| Friday, 16th December 2022, 7:51 pm

വിമര്‍ശിക്കുന്ന സര്‍ക്കാരുകളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു: പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മതാടിസ്ഥാനത്തിലല്ല നമ്മുടെ പൗരത്വം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മതാടിസ്ഥാനത്തിലാവണമെന്ന് പറയുന്നു. രാജ്യത്തെ ജനങ്ങളുടെ ഐക്യം തകര്‍ക്കലാണ് ഇതുകൊണ്ട് കേന്ദ്രം ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിവാഹബന്ധം വേര്‍പിരിക്കുന്നത് സിവിലായാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ മുസ്ലീമിന്റേതായാലത് ക്രിമിനലായി വേണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്തും മാറ്റിമറിക്കാമെന്ന അവസ്ഥ അനുവദിക്കാനാവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

അഖിലേന്ത്യാ കിസാന്‍ സഭ 35ാം ദേശീയ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലയെ വിറ്റുതുലക്കാന്‍ കോണ്‍ഗ്രസ് തുടക്കം കുറിച്ചു. ഇന്നത് ബി.ജെ.പി വീറോടെ നടപ്പാക്കുന്നു. രാജ്യത്തെ ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നത്. സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് മതനിരപേക്ഷതയോട് തെല്ലും ബഹുമാനമില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ വാചകത്തില്‍ ഫെഡറല്‍ തത്വം പറയുകയും. പ്രയോഗത്തിലത് മറക്കുകയും ചെയ്യുന്നു. എതിര്‍ക്കുന്നവര്‍ക്ക് വികസനം വേണ്ട എന്ന നിലപാട് ശരിയല്ല. ഉന്നത വിദ്യാഭ്യാസത്തെ തകര്‍ക്കാന്‍ പല രൂപത്തില്‍, ഭാവത്തില്‍ അരങ്ങേറ്റങ്ങള്‍ നടന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ബി.ജെ.പി കേന്ദ്രഭരണ കക്ഷി ആയതിനാല്‍ ആ സ്വാധീനം ഉപയോഗിക്കുന്നു. പല വിഷയങ്ങളിലും രാഷ്ട്രീയ ഇടപെടല്‍ വരികയാണ്. ഫെഡറല്‍ തത്വങ്ങള്‍ കേന്ദ്രത്തിന് വാചകത്തില്‍ മാത്രമാണെന്നും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ അവര്‍ സാമ്പത്തികമായി ഞെരുക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: CM Pinarayi Vijayan Slams Central Government

We use cookies to give you the best possible experience. Learn more