രോഗാവസ്ഥയിലും കേരളത്തിന്റെ മുക്കിലും മൂലയിലും ഉമ്മന്‍ ചാണ്ടിയെത്തി; പ്രത്യേകമായ നേതൃവൈഭവം പ്രകടിപ്പിച്ചു: മുഖ്യമന്ത്രി
Kerala News
രോഗാവസ്ഥയിലും കേരളത്തിന്റെ മുക്കിലും മൂലയിലും ഉമ്മന്‍ ചാണ്ടിയെത്തി; പ്രത്യേകമായ നേതൃവൈഭവം പ്രകടിപ്പിച്ചു: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th July 2023, 5:27 pm

തിരുവനന്തപുരം: അതികഠിനമായ രോഗാവസ്ഥയിലും കേരളത്തിന്റെ മുക്കിലും മൂലയിലുമെല്ലാം എത്തിപ്പെടുന്ന ഉമ്മന്‍ ചാണ്ടിയെ നമുക്ക് കാണാമായിരുന്നുവെന്നും അതാണ് ഉമ്മന്‍ ചാണ്ടിയുടെ മഹത്വമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളില്‍ നടന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രോഗബാധിതനായ ശേഷവും അദ്ദേഹം തന്നില്‍ അര്‍പ്പിതമായ ജോലി ചെയ്‌തേ തീരൂവെന്ന വാശി പ്രകടിപ്പിച്ച് കണ്ടുവെന്നും പിണറായി വിജയന്‍ അനുസ്മരിച്ചു. ‘ചികിത്സക്ക് ശേഷം ഒരു പൊതു ചടങ്ങില്‍ വെച്ച് ഒരിക്കല്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടപ്പോള്‍ അദ്ദേഹത്തില്‍ നല്ല പ്രസരിപ്പ് കണ്ടിരുന്നു. നല്ല മാറ്റമാണല്ലോ വന്നിട്ടുള്ളതെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ചികിത്സിച്ച ഡോക്ടറെ കുറിച്ച് ഉമ്മന്‍ ചാണ്ടി എനിക്ക് പറഞ്ഞുതന്നു.

ഞാന്‍ ആ ഡോക്ടറെ വിളിച്ച് അനുമോദനവുമറിയിച്ചു. അപ്പോള്‍ ആ ഡോക്ടര്‍ എന്നോട് പറഞ്ഞത്, ഞാന്‍ പറയുന്നതെല്ലാം അനുസരിക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാവുമോയെന്നറിയില്ല എന്നായിരുന്നു. വിശ്രമിക്കണമെന്ന് ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ വിശ്രമം ഉമ്മന്‍ ചാണ്ടിയുടെ കൂടപ്പിറപ്പല്ലല്ലോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം,’ മുഖ്യമന്ത്രി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേകത പുതുപ്പള്ളി നിയമസഭാ മണ്ഡലത്തെ 53 വര്‍ഷത്തോളം അദ്ദേഹം തുടര്‍ച്ചയായി നയിച്ചുവെന്നതാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങള്‍ ഒന്നിച്ചാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും എനിക്ക് ചില ഗ്യാപ്പുകളുണ്ടായി. എന്നാല്‍ ഉമ്മന്‍ ചാണ്ടി അദ്ദേഹത്തിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോയി. ഉമ്മന്‍ ചാണ്ടി നല്ല രാഷ്ട്രീയ പ്രവര്‍ത്തകനാണെന്ന് തെളിയിക്കപ്പെട്ടു. ശോഭിക്കുന്ന ഭരണാധികാരിയാണ് അദ്ദേഹമെന്ന് തെളിയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിപുലമായ അനുഭവ പരിജ്ഞാനം കേരളത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്തു.

അദ്ദേഹം പിന്നീട് രണ്ട് തവണ മുഖ്യമന്ത്രിയായതും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരളത്തിലെ ഏറ്റവും ചലിക്കുന്ന നേതാവായും മാറുന്നതുമാണ് നമ്മള്‍ കണ്ടത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അദ്ദേഹത്തിനുണ്ടായ സ്വീകാര്യത അദ്ദേഹത്തിന്റെ നേതൃത്വശേഷിയുടെ സവിശേഷത തന്നെയായിരുന്നു. യു.ഡി.എഫിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറുന്നതും നാം കണ്ടു. ഇതിനെല്ലാം ഒരു പ്രത്യേകമായ നേതൃവൈഭവം അദ്ദേഹം പ്രകടിപ്പിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിക്കും യു.ഡി.എഫിനും കനത്ത തോതിലുള്ള നഷ്ടമാണ് വരുത്തിയത്. പെട്ടെന്നൊന്നും നികത്താവുന്ന വിയോഗമല്ല അത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഖിതരായിരിക്കുന്ന കുടുംബത്തോടും ബന്ധുമിത്രാദികളോടും പാര്‍ട്ടിയോടും മുന്നണിയോടും ഒപ്പം പങ്കുചേരുന്നു. അദ്ദേഹത്തിന്റെ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു,’ പിണറായി വിജയന്‍ പറഞ്ഞു.

Content Highlights: CM pinarayi vijayan remembers oommen chandy as a perfect leader