| Monday, 24th October 2022, 11:51 am

വി.സിമാര്‍ രാജിവെക്കില്ല; പെട്ടെന്നൊരു ദിവസം 'ഇറങ്ങിപ്പോ' എന്ന് പറഞ്ഞാല്‍ പറ്റില്ല; മന്ത്രിമാരുടെ പൊതുവിജ്ഞാനത്തിന് മാര്‍ക്കിടാന്‍ ഗവര്‍ണര്‍ വരേണ്ട: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഒമ്പത് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാര്‍ രാജി വെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്ത്യശാസനം പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മന്ത്രിമാരുടെ പൊതുവിജ്ഞാനത്തിന് മാര്‍ക്കിടാന്‍ ഗവര്‍ണര്‍ വരേണ്ടെന്നും പെട്ടെന്നൊരു ദിവസം വന്ന് വി.സിമാരോട് ‘ഇറങ്ങിപ്പോ’ എന്ന് പറഞ്ഞാല്‍ ആത്മാഭിമാനമുള്ളവര്‍ക്ക് അത് പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

”ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്ന വ്യക്തി പത്രസമ്മേളനം നടത്തിയും പൊതുസമ്മേളനങ്ങളിലും മന്ത്രിമാരെയും ജനപ്രതിനിധികളെയും അധിക്ഷേപിക്കുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് ചേരുന്നതാണോ?

‘വിവരമില്ലാത്തവന്‍’ എന്നാണ് ഗവര്‍ണര്‍ ഒരു മന്ത്രിയെ അധിക്ഷേപിച്ചത്. അധിക്ഷേപിക്കുന്നതിന് അദ്ദേഹത്തിന് സാധാരണ ഒരു പരിധിയും ഉണ്ടാകാറില്ല. മന്ത്രിമാരുടെ പൊതുവിജ്ഞാനത്തിനും പാണ്ഡിത്യത്തിനും മാര്‍ക്കിടാന്‍ ഗവര്‍ണര്‍ക്ക് ആരും അധികാരം നല്‍കിയിട്ടില്ല. അദ്ദേഹം ആരെയൊക്കെ അധിക്ഷേപിച്ചു.

ഒരു വൈസ് ചാന്‍സലറുടെ ശാസ്ത്ര മേഖലയിലെ ഭാഷാ പരിജ്ഞാനത്തെ പറ്റി അദ്ദേഹം രൂക്ഷപരിഹാസം ചൊരിഞ്ഞു. മറ്റൊരു വൈസ് ചാന്‍സലറെ ക്രിമിനലെന്ന് വിളിച്ചു. രാജ്യം ആദരിക്കുന്ന അക്കാദമിക് പണ്ഡിതനെ ഗുണ്ട എന്ന് വിശേഷിപ്പിക്കാനാണ് അദ്ദേഹത്തിന് തോന്നിയത്. ഇദ്ദേഹത്തെ പറ്റി ‘മഹനീയ വ്യക്തിത്വം’ എന്നാണോ?

സര്‍വകലാശാലകളുടെ സ്വയംഭരണാധികാരത്തെ ലംഘിക്കുന്ന നടപടിയുണ്ടായാല്‍ സര്‍ക്കാര്‍ അതിന് കീഴടങ്ങില്ല. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് നിയമിച്ച വൈസ് ചാന്‍സലര്‍മാര്‍ ഇന്ന ദിവസം ഇത്ര മണിക്കകം രാജിവെക്കണമെന്ന് കല്‍പിക്കാന്‍ ആര്‍ക്കും അധികാരമില്ല.

സര്‍ക്കാര്‍ സര്‍വീസിലെ സാധാരണ ജിവനക്കാരെ പോലും നോട്ടീസ് കൊടുക്കാതെ, വിശദീകരണം കേള്‍ക്കാതെ പിരിച്ചുവിടാന്‍ കഴിയില്ല. കേരളത്തിന്റെ ഭരണകാര്യങ്ങളില്‍ ചാന്‍സലര്‍ക്ക് ഇടപെടാന്‍ പറ്റില്ല.

ഇത് സര്‍ക്കാരിന് മാത്രമല്ല, സംസ്ഥാനത്തിനെതിരായ നീക്കമാണ്. ആദ്യം കരുതിയത് പ്രത്യേകമായ വ്യക്തിതാല്‍പര്യങ്ങള്‍ കാരണം ഞങ്ങളുമായി കലഹിക്കുകയാണെന്നാണ്. പക്ഷെ അതിനപ്പുറം പോകുന്നു, കൃത്യമായ അജണ്ടയുടെ ഭാഗമായി കാര്യങ്ങള്‍ നീക്കുന്നു.

