| Sunday, 12th February 2023, 5:48 pm

കേരളവും കര്‍ണാടകയും എന്താണെന്ന് എല്ലാവര്‍ക്കുമറിയാം; അമിത് ഷാക്ക് മറുപടിയുമായി പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഴൂര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തെ കുറിച്ച് നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത, ക്രമസമാധാനനില ഭദ്രമായ കേരളത്തെ മാതൃകയാക്കണമെന്നായിരുന്നു ആഭ്യന്തര മന്ത്രി പറയേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സി.പി.ഐ.എം വാഴൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ-സംസ്ഥാന രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളോട് പ്രതികരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

‘കേരളത്തില്‍ എന്ത് അപകടമാണ് അമിത് ഷാ കണ്ടത്? നിങ്ങളുടെ മറ്റെല്ലാ പ്രദേശങ്ങളെയും പോലെ കേരളത്തെയും മാറ്റിക്കളയാമെന്നാണോ? വെറുതെ ഉണ്ടായതല്ലിത്…വര്‍ഗീയതക്കെതിരെ ജീവന്‍ കൊടുത്ത് പോരാടിയവരാണ് ഈ മണ്ണിലുള്ളത്,’ പിണറായി വിജയന്‍ പറഞ്ഞു.

രാജ്യത്ത് സംഘപരിവാറിന്റെ നേതൃത്വത്തിലാണ് ഭൂരിഭാഗം വര്‍ഗീയ സംഘര്‍ഷങ്ങളും നടക്കുന്നതെന്നും കര്‍ണാടകയിലും ഇത് വ്യാപകമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തില്‍ ഏത് മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും മതവിശ്വാസികളല്ലാത്തവര്‍ക്കും സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമുണ്ടെന്നും എന്നാല്‍ കര്‍ണാടകയടക്കം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതല്ല സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ സംഘപരിവാര്‍ നടത്തിയ അതിക്രമ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം സംസാരിച്ചത്.

കഴിഞ്ഞ ദിവസം കര്‍ണാടകയിലെ പുട്ടൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ബി.ജെ.പി പ്രവര്‍ത്തകരെയും ജനങ്ങളെയും അഭിസംബോധന ചെയ്ത് പ്രസംഗിച്ചപ്പോഴായിരുന്നു കേരളത്തെ അധിക്ഷേപിച്ച് അമിത് ഷാ സംസാരിച്ചത്.

‘നിങ്ങളുടെ തൊട്ടടുത്ത് കേരളമാണ്, കൂടുതല്‍ ഒന്നും ഞാന്‍ പറയേണ്ടല്ലോ. മോദിയുടെ നേതൃത്വത്തില്‍, ഒരു ബി.ജെ.പി. സംസ്ഥാന സര്‍ക്കാരിന് മാത്രമേ കര്‍ണാടകത്തെ സുരക്ഷിതമാക്കി നിലനിര്‍ത്താനാകൂ,’ അമിത് ഷാ പറഞ്ഞു.

ഈ പ്രസ്താവനക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഇന്നലെ മുതല്‍ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്.

അമിത് ഷായുടെ പ്രസ്താവനക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലെ പ്രസക്ത ഭാഗങ്ങള്‍

ഇന്നലെ നമ്മുടെ തൊട്ടടുത്ത കര്‍ണാടകയില്‍ വെച്ച് രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു പ്രസംഗം നടത്തുകയുണ്ടായി. അതും തെരഞ്ഞെടുപ്പിന്റെ ലാക്കില്‍ തന്നെ നടത്തിയ പ്രസംഗമാണ്.

ആ പ്രസംഗത്തില്‍ അദ്ദേഹം സുരക്ഷിതമായി ജീവിക്കേണ്ട കാര്യമാണ് പറയുന്നത്. എന്നിട്ട് ‘തൊട്ടടുത്താണല്ലോ കേരളം, കേരളത്തെ കുറിച്ച് ഞാന്‍ ഒന്നും പറയേണ്ടതില്ലല്ലോ’ എന്ന ഒരു വാചകവും പറയുകയാണ്. എന്തായാലും വളരെ നന്നായി. കേരളം എന്താണ്, കര്‍ണാടകത്തിലെ സ്ഥിതി എന്താണ് എന്ന് എല്ലാവര്‍ക്കും നല്ലതുപോലെ അറിയാമല്ലോ.

ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയില്‍ എല്ലാ ജനങ്ങള്‍ക്കും, ഏത് മതവിശ്വാസിക്കും ഒരു മതത്തില്‍ വിശ്വസിക്കാത്തവരുണ്ടെങ്കില്‍ അവര്‍ക്കും ഇവിടെ സൈര്യമായി  സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ട്. അതാണോ കര്‍ണാടകയിലെ സ്ഥിതി?

