| Friday, 5th August 2022, 9:23 pm

തലശ്ശേരിയുടെ ചരിത്രത്തോടൊപ്പം നടന്ന വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: തലശ്ശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാല്‍പ്പാടുകള്‍ പതിപ്പിച്ചു നടന്ന വ്യക്തിയെയാണ് മാളിയേക്കല്‍ മറിയുമ്മയുടെ വേര്‍പാടിലൂടെ നമുക്ക് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടക്കന്‍ മലബാറില്‍ ഇംഗ്ലീഷ് വിദ്യാഭാസം നേടിയ മുസ്‌ലിം വനിത മാളിയേക്കല്‍ മറിയുമ്മയുടെ വേര്‍പാടില്‍ അനുശോചിക്കുകയായിരുന്നു മുഖ്യമന്ത്രി.

വാര്‍ധക്യ സംബന്ധമായ പ്രയാസങ്ങളെത്തുടര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 97 വയസ്സായിരുന്നു മറിയുമ്മക്ക്.

യാഥാസ്ഥിതികരുടെ വിലക്കുകള്‍ അവഗണിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി മറ്റുള്ളവര്‍ക്ക് വഴികാട്ടിയായിരുന്നു അവര്‍. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയും അവരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

എന്നും പുരോഗമന മനസ്സ് കാണിച്ച മാളിയേക്കല്‍ മറിയുമ്മ മതസാഹോദര്യത്തിന്റെ പ്രതീകമായി സ്വയം മാറി. അവരുടെ വേര്‍പാട് ഒരു നാടിനെയും പലതലമുറകളെയും ദുഃഖത്തിലാഴ്ത്തുന്നതാണെന്നും, ആ ദുഃഖത്തില്‍ പങ്കുചേരുന്നവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

1938-43 കാലത്ത് തലശേരി കോണ്‍വെന്റ് സ്‌കൂളിലെ ക്ലാസില്‍ ഏക മുസ്‌ലിം പെണ്‍കുട്ടിയായിരുന്നു മാളിയേക്കല്‍ മറിയുമ്മ. അന്നത്തെ സമുദായ പ്രമാണിമാരുടെ എതിര്‍പ്പുകള്‍ മറികടന്നായിരുന്നു മറിയുമ്മയുടെ വിദ്യാഭ്യാസം. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി അവര്‍ സഹിച്ച ത്യാഗം വളരെ വലുതാണ്.

സ്‌കൂളിലേക്ക് പോകുന്ന സമയത്ത് സമുദായ പ്രമാണിമാര്‍ കാര്‍ക്കിച്ച് തുപ്പുമായിരുന്നു. വലിയ മനപ്രയാസമാണ് അന്ന് മറിയുമ്മ അനുഭവിച്ചത്. എന്നാല്‍ മതപണ്ഡിതനും, ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പങ്കെടുത്ത ദേശീയവാദിയുമായ ഉപ്പ വിലക്കുകളെ തള്ളിക്കളഞ്ഞ് മകളെ സ്‌കൂളിലയച്ച് പഠിപ്പിച്ചു.

വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മറിയുമ്മ 1943 ല്‍ മിലിട്ടറി റിക്രൂട്ട്‌മെന്റ് ഏജന്റായ മായിന്‍ അലിയെ വിവാഹം കഴിച്ചു. തുടര്‍ന്ന് വിമന്‍ സൊസൈറ്റിയുണ്ടാക്കി സ്ത്രീധനത്തിനെതിരെ പോരാടി.

ദി ഹിന്ദു പത്രം ഈ പ്രായത്തിലും വായിച്ചിരുന്ന തലശേരിയിലെ മാളിയേക്കല്‍ മറിയുമ്മ, അവസാന കാലത്തും പത്രം വായന തുടര്‍ന്ന് പോന്നിരുന്നു. മാത്രമല്ല വീട്ടില്‍ എത്തുന്ന അതിഥികളോട് ഇംഗ്ലീഷിലായിരുന്നു മറിയുമ്മ സംസാരിച്ചിരുന്നത്.

Content Highlight: CM Pinarayi VIjayan’s condolence about Maliyekkal Mariyumma

We use cookies to give you the best possible experience. Learn more