നഷ്ടപ്പെട്ടത് സകല കാര്യങ്ങളിലും വ്യത്യസ്തനായി നിന്ന തിരുമേനിയെ: മാര്‍ ക്രിസോസ്റ്റത്തിന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി
Kerala News
നഷ്ടപ്പെട്ടത് സകല കാര്യങ്ങളിലും വ്യത്യസ്തനായി നിന്ന തിരുമേനിയെ: മാര്‍ ക്രിസോസ്റ്റത്തിന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th May 2021, 9:09 am

മാര്‍ ക്രിസോസ്റ്റത്തിന്റെ വേര്‍പാടോടെ നഷ്ടമായത് സകല കാര്യങ്ങളിലും വ്യത്യസ്തനായി നിന്ന തിരുമേനിയെ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂര്‍വ്വം എന്നും അദ്ദേഹം സ്വാഗതം ചെയ്തിരുന്നുവെന്നും മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയര്‍ത്തിയെടുത്തുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പറഞ്ഞു.

നൂറ് വര്‍ഷത്തിലധികം ജീവിക്കാന്‍ കഴിയുന്നത് അത്യപൂര്‍വമായ ഭാഗ്യമാണെന്നും അതത്രയും ഫലപ്രദമായി ഉപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മലങ്കര മാര്‍ത്തോമ്മ സഭ മുന്‍ അധ്യക്ഷനായ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തന്റെ 104ാം വയസ്സിലാണ് മരണപ്പെട്ടിരിക്കുന്നത്. പുലര്‍ച്ചെ 1.15ന് കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 27 നായിരുന്നു അദ്ദേഹത്തിന്റെ 104ാം ജന്മദിനം. നേരത്തെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെട്ടതോടെ കുമ്പനാട്ടേക്ക് മടങ്ങുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മാര്‍ത്തോമ്മാ സഭാ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തില്‍ അനുശോചിക്കുന്നു. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്.

വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നല്‍കുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാട്. പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂര്‍വ്വം എന്നും അദ്ദേഹം സ്വാഗതം ചെയ്തു. മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയര്‍ത്തിയെടുത്തു.

100 വര്‍ഷത്തിലധികം ജീവിക്കാന്‍ കഴിയുക എന്നത് അത്യപൂര്‍വമായി മനുഷ്യജീവിതത്തിന് ലഭിക്കുന്ന ഭാഗ്യമാണ്. അതത്രയും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അനാഥരുടെ കണ്ണീരൊപ്പുന്നതിനും അവര്‍ക്കാശ്വാസം എത്തിക്കുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച ശ്രേഷ്ഠ പുരോഹിതനാണ് ക്രിസോസ്റ്റം തിരുമേനി.

നര്‍മമധുരമായി ജീവിതത്തെ കാണുകയും ചിരിയുടെ മധുരം കലര്‍ത്തി എല്ലായ്‌പ്പോഴും ജനങ്ങളെ രസിപ്പിക്കുകയും ചെയ്ത് സകല കാര്യങ്ങളിലും വ്യത്യസ്തനായി നിന്ന തിരുമേനിയെ അണ് നമുക്ക് നഷ്ടമായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight:CM Pinarayi Vijayan on MAR Chrysostom