പ്രതിഷേധക്കാർക്ക് നേരെ പാഞ്ഞടുക്കുന്ന ഗവർണർ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല: മുഖ്യമന്ത്രി
Kerala News
പ്രതിഷേധക്കാർക്ക് നേരെ പാഞ്ഞടുക്കുന്ന ഗവർണർ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th December 2023, 12:19 pm

കൊല്ലം: ഗവർണർ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്ന് കാണിച്ച് ഗവർണറെ തിരിച്ചു വിളിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലുള്ള ആളെ ഉൾക്കൊള്ളാൻ ആർക്ക് കഴിയുമെന്ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നവ കേരള സദസിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മുഖ്യമന്ത്രി പറഞ്ഞു.

പ്രതിഷേധക്കാർക്ക് നേരെ പാഞ്ഞടുക്കുന്ന ഗവർണർ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ലെന്നും ബ്ലഡി കണ്ണൂർ എന്ന പ്രയോഗത്തിലൂടെ ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘സാധാരണ ഒരു ഗവർണറെ കുറിച്ച് ഇങ്ങനെയൊന്നും പറയാൻ പാടില്ലാത്തതാണ്. എന്നാൽ ഇങ്ങനെയുള്ള മാനസികാവസ്ഥയിൽ എത്തിയാൽ എന്ത് ചെയ്യും.

ഇതുപോലെ ഒരു വ്യക്തിയെ ഉൾക്കൊള്ളാൻ ആർക്കാണ് കഴിയുക? മുരളീധരനെ പോലുള്ള അപൂർവ്വം ആളുകൾക്ക് ഉൾക്കൊള്ളാൻ കഴിയും.

സംഭവങ്ങളെല്ലാം ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തണം എന്നാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ നടപടികൾ സ്വീകരിക്കും. ഗവർണർ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണം ഉന്നയിക്കേണ്ടതായിട്ട് വരും.

പ്രധാനമന്ത്രിയും പ്രസിഡന്റുമുണ്ട് ആർക്കൊക്കെ കത്തയക്കണമെന്ന് ആലോചിക്കും,’ മുഖ്യമന്ത്രി പറഞ്ഞു.

കാലിക്കറ്റ് സർവകലാശാലയിലെ ബാനറുകൾ മുഖ്യമന്ത്രിയുടെ നിർദേശത്തിലാണ് സ്ഥാപിച്ചതെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ ആരോപിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് സർവ്വകലാശാലയിൽ ബാനറുകൾ സ്ഥാപിച്ചതെന്നും പൊലീസ് പോസ്റ്ററുകൾ സ്ഥാപിച്ചെന്നും കഴിഞ്ഞദിവസം രാജ്ഭവൻ വാർത്താ കുറിപ്പ് പുറത്തുവിട്ടിരുന്നു.

Content Highlight: CM Pinarayi vijayan says there is no other Governor who runs after protestors in the history of the Country