായിരുന്നു. ഞങ്ങളത് സ്വീകരിച്ചില്ലായെന്നുള്ളത് വേറെ കാര്യം. അത് ഞങ്ങളുടെ കാര്യം.

ദീര്‍ഘകാലം പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസു കമ്യൂണിസ്റ്റാണ്. കേരളവും ബംഗാളും ത്രിപുരയും വിവിധ കാലയളവില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകളിലിരുന്നിട്ടുണ്ട്. ഇതൊക്കെ ഈ രാജ്യത്തിന് അറിയാം.

എന്ത് കൈക്കരുത്തും ഭീഷണിയുമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുള്ളത്. എന്തും വിളിച്ചുപറയാനുള്ള കേന്ദ്രമാണ് ഇതെന്നാണോ അദ്ദേഹം ധരിച്ചിട്ടുള്ളത്, അങ്ങനെയാണോ കാര്യങ്ങള്‍ മുന്നോട്ടു നീക്കേണ്ടത്,’ മുഖ്യമന്ത്രി പറഞ്ഞു.

സര്‍വകലാശാലകളില്‍ പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെയും യുവജനപ്രസ്ഥാനത്തിന്റെയും പോസ്റ്ററുകള്‍ പതിക്കാന്‍ ആരാണ് അനുമതി നല്‍കിയത് എന്ന ഗവര്‍ണറുടെ പ്രസ്താവനയോട് പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

‘എന്താണ് ഇദ്ദേഹത്തിന് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. അദ്ദേഹം തന്നെ പരിശോധിക്കണം. അല്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ പരിശോധിക്കണം.

സാധാരണ സംഘടനാ പ്രവര്‍ത്തനം നിരോധിക്കാമെന്നാണോ അദ്ദേഹം കരുതുന്നത്. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പോസ്റ്ററുകള്‍ കാണാറില്ലേ. അതില്‍ പല വിധ സംഘടനകളുണ്ട്. അവര്‍ അവരുടെ പ്രചരണം രാജ് ഭവനില്‍ പോയാണോ നടത്തേണ്ടത്. രാജ് ഭവനിലേക്ക് അവര്‍ പോയാല്‍ വരാന്‍ പാടില്ലെന്ന് അദ്ദേഹത്തിന് പറയാം. അവര്‍ പഠിക്കുന്നിടത്തും ജോലി ചെയ്യുന്നിടത്തും പഠിപ്പിക്കുന്നിടത്തും അത് പാടില്ലെന്ന് പറയാനാകുമോ.

ഇതിന്റെ ബാക്കി ഞാന്‍ ഇവിടെ ഇരുന്ന് പറയുന്നില്ല. ഇപ്പറയുന്നതൊന്നും പക്വമതിയായ ഒരാള്‍ക്ക് പറയാന്‍ പറ്റുന്നതല്ലെന്ന് അദ്ദേഹം മനസിലാക്കുക. ഇതും ഇതിനപ്പുറവും നമുക്ക് തമ്മില്‍ പറയാനാകുമെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഞങ്ങള്‍ അങ്ങനെ ചെയ്യാത്തത്, ഓരോ സ്ഥാനത്തിനും ഭരണഘടന നിശ്ചയിച്ച ഉത്തരവാദിത്തമുണ്ട്. അതിനനുസരിച്ചുള്ള ഭരണപ്രക്രിയക്ക് തടസം നില്‍ക്കുന്ന ഒരു നടപടിയിലേക്കും ഞങ്ങള്‍ സാധാരണഗതിയില്‍ കടക്കാറില്ല.

വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പരിഹരിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗങ്ങളുണ്ട്. അതിന് നില്‍ക്കാതെ നീട്ടി പിടിക്കുന്ന മൈക്കിന് മുന്നിലെത്തി ഞാന്‍ ഇതെല്ലാം പറയാന്‍ പ്രാപ്തനാണ് എന്ന മട്ടില്‍ ശബ്ദം ഉയര്‍ത്തിയും മുഖത്ത് ഗൗരവ ഭാവം വരുത്തിയും സംസാരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് ഭരണഘടനാ അനുശാസിക്കുന്ന രീതിയല്ലെന്ന് അദ്ദേഹം മനസിലാക്കണം,’മുഖ്യമന്ത്രി പറഞ്ഞു.

നിയസഭയില്‍ ബില്‍ അവതരിപ്പിച്ചതും സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിച്ചതുമെല്ലാം നിയമപരമായി മാത്രമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: CM Pinarayi Vijayan slams Governor Arif Mohammad Khan

We use cookies to give you the best possible experience. Learn more