| Monday, 3rd December 2018, 5:03 pm

നവോത്ഥാന സംഘടനകളോട് ചെന്നിത്തലയ്ക്ക് പുച്ഛം; പ്രതിപക്ഷത്തിന് സ്വന്തമായി ഒരു കാഴ്ചപ്പാട് വേണമെന്നും മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സമുദായിക സംഘടനകളെ ഒപ്പം കൂട്ടി നവോത്ഥാന സംരക്ഷണത്തിനായി വനിതാ മതില്‍ തീര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി. ക്ഷണം സ്വീകരിച്ചെത്തിയ സംഘടനാനേതാക്കളെ അടച്ചാക്ഷേപിക്കുന്ന നിലപാട് ചെന്നിത്തല ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ചെന്നിത്തലയുടേത് നവോത്ഥാന ചരിത്രത്തിന് എതിരായ കുറ്റകൃത്യമെന്നും പ്രതിപക്ഷ നേതാവ് സാമാന്യ മര്യാദയുടെ സീമകള്‍ ലംഘിച്ചെന്നും വാര്‍ത്താസമ്മേളനത്തില്‍ പിണറായി കുറ്റപ്പെടുത്തി. നവോത്ഥാന സംഘടനകളോട് ചെന്നിത്തലയ്ക്ക് പുച്ഛമനോഭാവമെന്നും ജാതി സംഘടനകള്‍ എന്ന് വിളിച്ചത് ധിക്കാരപരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : ആര്‍.എസ്.എസിന്റെ ഒക്കച്ചങ്ങാതിമാരാണ് കോണ്‍ഗ്രസെന്ന് പിണറായി; ആഭ്യന്തരം വത്സന്‍ തില്ലങ്കേരിയുടെ കയ്യിലെന്ന് ചെന്നിത്തല; സഭയില്‍ രൂക്ഷവാക്‌പോരുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

നവോത്ഥാന മൂല്യങ്ങളെ തള്ളുന്നതില്‍ ആര്‍.എസ്.എസിന്റെ നിലപാടും കോണ്‍ഗ്രസിന്റെ നിലപാടും ഒരുമിക്കുന്നു. ജാതി സംഘടനകളെന്ന് വിളിച്ച് അദ്ദേഹം നവോത്ഥാന സംഘടനകളെ ആക്ഷേപിച്ചു.വനിതാ മതില്‍ പൊളിക്കുമെന്ന ചെന്നിത്തലയുടെ നിലപാട് സ്ത്രീവിരുദ്ധമാണ്. പുരുഷ മേധാവിത്വ മനോഘടനയാണിത്. ഭരണഘടനക്കും സുപ്രിംകോടതി വിധിക്കും എതിരാണിതെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിളിച്ച കേരളത്തെ ഇന്ന് കാണുന്ന കേരളമാക്കി മാറ്റിയ വിവിധ പ്രസ്ഥാനങ്ങളോടും ഗുരുശ്രേഷ്ഠന്മാരോടുമുള്ള അവഗണനയാണിത്. കേരളത്തിലെ കോണ്‍ഗ്രസിലെയും മുന്നണിയിലെയും മറ്റുള്ളവര്‍ക്കും ഇതേ നിലപാടാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Read Also :ഹാദിയയുടെ തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു എന്ന് പറഞ്ഞ ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി. സുഗതന്‍ വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനര്‍

വനിതാ മതിലിനെ ജാതി സംഘടനകളുടെ സമ്മേളനമെന്ന് താഴ്ത്തിക്കെട്ടുകയാണ്. സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ മുന്നോട്ട് വന്നതാണ് വനിതാ മതിലെന്ന ആശയം. സര്‍ക്കാര്‍ ഇത്തരമൊന്ന് യോഗത്തില്‍ അവതരിപ്പിച്ചിട്ടില്ല. യോഗത്തിലെ പൊതു വികാരത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടു വന്ന നിലപാടായിരുന്നു ഇത്.

സ്വന്തമായി ഒരു കാഴ്ചപ്പാട് പ്രതിപക്ഷത്തിന് വേണമെന്ന് ജനം കരുതുന്നു. സഭാ നടപടികളുമായി സഹകരിക്കുമെന്ന് പറഞ്ഞവര്‍ സഭ സ്തംഭിപ്പിക്കാന്‍ നടക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രി തള്ളി. ഒരു തരത്തിലുള്ള തടസ്സവുമുണ്ടാകില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പത്രസമ്മേളനങ്ങള്‍ എല്ലാ മാധ്യമങ്ങള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഔദ്യോഗിക പരിപാടികളില്‍ എന്‍ട്രിപാസുകളും അക്രഡിറ്റേഷനും ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമുണ്ടാകും. ഇപ്പോള്‍ വന്ന ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹാദിയയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട സി.പി സുഗതന്‍ വനിതാ മതിലിന്റെ സമിതി അംഗമായത് സംബന്ധിച്ച് എല്ലാ സംഘടനകളെയും ഉള്‍ക്കൊണ്ട് പോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

We use cookies to give you the best possible experience. Learn more