ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ പരീക്ഷിച്ച തന്ത്രം കേരളത്തിലും പയറ്റാനാണ് ശ്രമം; അത് നടക്കില്ല: മുഖ്യമന്ത്രി
Sabarimala women entry
ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ പരീക്ഷിച്ച തന്ത്രം കേരളത്തിലും പയറ്റാനാണ് ശ്രമം; അത് നടക്കില്ല: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th January 2019, 5:42 pm

കോഴിക്കോട്: ഉത്തരേന്ത്യയില്‍ പലയിടത്തും സംഘപരിവാര്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രം കേരളത്തിലും പയറ്റാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍. അതു കേരളത്തില്‍ നടക്കില്ലെന്നും അക്രമങ്ങളെയും വര്‍ഗ്ഗീയ കലാപമുണ്ടാക്കുനുളള ശ്രമങ്ങളെയും സര്‍ക്കാര്‍ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിന്റെ പേരില്‍ സംസ്ഥാനത്തുടനീളം ആസൂത്രിതമായി അക്രമം അഴിച്ചുവിട്ട് ജനങ്ങളുടെ സൈ്വരജീവിതവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയും ആര്‍.എസ്.എസ്സും തന്നെയാണ് കേരളത്തില്‍ ക്രമസമാധാനം അപകടത്തിലാണെന്ന് പ്രചരിപ്പിക്കുകയും കേന്ദ്രം ഇടപെടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. സുപ്രീം കോടതി വിധിക്കെതിരെ ബി.ജെ.പിയും ആര്‍.എസ്.എസ്സും ആസൂത്രിതമായും സംഘടിതമായും നടത്തുന്ന അക്രമങ്ങളല്ലാതെ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.

Read Also : ഹര്‍ത്താലിന് പൊലീസിനെതിരായ അക്രമണത്തിന് നേതൃത്വം നല്‍കിയത് ടി.പി സെന്‍കുമാര്‍: ഡി.വൈ.എഫ്.ഐ

ഭരണഘടനയോട് തെല്ലെങ്കിലും കൂറും ജനങ്ങളോട് പ്രതിബദ്ധതയും ഉണ്ടെങ്കില്‍ സ്വന്തം അണികളോട് അക്രമം അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കുകയാണ് ബി.ജെ.പി ദേശീയ നേതൃത്വം ചെയ്യേണ്ടതെന്നും ഭരണാഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന സര്‍ക്കാരിനെതിരെ ഭീഷണി ഉയര്‍ത്തുന്നതാണ് ഭരണഘടനാ വിരുദ്ധമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

“സംസ്ഥാനത്താകെ 1800 ഓളം കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ കേസുകളില്‍ ജയിലിലായ 700 ലധികം പേരുടെ രാഷ്ട്രീയം പരിശോധിച്ചാല്‍ ആരാണ് യഥാര്‍ത്ഥ അക്രമികളെന്ന് ബോധ്യമാകും. നെടുമങ്ങാട് പോലീസ് സ്റ്റേഷനുനേരെ ആര്‍.എസ്.എസ്. നേതാവ് ബോംബ് എറിയുന്ന ചിത്രം പ്രധാന മാധ്യമങ്ങളിലെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്”. മുഖ്യമന്ത്രി പറയുന്നു.

അക്രമികളുടെ രാഷ്ട്രീയം നോക്കാതെയുള്ള കര്‍ശന നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. അക്രമം തടയുകയും സമാധാന ജീവിതം ഉറപ്പാക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. ഒരു തരത്തിലുളള ഭീഷണിക്കും സര്‍ക്കാര്‍ വഴങ്ങില്ല. കലാപം നടത്തി കേരളത്തില്‍ വേരുറപ്പിക്കാനാകുമോ എന്നാണ് സംഘപരിവാര്‍ നോക്കുന്നത്. അതൊന്നും കേരളത്തില്‍ വിലപ്പോകില്ലെന്ന് ബി.ജെ.പി. നേതൃത്വം മനസ്സിലാക്കിയാല്‍ നല്ലതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.