| Friday, 15th May 2020, 6:49 pm

'ക്വാറന്റീനില്‍ കേരളത്തിന് ആശയക്കുഴപ്പങ്ങളില്ല, പെയ്ഡ് ക്വാറന്റീനും ആലോചനയില്‍'; അപര്യാപ്തത ആരോപിച്ച കേന്ദ്രമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ ക്വാറന്റീന്‍ സംവിധാനത്തില്‍ അപര്യാപ്തതയുണ്ടെന്ന് ആരോപിച്ച വിദേശ കാര്യ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്വാറന്റീന്‍ കാര്യത്തില്‍ സംസ്ഥാനത്തിന് ആശയക്കുഴപ്പങ്ങളില്ല. സര്‍ക്കാര്‍ ഫലപ്രദമായി ക്വാറന്റീന്‍ നടപ്പിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് നിലവില്‍ നിരീക്ഷണത്തിലുള്ള 48,825 ആളുകളില്‍ 48,287 പേരും വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. സംസ്ഥാനത്തിന്റെ സവിശേഷ സാഹചര്യത്തില്‍ ഹോം ക്വാറന്റീന്‍ വിജയകരമായി നടപ്പിലാക്കാന്‍ കഴിയുന്നുണ്ട്. രോഗത്തെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതിന്റെ പ്രധാന കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സാഹചര്യത്തില്‍ പെയ്ഡ് ക്വാറന്റീനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. രോഗലക്ഷണങ്ങളില്‍ ഇല്ലാത്തവരെ പണം നല്‍കി ഉപയോഗിക്കാവുന്ന പെയ്ഡ് ക്വാറന്റീനില്‍ പ്രവേശിപ്പിക്കാനാണ് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ കാലാവധിയില്‍ ഇളവ് അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റീനും ഏഴ് ദിവസം ഹോം ക്വാറന്റീനും എന്നായിരുന്നു സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് തള്ളിയ കേന്ദ്രം 14 ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണെന്നാണ് വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചത്.

ഈ ആവശ്യമുന്നയിച്ചതോടെയാണ് സംസ്ഥാനസര്‍ക്കാരിനെതിരെ വി മുരളാധരന്‍ രംഗത്തെത്തിയത്. സര്‍ക്കാര്‍ ക്വാറന്റീന്‍ 14 ദിവസം എന്ന കേന്ദ്ര നിര്‍ദ്ദേശം എന്തിനാണ് സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറക്കാന്‍ ആലോചിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശം. കേരളം വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തുന്നില്ലെന്നും സ്വയം കണ്ണടച്ച് ഇരുട്ടാക്കുകയാണ് പിണറായി വിജയന്‍ എന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more