| Thursday, 29th September 2022, 6:55 pm

അനാവശ്യ തിടുക്കം വേണ്ട, വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം, വേട്ടയാടല്‍ ഉണ്ടാകരുത് ; പോപ്പുലര്‍ ഫ്രണ്ട് നിരോധന നടപടികള്‍ നിയമപ്രകാരമാകണമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ നടപടികള്‍ നിയമപ്രകാരമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ
നിര്‍ദേശം. അനാവശ്യ തിടുക്കവും വീഴ്ചയും ഇക്കാര്യത്തില്‍ പാടില്ലെന്നും നടപടിയുടെ പേരില്‍ വേട്ടയാടല്‍ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കളക്ടര്‍മാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. സംഘടനയില്‍ പ്രവര്‍ത്തിച്ചവരെ തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയ ശേഷവും സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വൈകിയാണ് പുരോഗമിക്കുന്നത്. പ്രത്യക്ഷത്തിലുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ ഇതുവരെ കടന്നിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് സീല്‍ ചെയ്യുന്നതടക്കമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് കേന്ദ്ര വിജ്ഞാപനത്തില്‍ തുടര്‍നടപടിക്കായുള്ള ഉത്തരവ് തന്നെ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതിനുശേഷം ഡി.ജി.പിയുടെ സര്‍ക്കുലര്‍ കൂടി പുറത്തിറങ്ങിയാല്‍ മാത്രമേ പൊലീസിന് നടപടികളിലേക്ക് കടക്കാന്‍ സാധിക്കൂ. പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ഉന്നതതല യോഗത്തിന് ശേഷമാകും ഇനിയുള്ള തുടര്‍നടപടികള്‍ സംബന്ധിച്ച തീരുമാനത്തിലേക്കെത്തുക. ഇതിന് ശേഷം സര്‍ക്കുലര്‍ പുറത്തിറങ്ങുമെന്നാണ് സൂചന.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമസംഭവങ്ങളിലെ പ്രതികള്‍ക്ക് നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രം ജാമ്യം നല്‍കിയാല്‍ മതിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. 5.20 കോടി രൂപ കെട്ടിവെക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. രണ്ടാഴ്ചയ്ക്കുള്ളില്‍ തുക കെട്ടിവെച്ചാല്‍ മാത്രം ജാമ്യം നല്‍കിയാല്‍ മതിയെന്നും നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ബുധനാഴ്ചയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കൊണ്ട് കേന്ദ്ര നിര്‍ദേശം വന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യത്തെ പി.എഫ്.ഐ നേതാക്കളെയും ഓഫീസുകളേയും കേന്ദ്രീകരിച്ച് എന്‍.ഐ.എ റെയ്ഡ് നടത്തിവരികയായിരുന്നു. ഇതില്‍ ഇരുനൂറിലധികം നേതാക്കളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

ആദ്യഘട്ട റെയ്ഡ് നടന്ന് ദിവസങ്ങള്‍ക്ക് ശേഷം രണ്ടാം ഘട്ടമായി വീണ്ടും റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് പി.എഫ്.ഐയെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.

സംഘടന യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നും രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.

ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലര്‍ ഫ്രണ്ട് മാറി. ക്യാമ്പസ് ഫ്രണ്ട്, എന്‍.സി.എച്ച്.ആര്‍.ഒ, വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ക്കും നിരോധനമുണ്ട്.

Content Highlight: CM Pinarayi Vijayan’s Direction to Police Officers On Popular Front Ban Procedures

We use cookies to give you the best possible experience. Learn more