| Thursday, 16th April 2020, 6:54 pm

ഹോട്ട് സ്‌പോട്ടുകളുടെ കാര്യത്തില്‍ കേരളത്തിന്റെ തീരുമാനം ഇങ്ങനെ; ജില്ല തിരിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര ലിസ്റ്റ് അനുസരിച്ച് കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളെയാണ് ഹോട്‌സ്‌പോട്ടുകളായി കണക്കാക്കിയത്. കോവിഡ് പോസിറ്റീവായി ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം നോക്കിയാല്‍ കാസര്‍കോട് 61, കണ്ണൂര്‍ 45, മലപ്പുറം 9 ഈ തരത്തിലാണ് ഉള്ളത്. മൂന്ന് ജില്ലകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസ് 9 എണ്ണമുള്ള കോഴിക്കോട് ആണ്. നാലു ജില്ലകളും ചേര്‍ത്ത് ഒരു മേഖല ആക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് സംസ്ഥാന സര്‍ക്കാരിന്. ഇതു കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. നാലിടങ്ങളിലും ലോക്ഡൗണ്‍ ഇളവില്ലാതെ തുടരണം. മേയ് 3 വരെ ലോക്ഡൗണ്‍ കര്‍ശനമായി തുടരും. ഇതില്‍ കോഴിക്കോട് ഉള്‍പ്പെടുത്തുന്നതിനു മറ്റുപ്രശ്‌നങ്ങളില്ല. കേന്ദ്രം ഹോട്‌സ്‌പോട്ടായി കണക്കാക്കിയ ചില ജില്ലകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നതിനു കേന്ദ്ര അനുമതി വാങ്ങണം. ഈ ജില്ലകളില്‍ തീവ്രരോഗബാധയുള്ള ഹോട്‌സ്‌പോട്ട് പ്രത്യേകം കണ്ടെത്തും. വില്ലേജുകളുടെ അതിര്‍ത്തി അടക്കും. എന്‍ട്രി പോയിന്റും എക്‌സിറ്റ് പോയിന്റും ഉണ്ടാകും. മറ്റു വഴികള്‍ അടയ്ക്കും.

അടുത്ത മേഖലയായി കാണുന്നത് 6 കേസുള്ള പത്തനംതിട്ട, 3 കേസുള്ള എറണാകുളം, 5 കേസുള്ള കൊല്ലം എന്നീ ജില്ലകളെയാണ്. ഇതില്‍ ഹോട്‌സ്‌പോട്ടായി കേന്ദ്രസര്‍ക്കാര്‍ കണക്കാക്കിയ പത്തനംതിട്ടയും എറണാകുളവുമുണ്ട്. ഈ ജില്ലകളില്‍ രോഗികളുടെ എണ്ണം കുറവായതിനാലാണ് പ്രത്യേക വിഭാഗമാക്കി ഈ മൂന്നു ജില്ലകളെ കണക്കാക്കുന്നത്. 3 ജില്ലകളില്‍ ഏപ്രില്‍ 24 വരെ കടുത്ത ലോക്ഡൗണ്‍ തുടരും. ഹോട്‌സ്‌പോട്ട് പ്രദേശങ്ങള്‍ കണ്ടെത്തി അടച്ചിടും. 24 കഴിഞ്ഞാല്‍ സാഹചര്യം അനുകൂലമാണെങ്കില്‍ ചില ഇളവുകള്‍ അനുവദിക്കും.

മൂന്നാമത്തെ മേഖലയായി നിര്‍ദേശിക്കുന്നത് ആലപ്പുഴ (3), തിരുവനന്തപുരം (2), പാലക്കാട് (2), തൃശൂര്‍ (1), വയനാട് (1) എന്നീ ജില്ലകളെയാണ്. ഇതില്‍ ഹോട്‌സ്‌പോട്ടായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച തിരുവനന്തപുരം ഉണ്ട്. തിരുവനന്തപുരം ജില്ലയുടെ പോസിറ്റീവായ കേസുകളെടുത്താല്‍ 2 പേര്‍ മാത്രമാണ് ഉള്ളത്. മൂന്നാമത്തെ ഗണത്തില്‍ തിരുവനന്തപുരം വരുന്നതാണ് നല്ലതാണെന്നാണ് അഭിപ്രായം. ഈ മേഖലയില്‍ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. മറ്റെല്ലാ നിയന്ത്രണങ്ങളും ബാധകമായിരിക്കും. അതിര്‍ത്തികളെല്ലാം അടഞ്ഞുകിടക്കും. ഇവിടങ്ങളിലുമുള്ള ഹോട്‌സ്‌പോട്ടായ പ്രദേശങ്ങള്‍ അടച്ചിടും. കടകള്‍, റസ്റ്റോറന്റ് എന്നിവ വൈകിട്ട് 7 മണിവരെ അനുവദിക്കാം.

പോസിറ്റീവ് കേസുകളില്ലാത്ത കോട്ടയവും ഇടുക്കിയും മറ്റൊരു മേഖലയാണ്. സംസ്ഥാന അതിര്‍ത്തിയുണ്ട് എന്നതുകൊണ്ട് ഇടുക്കിയില്‍ കൂടുതല്‍ ജാഗ്രത വേണം. രണ്ടിടത്തും ജില്ല വിട്ടു യാത്ര അനുവദിക്കില്ല. സുരക്ഷയോടെ സാധാരണ ജീവിതം അനുവദിക്കാം. എന്നാല്‍ മറ്റു നിയന്ത്രണങ്ങളെല്ലാം ബാധകമായിരിക്കും. എവിടെ ആയാലും പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കുക. കോവിഡ് പ്രതിരോധ നടപടികള്‍ വിജയിപ്പിക്കാന്‍ ഓരോ ജില്ലയ്ക്കും പ്രത്യേകമായ രോഗപ്രതിരോധ പ്ലാന്‍ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more