ഹിന്ദുവിന് വിപരീതം മുസ്‌ലിമാണെന്ന് ചിലയിടങ്ങളില്‍ പഠിപ്പിച്ച് തുടങ്ങിയിരിക്കുന്നു: പിണറായി വിജയന്‍
Kerala News
ഹിന്ദുവിന് വിപരീതം മുസ്‌ലിമാണെന്ന് ചിലയിടങ്ങളില്‍ പഠിപ്പിച്ച് തുടങ്ങിയിരിക്കുന്നു: പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th January 2023, 6:10 pm

തിരുവനന്തപുരം: ഭരണഘടന തൊട്ട് സത്യം ചെയ്യുന്നവരില്‍ നിന്ന് പോലും ഭരണഘടന വലിയ വെല്ലുവിളി നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതീയതയുടെ ചങ്ങലക്കെട്ട് ഇപ്പോഴും നമുക്കിടയിലുണ്ട്. അത് പൊട്ടിക്കാന്‍ നമ്മുടെ കയ്യിലുള്ള ആയുധമാണ് ഭരണഘടനയെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ദളിത് സമൂഹത്തില്‍ ജനിച്ചത് കൊണ്ട് മാത്രം ആളുകള്‍ കൊല്ലപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള നവോത്ഥാന സമിതി തിരുവനന്തപുരം ചെമ്പഴന്തിയില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ, മതേതര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഭരണഘടന ആക്രമണം നേരിടുന്ന കാലമാണിത്. രാഷ്ട്രത്തിന്റെ പരമാധികാരം വരെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. ഭരണഘടന തൊട്ട് സത്യം ചെയ്യുന്നവരില്‍ നിന്ന് പോലും ഭരണഘടന വലിയ വെല്ലുവിളി നേരിടുകയാണ്.

ഗാന്ധി വധത്തെ ഗാന്ധി മരണം എന്നാക്കി മാറ്റുകയാണ് ചിലര്‍. വധവും മരണവും തമ്മില്‍ വ്യത്യാസമുണ്ട്. ഗാന്ധിയുടേയും അംബേദ്കറുടേയും ഓര്‍മകള്‍ മായ്ച്ചു കളയാന്‍ ശ്രമം നടത്തുന്നു. ഭരണഘടനാ ശില്‍പിയല്ല അംബേദ്കര്‍ എന്ന് ചിലര്‍ വാദിച്ച് തുടങ്ങിയിരിക്കുന്നു.

ഹിന്ദു എന്ന പദത്തിന് വിപരീതം മുസ്ലിമാണെന്ന് ചിലയിടങ്ങളില്‍ പഠിപ്പിച്ച് തുടങ്ങിയിരിക്കുന്നു. ഇങ്ങനെ കലുഷമാകുന്ന ഈ കാലത്ത് നമുക്ക് ഗാന്ധിജിയെയും അംബേദ്കറേയും വീണ്ടെടുക്കേണ്ടിക്കേണ്ടിയിരിക്കുന്നു. ഗുരു വചനങ്ങളുടെ പ്രസക്തി സമൂഹത്തെ വീണ്ടും പഠിപ്പിക്കേണ്ടിയിരിക്കുന്നു,” മുഖ്യമന്ത്രി പറഞ്ഞു.

അയ്യങ്കാളി സ്വാതന്ത്ര്യത്തിന്റെ ശബ്ദമുയര്‍ത്തിയ ഇടമാണ് ഇപ്പോള്‍ അയ്യങ്കാളി ഹാള്‍ ആയി മാറിയത്. ഹാളിന്റെ പേരു മാറ്റം യാദൃശ്ചികതയായിരുന്നില്ലെന്നും, നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം ആരുടെയും ദയാവായ്പ്പല്ല, അത് ഭരണഘടന സമ്മാനിച്ചതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: CM Pinarayi Vijayan’s Speech