| Tuesday, 23rd August 2022, 4:07 pm

'കലാ രംഗത്തെ പ്രമുഖര്‍ ഇത്തരം ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരം'; ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കാനുള്ള നിയമ ഭേദഗതി പരിഗണനയിലെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഗെയിമുകള്‍ ശക്തമായി നിയന്ത്രിക്കുന്നതിനുള്ള പഴുതടച്ചതും ഫലപ്രദവുമായ നിയമഭേദഗതി സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈന്‍ റമ്മികളിയുടെ പേരിലുള്ള തട്ടിപ്പുകള്‍ക്കും മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ നിലവിലുള്ള നിയമമനുസരിച്ച് ശക്തമായ നടപടികള്‍ പൊലീസ് സ്വീകരിച്ചുവരുന്നുണ്ടെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

ഓണ്‍ലൈന്‍ റമ്മിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനായി വന്‍തോതില്‍ പരസ്യപ്രചാരണം നടക്കുന്നു. കലാരംഗത്തെ പ്രമുഖര്‍ ഇത്തരം പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ഓണ്‍ലൈന്‍ ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതിയുമുണ്ട്. സാമൂഹ്യവിപത്തിന് കൂട്ടുനില്‍ക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് ചിലരെങ്കിലും പിന്മാറാന്‍ തയ്യാറായത് അനുകരണീയമായ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണ്‍ലൈന്‍ റമ്മികളിക്ക് നിലവില്‍ നിരോധനമില്ലാത്ത സാഹചര്യത്തില്‍ പൊലീസ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ സ്‌കൂളുകളിലും കോളേജുകളിലുമടക്കം ശക്തമായ ബോധവല്‍കരണ പരിപാടികള്‍ നടത്തിവരികയാണ്.

ഓണ്‍ലൈന്‍ ഗെയിം നിരോധിക്കാനുള്ള സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സ്റ്റേ മാറ്റാന്‍ നടപടി സ്വീകരിക്കും. ലക്ഷങ്ങള്‍ നഷ്ടപ്പെടുന്നത് മൂലം പലരും ആത്മഹത്യയിലേക്ക് നീങ്ങുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ റമ്മിക്ക് എതിരെ കര്‍ശന നടപടി വേണം എന്നാവശ്യപ്പെട്ട് എ.പി. അനില്‍കുമാര്‍ എം.എല്‍.എ അവതരിപ്പിച്ച സബ്മിഷന്‍ മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന് എ.പി. അനില്‍കുമാര്‍ ആവശ്യപ്പെട്ടു. ഇതിനായി നിയമ ഭേദഗതി കൊണ്ട് വരണമെന്നും അനില്‍കുമാര്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്ത് പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി നിരവധി പേരെ വന്‍ സാമ്പത്തിക ബാധ്യതയിലേക്കും ആത്മഹത്യയിലേയ്ക്കും തള്ളിവിട്ട സാഹചര്യത്തില്‍ 2021 ഫെബ്രുവരിയില്‍ 1960-ലെ കേരളാ ഗെയിമിങ് ആക്ട് ഭേദഗതി ചെയ്ത് പന്തയം വച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി നിരോധിക്കുകയായിരുന്നു.

എന്നാല്‍ ഇതിനെതിരെ വിവിധ ഗെയിമിങ് കമ്പനികള്‍ ഫയല്‍ ചെയ്ത റിട്ട് ഹരജികളിലെ വിധിന്യായപ്രകാരം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പ്രസ്തുത ഭേദഗതി റദ്ദാക്കി. ഇതിനെതിരെ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീല്‍ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Content Highlight: CM Pinarayi Vijayan says about online rummy game in Niyamasabha

We use cookies to give you the best possible experience. Learn more