തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര പ്രമേയത്തിന് അനുമതി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം ഉയര്‍ത്തിയ വാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞെന്നും കേസ് തലശ്ശേരി കോടതിയുടെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റപത്രത്തില്‍ 17 പ്രതികളാണ് ഉള്ളതെന്നും ഗൂഢാലോചന നടത്തിയവരെയടക്കം പിടികൂടിയെന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തത് കേസ് ദുര്‍ബലപ്പെടുത്താനല്ലെന്നും അദ്ദേഹം പറഞ്ഞു.
‘കേസില്‍ ഫലപ്രദമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. ആരാണ് പ്രതി, പ്രതിയുടെ രാഷ്ട്രീയമെന്താണ് എന്നൊന്നും നോക്കിയല്ല പൊലീസിന്റെ നടപടി. കൃത്യവും നിഷ്പക്ഷവും കാര്യക്ഷമവുമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.
സി.ബി.ഐ അന്വേഷണവുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ചിന്റെ വിധി വന്നപ്പോള്‍ സ്വാഭാവികമായും സര്‍ക്കാര്‍ അതിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. കാരണം കേരളത്തിലെ പൊലീസ് സംവിധാനത്തിനെതിരെയുള്ള പരാമര്‍ശമായിരുന്നു അത്. അതിന്റെ ഭാഗമായി സിംഗിള്‍ ബെഞ്ച് പറഞ്ഞതിനെതിരെ ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ സര്‍ക്കാര്‍ ഹരജിയുമായി പോയപ്പോള്‍ ആദ്യ ഘട്ടത്തില്‍ തന്നെ സിംഗിള്‍ ബെഞ്ചിന്റെ വിധി സ്‌റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ആവശ്യമായ വിവരങ്ങള്‍ പരിശോധിക്കാതെയായിരുന്നു വിധി നടത്തിയത് എന്നായിരുന്നു ഈ ബെഞ്ചിന്റെ നിരീക്ഷണം,’ മുഖ്യമന്ത്രി പറഞ്ഞു.
സി.പി.ഐ.എം ഗുണ്ടകളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും തണലിലല്ലെന്നും അത്തരക്കാരെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തെ കുറിച്ച് ഷുഹൈബിന്റെ കുടുംബത്തിന് പരാതിയില്ലെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
ക്രിമിനലുകളുടെ വാക്ക് മഹത്വവല്‍ക്കരിക്കാന്‍ പ്രതിപക്ഷത്തിന് വ്യഗ്രതയാണ്. ആകാശും ജിജോയും കേസില്‍ പ്രതികളായതുകൊണ്ടാണ് കാപ്പ ചുമത്തിയത്. ഷുഹൈബ് കേസ് ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല.
പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലപാതകമെന്ന് ഒന്നാം പ്രതി തന്നെ പറഞ്ഞ കേസില്‍, ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് പൊലീസിന് വേണ്ടതെന്നാണ് ടി. സിദ്ദീഖ് പ്രമേയ അവതരണത്തിന് അനുമതി തേടികൊണ്ട് ചോദിച്ചത്.
വി.ഐ.പി പ്രതികള്‍ക്ക് നിയമപരമായി സഹായം ചെയ്തത് കൂടാതെ ജയിലില്‍ കാമുകിയായി മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കാനുള്ളതടക്കം നിരവധി സൗകര്യങ്ങള്‍ പാര്‍ട്ടിയും സര്‍ക്കാരും ഒരുക്കി നല്‍കിയെന്നും ടി. സിദ്ദീഖ് ആരോപിച്ചു.
സി.ബി.ഐ അന്വേഷണം വേണമെന്നും അടിയന്തര പ്രമേയത്തിനുള്ള നോട്ടീസില്‍ സിദ്ദിഖ് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലുള്ള മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. പിന്നാലെ പ്രതിപക്ഷം സഭ വിട്ടറങ്ങി.
Content Highlight: CM Pinarayi Vijayan on Shuhaib murder case and Akash Thillengeri controversy