തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഭീതിജനകമായ സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുന്‍പ് ഇത്തരത്തിലള്ള അനുഭവം ഉണ്ടായതിനാല്‍ തന്നെ മുന്‍കരുതലുകള്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
“നിര്‍ഭാഗ്യകരമായ റിപ്പോര്‍ട്ടാണ് പുറത്തു വന്നിട്ടുള്ളത്. ഒരു കേസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇനിയും ഒരു പരിശോധന കൂടെ നടത്തേണ്ടതുണ്ട്. അതിനു ശേഷമാണ് അതിന്റെ പൂര്‍ണ സ്ഥിരീകരണം നടത്തുക. വലിയ തരത്തില്‍ ഭീതി പരത്തുന്ന നില ഉണ്ടാകരുത്. എന്നാല്‍ ജാഗ്രത പുലര്‍ത്തുകയും വേണം. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ ആവശ്യമായ ജാഗ്രത പാലിക്കണം. മുന്‍പ് ഇത്തരത്തിലുള്ള അനുഭവം ഉണ്ടായതിനാല്‍ തന്നെ മുന്‍കരുതലുകള്‍ എടുക്കും ആവശ്യമായ എല്ലാ കരുതല്‍ നടപടികളും സ്വീകരിക്കേണ്ടതുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും വന്നവരെല്ലാം രോഗ ബാധിതരല്ല. എന്നാല്‍ പരിശോധനയ്ക്ക് ശേഷമേ രോഗബാധ സ്ഥരീകരിക്കാന്‍ പറ്റൂ. അതിനാല്‍ എല്ലാവരും പരിശോധനയ്ക്ക് സന്നദ്ധരാവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞിരുന്നു. തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലാണ് വിദ്യാര്‍ത്ഥിനിയെന്ന് ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ചൈനയിലെ വുഹാന്‍ നിന്നു തിരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിരുന്നുന്നെന്ന് കെ.കെ ശൈലജ പറഞ്ഞു. ഇരുപത് പേരുടെ സാംപിളുകളാണ് സംസ്ഥാനത്ത് നിന്ന് പരിശോധനയ്ക്കയച്ചത്. ഇതില്‍ ഒന്നു മാത്രമാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പതിനഞ്ചുപേരുടെ റിസല്‍ട്ട് നെഗറ്റീവ് ആയിരുന്നു. നാലു പേരുടെ പരിശേധനാഫലം വരാനുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.