സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്ത്യശാസനം പുറപ്പെടുവിച്ചതില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിങ്കളാഴ്ച രാവിലെ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഒരു പ്രത്യേക സാഹചര്യം കാരണമാണ് ഇങ്ങനെയൊരു പത്രസമ്മേളനം നടത്തേണ്ടിവന്നത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രി സംസാരം ആരംഭിച്ചത്.
”രാജ്യത്ത് കാര്യങ്ങള്‍ നടക്കുന്നത് ഭരണഘടനയും നിയമങ്ങളും അനുസരിച്ചാണ്. അതിന് വിരുദ്ധമായ പ്രവണതയുണ്ടായാല്‍ സ്വാഭാവികമായും പ്രതികരണവുമുണ്ടാകും.
അത്തരത്തില്‍ കേരളത്തില്‍ ചില കാര്യങ്ങള്‍ നടത്താന്‍ ഗവര്‍ണര്‍ അസ്വാഭാവികമായ തിടുക്കവും ഉത്സാഹവും കാണിക്കുകയാണ്. നിയമവും നീതിയും നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാന തത്വങ്ങള്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മറക്കുന്നു.
അതിന്റെ ഭാഗമായാണ് വി.സിമാരോട് രാജി വെക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്യുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്.
ഇത്തരത്തിലുള്ള അമിതാധികാര പ്രവണതകള്‍ അംഗീകരിച്ച് കൊടുക്കാനാകില്ല. ഗവര്‍ണര്‍ പദവി സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലുമാക്കാനും സര്‍ക്കാരിനെതിരായി നീക്കം നടത്താനുമുള്ളതല്ല.
ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. സര്‍വകലാശാലകള്‍ക്ക് നേരെ നശീകരണബുദ്ധിയോടെയുള്ള യുദ്ധമാണ് ഗവര്‍ണര്‍ നടത്തുന്നത്. എന്തിന് വേണ്ടിയാണ് ഈ ആക്രമണം? രാഷ്ട്രീയ ലക്ഷ്യങ്ങളല്ലാതെ മറ്റെന്താണ് ഇതിന് പിന്നില്‍?
യു.ജി.സി ചട്ടങ്ങള്‍ പാലിക്കാതെയാണ് ഈ ഒമ്പത് സര്‍വകലാശാലകളിലും വി.സി നിയമനങ്ങള്‍ നടന്നതെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഈ സര്‍വകലാശാലകളിലെല്ലാം ഗവര്‍ണറാണ് നിയമനാധികാരി. വി.സി നിയമനങ്ങള്‍ ചട്ടവിരുദ്ധമാണെങ്കില്‍ അതിന്റെ പ്രാഥമിക ഉത്തരവാദിത്തം ഗവര്‍ണര്‍ക്ക് തന്നെയാണ്.
ഗവര്‍ണറുടെ തന്നെ ലോജിക്ക് പ്രകാരം പദവിയില്‍ നിന്ന് ഒഴിയേണ്ടത് വി.സിമാരാണോ അല്ലയോ എന്ന് ആലോചിക്കുന്നത് നല്ലതാണ്,” മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, തിങ്കളാഴ്ച രാവിലെ 11.30നകം വി.സിമാര്‍ രാജിവയ്ക്കണമെന്നാണ് ഗവര്‍ണര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
യു.ജി.സി ചട്ടങ്ങള്‍ പാലിക്കാതെ നടന്ന വി.സി നിയമനങ്ങള്‍ക്ക് എതിരായ കോടതി വിധിയുടെ മറപിടിച്ചാണ് ഗവര്‍ണര്‍ അസാധാരാണമായ നടപടി എടുത്തിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ ഇത്രയും അധികം വി.സിമാരോട് രാജിവെക്കാന്‍ ഒരു ഗവര്‍ണര്‍ നിര്‍ദേശിക്കുന്നത്.
കേരള, എംജി, കൊച്ചി, കണ്ണൂര്‍, കാലിക്കറ്റ്, ഫിഷറീസ്, ശ്രീശങ്കരാചാര്യ, സാങ്കേതിക, സംസ്‌കൃതം, മലയാളം എന്നീ സര്‍വകലാശാലകളിലെ വി.സിമാരോടാണ് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
Content Highlight: CM Pinarayi Vijayan reply to governor Arif Mohammad Khan