| Saturday, 13th August 2022, 12:19 pm

അപ്പന്റെ കയ്യിലെ പണത്തിന്റെ ഭാഗമായല്ല വിദ്യാഭ്യാസം ലഭിക്കേണ്ടത്, അത് നാടിന്റെ ബാധ്യതയാണ്: മുഖ്യമന്ത്രി പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അപ്പന്റെ കയ്യിലെ പണത്തിന്റെ ഭാഗമായല്ല വിദ്യാഭ്യാസം ലഭിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ധനുവച്ചപുരം ഇന്റര്‍നാഷണല്‍ ഐ.ടി.ഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘അപ്പന്റെ കയ്യിലെ പണത്തിന്റെ ഭാഗമായിട്ടല്ല വിദ്യാഭ്യാസം ലഭിക്കേണ്ടത് അത് നാടിന്റെ ഒരു ബാധ്യതയാണ്. നല്ല കാശുള്ള കുടുംബത്തിലുള്ളവര്‍ക്ക് മാത്രമേ ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം സ്വായക്തമാക്കാന്‍ കഴിയൂ എന്ന നിലയുണ്ട്, അതല്ല നമ്മുടെ നാടിന് ആവശ്യം, അതിലേക്കാണ് നാം നടപടികള്‍ നീക്കിയിട്ടുള്ളത്.’ മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ വികസനമെന്നത് ഇന്നത്തെ ഈ തലമുറയ്ക്കുള്ളതല്ല, ഈ തലമുറയ്ക്ക് ഒരു നിശ്ചിത കാലമേ ഇവിടെയുള്ളൂ, അത് കഴിഞ്ഞാല്‍ ഈ നാടിനെ കൂടുതല്‍ മികവോടെ അടുത്ത തലമുറയ്ക്ക് ഏല്‍പ്പിച്ച് കൊടുക്കലാണ് നമ്മുടെ ഉത്തരവാദിത്തം.

അത് നിര്‍വഹിക്കണമെങ്കില്‍ കാലാനുസൃതമായ പുരോഗതി വരണം. മറ്റ് പ്രദേശങ്ങളില്‍ ഉള്ളത് പോലെ വിദ്യാഭ്യാസ സൗകര്യം വേണം. ഇവിടെ ഏത് വിദ്യാര്‍ത്ഥിക്കും ലോകോത്തര വിദ്യാഭ്യാസം ലഭിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ മാറ്റം നാട് ആഗ്രഹിക്കുന്നതാണ്, വരും തലമുറ ആഗ്രഹിക്കുന്നതാണ്. അതിനെ ചില നുണുക്ക് വിദ്യകള്‍കൊണ്ട് തടുത്ത് നിര്‍ത്തിക്കളയാം എന്ന് വിചാരിച്ചാല്‍ നാട് അംഗീകരിക്കില്ല. അത്തരം നിഷേധ നിലപാടുകാരുടെ സ്ഥാനം ചവറ്റു കുട്ടയിലായിരിക്കുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

Content Highlight: CM Pinarayi Vijayan’s statement about Education system in kerala

We use cookies to give you the best possible experience. Learn more