കേരളത്തെ മാതൃകയാക്കണമെന്നാണ് അമിത് ഷാ ഉദ്ദേശിച്ചെങ്കില്‍ ശരി, പക്ഷെ അങ്ങനെയല്ലല്ലോ ആ പറഞ്ഞുവന്നത്. എന്ത് അപകടമാണ് അദ്ദേഹത്തിന് കേരളത്തില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞത്?

നാം കേട്ടിട്ടുള്ള ശ്രീരാമ സേന കര്‍ണാടകയിലല്ലേ. നമ്മുടെ തൊട്ടുകിടക്കുന്ന മംഗലാപുരമടക്കമുള്ള പ്രദേശങ്ങളില്‍ വലിയ തോതിലുള്ള ആക്രമണം നടക്കുന്നുണ്ട്. 150തിലേറെ വര്‍ഷം പഴക്കമുള്ള ചിക്കമംഗലൂരുവിലെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെയാണ് 2021ലെ ക്രിസ്മസ് കാലത്ത് വലിയ തോതിലുള്ള ആക്രമണം സംഘപരിവാറുകാര്‍ നടത്തിയത്.

കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യാനികളും ന്യൂനപക്ഷ വിഭാഗങ്ങളും പലവിധത്തില്‍ സംഘപരിവാറിന്റെ ആക്രമണത്തിന് വിധേയരാകുന്നത് നാടിന് അറിയാവുന്ന കാര്യമല്ലേ. എന്നാല്‍ കേരളം വര്‍ഗീയ സംഘര്‍ഷമില്ലാത്ത നാടായി നിലനില്‍ക്കുകയാണ്.

ഏതെങ്കിലും മതവിഭാഗത്തിന് ആ മതത്തില്‍ വിശ്വസിക്കുന്നു എന്നതുകൊണ്ടുള്ള എന്തെങ്കിലും പ്രയാസം ഇവിടെ അനുഭവിക്കേണ്ടി വരുന്നില്ല. അത്തരമൊരു സാഹചര്യം തങ്ങള്‍ അധികാരത്തിലുള്ളിടത്ത് സൃഷ്ടിക്കണം എന്നല്ലേ കേന്ദ്ര ആഭ്യന്തരമന്ത്രി പറയേണ്ടത്.

‘നോക്കൂ കേരളത്തെ, അവിടെയിതാ ഒരു വിഭജനവും ഇല്ലാതെ സുരക്ഷിതമായി ജനങ്ങള്‍ ജീവിക്കുന്നു’ എന്നല്ലേ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാക്കുകളില്‍ നിന്നും വരേണ്ടത്.

ഞാന്‍ അധികം പറയുന്നില്ലല്ലോ എന്ന് പറഞ്ഞല്ലോ, അദ്ദേഹം അധികമൊന്ന് പറഞ്ഞുനോക്കണം, അപ്പോള്‍ നമുക്കും അറിയാമല്ലോ എന്താണ് അദ്ദേഹത്തിന് പറയാനുള്ളതെന്ന്. എന്തിനാണ് അര്‍ധോക്തിയില്‍ നിര്‍ത്തുന്നത്?

ഈ രാജ്യത്ത് ക്രമസമാധാനനില ഏറ്റവും ഭദ്രമായ സംസ്ഥാനമല്ലേ കേരളം, മതനിരപേക്ഷത കൊടികുത്തി വാഴുന്ന സംസ്ഥാനമല്ലേ കേരളം, ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ അതാണോ സ്ഥിതി.

ഈ രാജ്യത്തുണ്ടാകുന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഭൂരിഭാഗവും സംഘപരിവാറിന്റെ ഭാഗത്ത് നിന്നാണ് ഉണ്ടാകുന്നത്. അത് അവസാനിപ്പിക്കാനല്ലേ നടപടികളുണ്ടാകേണ്ടത്.

നിങ്ങള്‍ക്കത് കഴിയുമോ? നിങ്ങള്‍ ആ സംഘര്‍ഷങ്ങളെയല്ലേ കൂടുതല്‍ കൂടുതല്‍ ആശ്രയിക്കുന്നത്. അതുപയോഗിച്ചല്ലേ നിങ്ങള്‍ ജീവല്‍പ്രശനങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നത്. നിങ്ങളുടെ കേന്ദ്ര ഭരണത്തിലൂടെ ജനങ്ങള്‍ക്കെതിരായ നീക്കങ്ങളല്ലേ നടക്കുന്നത്.

Content Highlight: CM Pinarayi Vijayan’s reply to Amit Shah over his comment against Kerala

We use cookies to give you the best possible experience. Learn more