| Thursday, 16th April 2020, 7:17 pm

സ്പ്രിംഗ്‌ളര്‍ ചോദ്യത്തില്‍നിന്നും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി; നാളെ മുതല്‍ എന്നും വാര്‍ത്താ സമ്മേളനമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ വിവാദത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്നും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ സ്പ്രിംഗ്‌ളര്‍ വിവാദവുമായി ബന്ധപ്പെട്ട വിശദീകരണം ചോദിച്ചത്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന് മനസിലാകാന്‍ കുറച്ച് സമയമെടുക്കും എന്ന് മാത്രമായിരുന്നു പിണറായിയുടെ പ്രതികരണം. ആ വിഷയത്തിലേക്ക് കൂടുതല്‍ കടക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം ഇക്കാര്യങ്ങള്‍ വിശദീകരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാളെ മുതല്‍ എന്നുമുള്ള വാര്‍ത്താ സമ്മേളനം ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടവിട്ട ദിവസങ്ങളില്‍ മാത്രമേ ഇനി മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഉണ്ടാവൂ എന്നാണ് അദ്ദേഹം അറിയിച്ചത്.

ഇന്ന് സംസ്ഥാനത്ത് ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകിരച്ചിട്ടുള്ളത്. കണ്ണൂരില്‍ നാല് പേര്‍ക്കും കോഴിക്കോട് രണ്ട് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയ അഞ്ച് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം പകര്‍ന്നു.

We use cookies to give you the best possible experience. Learn more