| Wednesday, 12th August 2020, 8:03 pm

ശൈലജ ടീച്ചര്‍, ഹനാന്‍, മേഴ്‌സിക്കുട്ടിയമ്മ, എ.കെ.ജി, ബെന്യാമിന്‍, കെ.ആര്‍ മീര...; സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള ഒറ്റച്ചോദ്യത്തിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സൈബര്‍ ആക്രമണങ്ങളില്‍ ഇരട്ടത്താപ്പ് സ്വീകരിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് മുഖ്യമന്ത്രി പിണറായി വിജയന്‍. സൈബറിടങ്ങളില്‍ സി.പി.ഐ.എമ്മിന്റെ ചിത്രവധമെന്ന ചെന്നിത്തലയുടെ ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘സൈബര്‍ ആക്രമണങ്ങളില്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഒരാള്‍ക്കുമെതിരെ വ്യക്തിപരമായ ഒരാക്രമണവും ഉണ്ടാകരുത്. അത് സൈബര്‍ സ്‌പേസിലായാലും മീഡിയാ സ്‌പേസിലായാലും ഈ നിലപാട് തന്നെയാണ്.’

കോണ്‍ഗ്രസിന്റെ എം.എല്‍.എമാര്‍ പോലും സൈബറിടങ്ങളില്‍ മോശമായാണ് പെരുമാറുന്നതെന്നും ചെന്നിത്തല ആദ്യം അവരെ തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രതികരണം:

സൈബര്‍ ആക്രമണങ്ങളില്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഒരാള്‍ക്കുമെതിരെ വ്യക്തിപരമായ ഒരാക്രമണവും ഉണ്ടാകരുത്. അത് സൈബര്‍ സ്‌പേസിലായാലും മീഡിയാ സ്‌പേസിലായാലും ഈ നിലപാട് തന്നെയാണ്.

കുറച്ചുദിവസങ്ങള്‍ മുന്‍പുള്ള കാര്യങ്ങളെടുത്താല്‍ കുറെക്കാര്യങ്ങള്‍ ഓര്‍മ്മ വരുമല്ലോ. സൈബര്‍ ആക്രമണത്തിന്റെ കാര്യം വരുമ്പോള്‍ ഒരുവശം മാത്രം എടുത്താല്‍ പോരല്ലോ. എല്ലാവശങ്ങളും എടുക്കണമല്ലോ.

ശൈലജ ടീച്ചര്‍ നമ്മുടെ സംസ്ഥാനത്ത് തന്നിലര്‍പ്പിതമായ ഉത്തരവാദിത്വം നല്ല രീതിയില്‍ നിര്‍വഹിക്കാന്‍ ശ്രമിക്കുന്ന ഒരു മന്ത്രിയാണ്. പൊതുസമൂഹത്തില്‍ അതുമായി ബന്ധപ്പെട്ട് നല്ല അഭിപ്രായവുമുണ്ട്.

അങ്ങനെ വന്നപ്പോള്‍ എന്തൊരു അസഹിഷ്ണുതയായിരുന്നു ചിലര്‍ക്ക്. ശൈലജ ടീച്ചറെ ഡാന്‍സര്‍ എന്ന് വിളിച്ചത് ആരായിരുന്നു. അത് ചെറിയ സ്ഥാനത്തിരിക്കുന്ന ആളല്ലാല്ലോ. കെ.പി.സി.സി പ്രസിഡണ്ട് പദവി എന്നത് ചെറിയ സ്ഥാനമാണോ. അതേപോലെ തന്നെ ടീച്ചര്‍ക്ക് മീഡിയാ മാനിയ ആണ് എന്ന് പറഞ്ഞത് ആരായിരുന്നു- പ്രതിപക്ഷനേതാവല്ലേ.

സോഷ്യല്‍മീഡിയയില്‍ ശൈലജ ടീച്ചറെ അപമാനിക്കാനും മോര്‍ഫ് ചെയ്യാനുമായി യു.ഡി.എഫിന്റെ സൈബര്‍ പോരാളികള്‍ ഫേസ്ബുക്കില്‍ ഗ്രൂപ്പുണ്ടാക്കിയില്ലേ.

അത്യന്തം മോശമായ പോസ്റ്റുകള്‍ ചിത്രങ്ങളായി പ്രദര്‍ശിപ്പിച്ചില്ലേ. കഴിഞ്ഞ മാസമാണ് മേഴ്‌സിക്കുട്ടിയമ്മ കോണ്‍ഗ്രസിന്റേയും ലീഗിന്റേയും ഭീകരമായ സൈബര്‍ തെറിവിളികള്‍ക്ക് ഇരയായത്. അസഭ്യവര്‍ഷം കൊണ്ടല്ലേ നേരിട്ടത്.

കൊറോണക്കാലത്ത് ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ സൈബര്‍ ആക്രമണത്തിന് ഇരയായില്ലേ. അതിന് നേതൃത്വം നല്‍കിയതോ കോണ്‍ഗ്രസിലെ ഒരു യുവ എം.എല്‍.എയല്ലേ.

