തിരുവനന്തപുരം: കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നതിനാല്‍ താന്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയാണെന്നും ഈ സാഹചര്യത്തില്‍ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിന പതാക ഉയര്‍ത്തുക മന്ത്രി കടകം പള്ളി സുരേന്ദ്രനായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
കരിപ്പൂര്‍ വിമാന ദുരന്തത്തിന് ശേഷം വിമാനത്താവളവും കോഴിക്കോടും മെഡിക്കല്‍ കോളെജും സന്ദര്‍ശിച്ചിരുന്നു. അന്നേദിവസം അവിടെയുണ്ടായിരുന്നവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയാണെന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഇന്ന് മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയത്.
കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകടസ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോയിട്ടുണ്ട്.
റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ, മന്ത്രി എ.സി മൊയ്ദീന്‍ തുടങ്ങിയവരും സ്വയം നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. ആന്റിജന്‍ പരിശോധനയില്‍ ഇന്നാണ് മലപ്പുറം കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
കളക്ടര്‍ക്ക് പുറമെ സബ് കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു കൂടാതെ ജില്ലാ കളക്ട്രറ്റിലെ 20 ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീമിന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അബ്ദുള്‍ കരീമിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്.
കരിപ്പൂര്‍ വിമാനദുരന്ത സ്ഥലവും കോഴിക്കോട് മെഡിക്കല്‍ കോളേജും
സന്ദര്‍ശിച്ചിരുന്നു. അന്ന് അവിടെ ഉണ്ടായിരുന്ന ചിലര്‍ക്ക് കോവിഡ് – 19 സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയാണ്.
ഈ സാഹചര്യത്തില്‍ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയില്‍ തിരുവനന്തപുരത്ത് സഹകരണ – ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും.