| Friday, 11th September 2020, 9:37 pm

വര്‍ഗീയശക്തികളുടെ ആക്രമണങ്ങള്‍ പലവട്ടം ഉണ്ടായി, സ്വാമി കാവിയെ ത്യാഗത്തിന്റെ നിറമായാണ് കണ്ടത്; സ്വാമി അഗ്നിവേശിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വാമി അഗ്നിവേശിന്റെ മരണത്തില്‍ അനുശേചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യനീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും മതനിരപേക്ഷതക്കും വേണ്ടി ജീവിതകാലം മുഴുവന്‍ നിര്‍ഭയമായി പോരാടിയ മനുഷ്യസ്നേഹിയായിരുന്നു സ്വാമി അഗ്നിവേശ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തിലെ ജാതീയവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച വ്യക്തി ആയിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്യസമാജിലൂടെ ആത്മീയതയിലേക്കും അവിടെനിന്ന് സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളിലേക്കും കടന്നുവന്ന സ്വാമി അഗ്നിവേശ് കാര്‍ഷികരംഗത്തെ അടിമപ്പണിക്കെതിരായ പോരാട്ടത്തിലൂടെ ദേശീയതലത്തില്‍ ശ്രദ്ധേയനായി. സതി അടക്കമുള്ള അനാചാരങ്ങള്‍ക്കെതിരെയും സ്ത്രീവിരുദ്ധ വിവേചനങ്ങള്‍ക്കെതിരെയും തെരുവിലിറങ്ങി പോരാടിയ സമരോത്സുക ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

അടിച്ചമര്‍ത്തപ്പെട്ടവരുടെയും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെയും സാമൂഹിക അവശതകള്‍ നീക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനും ത്യാഗപൂര്‍ണമായ പോരാട്ടമാണ് അദ്ദേഹം നടത്തിയത്. മതസൗഹാര്‍ദ്ദത്തിനും സമുദായ മൈത്രിക്കും വേണ്ടി നിലകൊണ്ട അദ്ദേഹത്തിനെതിരെ വര്‍ഗീയശക്തികളുടെ ആക്രമണങ്ങള്‍ പലവട്ടം ഉണ്ടായി. അതില്‍ തളരാതെ വര്‍ഗീയതക്കെതിരായ നിരന്തര പോരാട്ടത്തില്‍ വ്യാപൃതനാവുകയായിരുന്നു അഗ്നിവേശ്. പൂര്‍ണ കാഷായ വസ്ത്രധാരിയായ സ്വാമി കാവിയെ ത്യാഗത്തിന്റെ നിറമായാണ് കണ്ടത്.

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനങ്ങളില്‍ വരെ അധസ്ഥിതരുടെ ഉന്നമനത്തിനുവേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തി. ആത്മീയതയെ സാമൂഹ്യ ശാസ്ത്ര പരമായി നിര്‍വചിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. ഇന്ത്യന്‍ സംസ്‌കൃതി വര്‍ഗീയ വ്യാഖ്യാനങ്ങളാല്‍ വക്രീകരിക്കപ്പെടുന്നതിനെതിരായ ഉറച്ച നിലപാടുകള്‍ കൊണ്ട് ആ പുസ്തകങ്ങള്‍ ശ്രദ്ധേയമായി. ഇന്ത്യന്‍ മതനിരപേക്ഷതയ്ക്കും മനുഷ്യാവകാശ സംരക്ഷണ പ്രസ്ഥാനങ്ങള്‍ക്കും സാമൂഹ്യ നവോത്ഥാന സംരംഭങ്ങള്‍ക്കും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും നികത്താനാവാത്ത നഷ്ടമാണ് സ്വാമി അഗ്നിവേശിന്റെ വിയോഗമെന്നും മുഖ്യമന്ത്രി തന്റെ അനുശോചനകുറിപ്പില്‍ പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ടാണ് സ്വാമി അഗ്നിവേശ് അന്തരിച്ചത്. ദില്ലിയിലെ ആശുപത്രിയിലായിരുന്നു സ്വാമി അഗ്‌നിവേശിന്റെ അന്ത്യം. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബൈലറി സയന്‍സില്‍ ചികിത്സയിലായിരുന്നു.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര തകരാര്‍ സംഭവിച്ചെന്ന് നേരത്തെ മെഡിഡക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങിയിരുന്നു. ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: CM Pinarayi vijayan remembers Swami Agnivesh

We use cookies to give you the best possible experience. Learn more