എഴുത്തുകാരി കെ.ആര്‍ മീരയെ ഒരു യുവ കോണ്‍ഗ്രസ് എം.എല്‍.എ അധിക്ഷേപിച്ചത് കുറച്ച് നാളുകള്‍ക്ക് മുന്‍പാണ്. അതിന് ശേഷം തന്റെ കീഴിലുള്ള സൈബര്‍ ടീമിന് തെറിവിളിക്കാന്‍ പ്രോത്സാഹനവും നല്‍കി. അങ്ങേയറ്റം നിലവാരമില്ലാതെയല്ലേ ആ എം.എല്‍.എ മീരയെ ആക്ഷേപിച്ചത്.

ലോകം തന്നെ ആദരിക്കുന്ന നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയെ അധിക്ഷേപിക്കുക മാത്രമല്ല തന്റെ സംഘങ്ങള്‍ക്ക് അദ്ദേഹത്തെ ആക്ഷേപിക്കാന്‍ പ്രോത്സാഹനം നല്‍കുന്നത് നമ്മള്‍ കണ്ടില്ലേ. അതിനെ വിമര്‍ശിച്ച കെ.പി.സി.സി പ്രസിഡണ്ടിനെതിരെയും സൈബര്‍ ആക്രമണം ഉണ്ടായില്ലേ

ഫേസ്ബുക്കില്‍ കേട്ടലറയ്ക്കുന്ന അസഭ്യവര്‍ഷം നടത്തിയതിനാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെ ഒരു വനിത ഈ അടുത്ത് കേസ് നല്‍കിയത്.

അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാ് ഹനാന്‍ എന്ന പെണ്‍കുട്ടി മേഴ്‌സിക്കുട്ടിയമ്മയും മീരയും നേരിട്ടതിനേക്കാള്‍ അതിഭീകരമായ അശ്ലീലം പറഞ്ഞുള്ള തെറിവിളികള്‍ക്ക് വിധേയയായത്. പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ചു എന്നതാണ് ചാര്‍ത്തപ്പെട്ട കുറ്റം. പ്രതിപക്ഷ നേതാവ് പണിത് തന്നെ വീട്ടിലിരുന്നു അതേ ആളെ വിമര്‍ശിക്കാന്‍ നാണമില്ലേ എന്ന് പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. അത് പുരോഗമിച്ചാണ് അശ്ലീലതയിലേക്ക് നീണ്ടത്.

നമ്മുടെ നാടും ലോകവും നിപയെ തുരത്തുന്നതിന് നാം നടത്തിയ പ്രവര്‍ത്തനത്തിടയ്ക്ക് ജീവന്‍ ത്യജിച്ച ലിനിയെ ഓര്‍ക്കാറുണ്ടല്ലോ. അവരുടെ കുടുംബത്തെ സോഷ്യല്‍മീഡിയയിലും പുറത്തും വേട്ടയാടാനുള്ള ശ്രമം നടന്നത് നമ്മള്‍ മറന്നുപോയോ.

ലിനിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്ന സ്ഥലത്തേക്ക് മാര്‍ച്ച് നടത്തിയില്ലേ.

എന്താണ് മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥ. ന്യൂസ് 18 ലെ ഒരു അവതാരകയെ എന്തുമാത്രം കേട്ടാലറയ്ക്കുന്ന അധിക്ഷേപമാണ് ഇക്കൂട്ടര്‍ നടത്തിയത്. ഒടുവില്‍ ചാനലിനെതിരേയും ഭീഷണി വന്നു. അപ്പോള്‍ ആ അവതാരകയെ പ്രൈം ടൈം ന്യൂസില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന അവസ്ഥ ഉണ്ടായില്ലേ.

ഏഷ്യാനെറ്റിലെ ഒരു അവതാരകയ്‌ക്കെതിരെ ഒരു കോണ്‍ഗ്രസ് പേജില്‍ വാര്‍ത്ത വന്നില്ലേ. ഇതിന്റെ ഭാഗമായി ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അവരെ ജയിലില്‍ പോയി സ്വീകരിച്ചത് നമ്മള്‍ കണ്ടില്ലേ. മനോരമയിലെ ഒരു അവതാരകയ്‌ക്കെതിരേയും ഉണ്ടായില്ലേ കേട്ടാലറയ്ക്കുന്ന തരത്തില്‍ ലൈംഗികചുവയുള്ള അധിക്ഷേപങ്ങള്‍. അന്ന് പലര്‍ക്കും പ്രയാസം തോന്നിയല്ലോ. എത്ര മാധ്യമങ്ങളാണ് അതിനെതിരെ പ്രതിഷേധിക്കാന്‍ തയ്യാറായത്.

ഏത് കൂട്ടരാണ് അതിനെതിരെ ചര്‍ച്ച നടത്താന്‍ തയ്യാറായത്. ആ ഒരു ഇരട്ടത്താപ്പിന്റെ വശം ഞാന്‍ നേരത്തെ ചൂണ്ടിക്കാണിച്ചതാണ്. ഇങ്ങനെ അസഭ്യവര്‍ഷത്തില്‍ പൂണ്ടുവിളയാടുന്നവരാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ അണികള്‍. പ്രതിപക്ഷ നേതാവ് സ്വന്തം അണികളോട് പറഞ്ഞില്ലെങ്കിലും സ്വന്തം എം.എല്‍.എമാരോടെങ്കിലും മാന്യമായി സോഷ്യല്‍ മീഡിയയില്‍ ഇടപെടാന്‍ പറയണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinaray Vijayan on Cyber Attack

Latest Stories

We use cookies to give you the best possible experience. Learn more