കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി
Kerala News
കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th November 2022, 6:00 pm

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്നുവെന്നും, കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

‘കുതിരക്കച്ചവടം നടക്കാത്തയിടങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയാണ്. കുതിരക്കച്ചവടം പഴയ പ്രയോഗമാണ്. പുതിയ വാക്ക് കണ്ടെത്തണം. ഇപ്പോള്‍ വില വല്ലാതെ കൂടിയിട്ടുണ്ട്. ഒരു കുതിരയുടെ വിലയൊന്നും അല്ല,’ മുഖ്യമന്ത്രി പരിഹസിച്ചു.

കേരളത്തെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമവുമായി ചിലര്‍ വരുന്നുണ്ട്. കേരള ബദല്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. അതുകൊണ്ടാണ് കേരളത്തെ ഇകഴ്ത്തി കാണിക്കാന്‍ ചിലര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു.

രാജ്യത്തിന്റെ മര്‍മ്മ പ്രധാന സ്ഥലങ്ങളില്‍ പോലും സ്വകാര്യവത്ക്കരണമാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടി അര്‍ഹതപ്പെട്ട പൊതുമേഖല സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ അറിയിക്കാതെ കേന്ദ്രം വില്‍ക്കുന്നു. ഈ സ്ഥാപനങ്ങള്‍ നിര്‍മിക്കാന്‍ സംസ്ഥാനമാണ് ഭൂമി ഏറ്റെടുത്തത്. കോര്‍പ്പറേറ്റുകള്‍ ബഹിരാകാശ മേഖലയിലേക്കും വരുകയാണ്. സ്വകാര്യ മേഖലയില്‍ സാമൂഹിക നീതിയും സംവരണവും നിഷേധിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

റെയില്‍വേയില്‍ തസ്തിക സൃഷ്ടിക്കുകയോ നിയമനം നല്‍കുകയോ ചെയ്യുന്നില്ല. രണ്ട് ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. പക്ഷെ 10 ലക്ഷം ഒഴിവുകള്‍ ഇപ്പോഴും നിയമനം നല്‍കാതെ കിടക്കുകയാണ്.

സ്വകാര്യവത്കരണമല്ലാതെ ബദല്‍ ഇല്ലെന്നാണ് കേന്ദ്രം പറയുന്നത്. അങ്ങനെയല്ലെന്ന് കേരളം കാട്ടി നല്‍കുകയാണ്. കേന്ദ്രം വില്‍ക്കാന്‍ വച്ച രണ്ട് സ്ഥാപനങ്ങള്‍ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ മാതൃക പരമായി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. സംസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായ ചില സ്ഥാപനങ്ങളെ മുട്ടാപോക്ക് ന്യായം പറഞ്ഞ് കേന്ദ്രം തടയുന്നുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

സ്വാതന്ത്യസമര സേനാനികളെ ചരിത്രത്തില്‍ നിന്നും മാറ്റുന്നുവെന്നും മാപ്പെഴുതി കൊടുത്ത് ബ്രിട്ടീഷുകാരുടെ കാല്‍കീഴില്‍ ജീവിച്ചവരെ ധീര രാജ്യ സ്‌നേഹികള്‍ ആക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: CM Pinarayi Vijayan Slams Central Government and Kerala Governor