| Sunday, 12th February 2023, 11:43 pm

രാജ്യമൊട്ടാകെയുള്ള ഒരു മുന്നണി ഇന്ന് സാധ്യമല്ല; ലോക്‌സഭ തെരഞ്ഞെടുപ്പിനോടുള്ള സി.പി.ഐ.എം സമീപനം പ്രഖ്യാപിച്ച് പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഴൂര്‍: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലെ സി.പി.ഐ.എമ്മിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പിയെന്ന ഏറ്റവും വിനാശകാരിയായ ശക്തിയെ പുറത്താക്കാന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള പ്രാദേശിക പാര്‍ട്ടികള്‍ക്കേ സാധിക്കൂവെന്ന് പിണറായി വിജയന്‍ പറഞ്ഞു.

രാജ്യമൊട്ടാകെയുള്ള മുന്നണി എന്നത് ഇന്നത്തെ ഇന്ത്യയില്‍ സാധ്യമല്ലെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. നേരത്തെ ബി.ജെ.പിയുടെ ഭാഗമായിരുന്ന പല പ്രാദേശിക പാര്‍ട്ടികളും തിരിച്ചുവന്നിരിക്കുകയാണെന്നും അവരെയടക്കം എല്ലാവരെയും ഏകോപിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം വാഴൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ-സംസ്ഥാന രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളോട് പ്രതികരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

‘രാജ്യത്തിലെ ഏറ്റവും വിനാശകരമായ ശക്തിയായി ബി.ജെ.പി മാറിയിരിക്കുന്നുവെന്ന് എല്ലാവര്‍ക്കും ബോധ്യമായി കഴിഞ്ഞു. ഇനിയും ഒരു അവസരം ബി.ജെ.പിക്ക് ലഭിച്ചാല്‍ നമ്മുടെ നാടിന്റെ സര്‍വ നാശം സംഭവിക്കുമെന്ന് ജനാധിപത്യ വിശ്വാസികളും മതനിരപേക്ഷ ചിന്താഗതിക്കാരും മനസിലാക്കിയിരിക്കുന്നു.

എങ്ങനെ ബി.ജെ.പിയെ നേരിടും? രാജ്യമൊട്ടാകെയുള്ള ഒരു മുന്നണി ഉയര്‍ന്നു വരാനുള്ള സാഹചര്യം നിലവില്‍ ഇന്ത്യയിലില്ല. മറ്റൊരു സാധ്യതയാണുള്ളത്.

വിവിധങ്ങളായ പ്രാദേശിക കക്ഷികള്‍ക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനങ്ങളുണ്ട്. ആ പാര്‍ട്ടികളില്‍ ചിലര്‍ നേരത്തെ ബി.ജെ.പിയോട് ചേര്‍ന്നിരുന്നു. ആ ഒരു അനുഭവം കൊണ്ട് തന്നെ അവരില്‍ പലരും ഇന്ന് ബി.ജെ.പിക്കൊപ്പമല്ല. ബി.ജെ.പിക്കെതിരായി ചിന്തിക്കുന്ന നിലയിലാണ് അവര്‍. അത്തരത്തിലുള്ള ശക്തികളെയടക്കം ഏകോപിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ആ ഏകോപിപ്പിക്കല്‍ സംസ്ഥാന അടിസ്ഥാനത്തിലാണ് നടക്കേണ്ടത്,’ പിണറായി വിജയന്‍ പറഞ്ഞു.

ഓരോ സംസ്ഥാനത്തും വ്യത്യസ്തങ്ങളായ പ്രാദേശിക കക്ഷികളാണ് പ്രബലമായി നില്‍ക്കുന്നത്. ആ കക്ഷികളുടെ നേതൃത്വത്തില്‍ ബി.ജെ.പിക്കെതിരായ ഒരു കൂട്ടുകെട്ട് സംസ്ഥാന അടിസ്ഥാനത്തിലുണ്ടാക്കണം. ആ രീതിയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടുക. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം അപ്പോഴത്തെ സാഹചര്യം അനുസരിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഈയൊരു കാഴ്ചപ്പാടോടെയാണ് സി.പി.ഐ.എം ലോക്‌സഭ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ രീതിയിലും പ്രായോഗികമായ സമീപനമാണിതെന്ന് ബി.ജെ.പി വിരുദ്ധരായ ഒരുവിധം രാഷ്ട്രീയ കക്ഷികള്‍ക്കെല്ലാം മനസിലായിട്ടുണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തെ കുറിച്ച് നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനും പ്രസംഗത്തിനിടയില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത, ക്രമസമാധാനനില ഭദ്രമായ കേരളത്തെ മാതൃകയാക്കണമെന്നായിരുന്നു ആഭ്യന്തര മന്ത്രി പറയേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം കര്‍ണാടകയിലെ പുട്ടൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ബി.ജെ.പി പ്രവര്‍ത്തകരെയും ജനങ്ങളെയും അഭിസംബോധന ചെയ്ത് പ്രസംഗിച്ചപ്പോഴായിരുന്നു കേരളത്തെ അധിക്ഷേപിച്ച് അമിത് ഷാ സംസാരിച്ചത്.

‘നിങ്ങളുടെ തൊട്ടടുത്ത് കേരളമാണ്, കൂടുതല്‍ ഒന്നും ഞാന്‍ പറയേണ്ടല്ലോ. മോദിയുടെ നേതൃത്വത്തില്‍, ഒരു ബി.ജെ.പി. സംസ്ഥാന സര്‍ക്കാരിന് മാത്രമേ കര്‍ണാടകത്തെ സുരക്ഷിതമാക്കി നിലനിര്‍ത്താനാകൂ,’ എന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍. ഈ പരാമര്‍ശത്തിനാണ് പിണറായി വിജയന്‍ മറുപിട നല്‍കിയത്.

കേരളത്തില്‍ ഏത് മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും മതവിശ്വാസികളല്ലാത്തവര്‍ക്കും സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമുണ്ടെന്നും എന്നാല്‍ കര്‍ണാടകയടക്കം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതല്ല സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സംഘപരിവാറിന്റെ നേതൃത്വത്തിലാണ് ഭൂരിഭാഗം വര്‍ഗീയ സംഘര്‍ഷങ്ങളും നടക്കുന്നതെന്നും കര്‍ണാടകയിലും ഇത് വ്യാപകമാണെന്നും പിണറായി പറഞ്ഞു.

Content Highlight:  CM Pinarayi Vijayan presents CPIM’s plan for 2024 parliament election

Latest Stories

We use cookies to give you the best possible experience. Learn more