നേരത്തെ തന്നെ സംസ്ഥാനത്തെ പ്രൊഫസര്‍മാരുടെ ലിസ്റ്റ് അദ്ദേഹം ചോദിച്ചിരുന്നു. അത് ചോദിക്കാന്‍ അദ്ദേഹം ആരാണ്. അദ്ദേഹം ഒറ്റയ്ക്ക് തീരുമാനിക്കേണ്ടതല്ല ഇക്കാര്യങ്ങള്‍. അന്ന് സുപ്രീംകോടതി വിധി പോലും വന്നിട്ടില്ല. ഇതുകൊണ്ടൊന്നും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാവില്ല.

ഒരു വി.സിമാരും രാജി വെക്കേണ്ടതില്ല. പെട്ടെന്നൊരു ദിവസം വന്ന് ‘ഇറങ്ങിപ്പോ’ എന്ന് പറഞ്ഞാല്‍ അത് പറ്റില്ല. ആത്മാഭിമാനമുള്ള ആരും അത് ചെയ്യില്ല,” മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ തല്‍ക്കാലം കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബംഗാളിലൊക്കെ ഗവര്‍ണറില്‍ നിന്നും ചാന്‍സലര്‍ പദവി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യത്തില്‍ കേരളം അത്തരമൊരു നീക്കം നടത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഞങ്ങള്‍ ഇതുവരെ അത് ആലോചിച്ചിട്ടില്ല. ഇങ്ങനെ പോകുകയാണെങ്കില്‍ കാര്യങ്ങള്‍ എവിടെയെത്തുമെന്ന് പറയാനാകില്ല,’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും യു.ജി.സി ചട്ടങ്ങള്‍ പാലിക്കാതെയാണ് വി.സി നിയമനങ്ങള്‍ നടന്നതെങ്കില്‍ അതിന്റെ പ്രാഥമിക ഉത്തരവാദിത്തം ഗവര്‍ണര്‍ക്ക് തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

”ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. സര്‍വകലാശാലകള്‍ക്ക് നേരെ നശീകരണബുദ്ധിയോടെയുള്ള യുദ്ധമാണ് ഗവര്‍ണര്‍ നടത്തുന്നത്. എന്തിന് വേണ്ടിയാണ് ഈ ആക്രമണം? രാഷ്ട്രീയ ലക്ഷ്യങ്ങളല്ലാതെ മറ്റെന്താണ് ഇതിന് പിന്നില്‍?

യു.ജി.സി ചട്ടങ്ങള്‍ പാലിക്കാതെയാണ് ഈ ഒമ്പത് സര്‍വകലാശാലകളിലും വി.സി നിയമനങ്ങള്‍ നടന്നതെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഈ സര്‍വകലാശാലകളിലെല്ലാം ഗവര്‍ണറാണ് നിയമനാധികാരി. വി.സി നിയമനങ്ങള്‍ ചട്ടവിരുദ്ധമാണെങ്കില്‍ അതിന്റെ പ്രാഥമിക ഉത്തരവാദിത്തം ഗവര്‍ണര്‍ക്ക് തന്നെയാണ്.

ഗവര്‍ണറുടെ തന്നെ ലോജിക്ക് പ്രകാരം പദവിയില്‍ നിന്ന് ഒഴിയേണ്ടത് വി.സിമാരാണോ അല്ലയോ എന്ന് ആലോചിക്കുന്നത് നല്ലതാണ്,” മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, തിങ്കളാഴ്ച രാവിലെ 11.30നകം വി.സിമാര്‍ രാജിവെക്കണമെന്നാണ് ഗവര്‍ണര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. യു.ജി.സി ചട്ടങ്ങള്‍ പാലിക്കാതെ നടന്ന വി.സി നിയമനങ്ങള്‍ക്ക് എതിരായ കോടതി വിധിയുടെ മറപിടിച്ചാണ് ഗവര്‍ണര്‍ അസാധാരാണമായ നടപടി എടുത്തിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ ഇത്രയും അധികം വി.സിമാരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിക്കുന്നത്.

കേരള, എം.ജി, കൊച്ചി, കണ്ണൂര്‍, കാലിക്കറ്റ്, ഫിഷറീസ്, ശ്രീശങ്കരാചാര്യ, സാങ്കേതിക, സംസ്‌കൃതം, മലയാളം എന്നീ സര്‍വകലാശാലകളിലെ വി.സിമാരോടാണ് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

Content Highlight: CM Pinarayi Vijayan says university vice chancellors won’t resign

We use cookies to give you the best possible experience. Learn more