തിരുവനന്തപുരം: രണ്ട് രൂപ കൂട്ടിയ ഇന്ധന സെസിന് പിന്നീട് ഒരു രൂപ കുറക്കുമെന്നത് മാധ്യമപ്രചരണം മാത്രമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ അങ്ങനെ ഒരു ഘട്ടത്തിലും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘മാധ്യമപ്രചരണം പ്രതിപക്ഷം ഏറ്റെടുക്കുകയായിരുന്നു. നിങ്ങള്‍(മാധ്യമങ്ങള്‍) അവരെ പറ്റിച്ചില്ലേ. നിങ്ങള്‍ അവരെ പറ്റിക്കാന്‍ പാടില്ലായിരുന്നു(ചിരിക്കുന്നു),’ മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണ് കേരളത്തെ പ്രതിസന്ധിയിലാക്കിയതെന്നും ജനം അത് മനസിലാക്കുന്നുണ്ടെന്നും, അതുകൊണ്ടാണ് ഒരു ഓട്ടോ തോഴിലാളിയോട് ബജറ്റിനെപ്പറ്റി ഒരു മാധ്യമം അഭിപ്രായം ചോദിച്ചപ്പോള്‍ കേരള സര്‍ക്കാരിനെ അനുകൂലിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘പാവപ്പെട്ട ഒരു ഓട്ടോറിക്ഷ തൊഴിലാളിയോട് ബജറ്റിനെക്കുറിച്ച് അഭിപ്രായം തേടിയപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി നിങ്ങള്‍ കേട്ടില്ലേ.
കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിച്ച തൊഴിലാളി, നിര്‍ബന്ധിതമായ സാഹാചര്യത്തിലാണ് സംസ്ഥാനം നികുതി വര്‍ധിപ്പിച്ചതെന്ന് പറഞ്ഞില്ലേ. ഇതാണ് നമ്മുടെ നാടിന്റെ പ്രതികരണം. ഇപ്പോഴത്തെ നടപടി ആളുകളെ ഉപദ്രവിക്കാനല്ല. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ പ്രധാനം ചെയ്യാനാണെന്ന് മനസിലാക്കണം. നമ്മുടെ നാട് ഇന്ത്യയിലെ പട്ടിണിയില്ലാത്ത സംസ്ഥാനമാണ്, ദാരിദ്ര്യം ഏറ്റവും കുഞ്ഞ സംസ്ഥാനമാണ്,’ മുഖ്യമന്ത്രി പറഞ്ഞു.
ഇന്ധന സെസിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.
എണ്ണ വില നിര്‍ണയിക്കാന്‍ കമ്പനികള്‍ക്ക് അധികാരം നല്‍കിയവരാണ് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധന സെസിനെതിരെ കോണ്‍ഗ്രസിനൊപ്പം ബി.ജെ.പിയും വന്നത് വിചിത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ജനക്ഷേമത്തിന് വായ്പയെടുത്തത് അപരാധമായിട്ടാണ് കേന്ദ്രം കാണുന്നത്.
കിഫ്ബിക്കെതിരെ എന്തിനാണ് ദുഷ്പ്രചരണങ്ങള്‍ നടത്തുന്നതെന്നെന്നും അദ്ദേഹം ചോദിച്ചു. സാമൂഹിക സുരക്ഷ, സാമ്പത്തിക സുരക്ഷ, പശ്ചാത്തല സൗകര്യ വികസനം എന്നിവ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: CM Pinarayi Vijayan Mentioning auto rickshaw workers comment in press meet