| Saturday, 7th December 2019, 7:01 pm

മുഖ്യമന്ത്രീ... പോയകാലം മറക്കാതിരിക്കുന്നതാണ് നല്ലത്; വിദേശ സന്ദര്‍ശനം കഴിഞ്ഞെത്തിയ പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വിശകലനം

കെ സജിമോന്‍

ജപ്പാനിലെയും കൊറിയയിലെയും സര്‍ക്കാരുകളും കമ്പനികളും കേരളത്തിന്റെ വ്യവസായ അനുകൂല നിലപാടിനെ പ്രശംസിച്ചു എന്ന മുഖവുരയോടെ തുടങ്ങിയ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം എന്തുകൊണ്ടും പിണറായി വിജയന്റെ മുതലാളിത്ത മനോഭാവവും ജനകീയസമരത്തിനോടുള്ള പുച്ഛവും പ്രകടമാകുന്നതായിരുന്നു.

മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളില്‍ നിന്നുതന്നെ തുടങ്ങാം. ജപ്പാനെയും കൊറിയയെയും 2020ല്‍ നടക്കുന്ന അസന്റ് പരിപാടിയിലേക്ക് ക്ഷണിക്കുക കൂടിയായിരുന്നു ഉദ്ദേശം. അതില്‍ അവര്‍ പങ്കെടുക്കുമെന്നും കൂടുതല്‍ നിക്ഷേപസാധ്യതകള്‍ അപ്പോള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറയുന്നു.

പിണറായി വിജയന്‍ ജപ്പാനില്‍

ഇത്തരുണത്തില്‍ ചിലത് ഓര്‍മ്മിപ്പിക്കാനുള്ളത് ഡി.വൈ.എഫ്.ഐക്കാരോടാണ്. പണ്ട് ജിം എന്ന പേരില്‍ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്ന കാലത്ത് നടത്തിയ നിക്ഷേപ സംഗമത്തെ വീടുവീടാന്തരം കയറി പാട്ടുപാടിയും പുഴ വില്‍ക്കുന്നു, കായല്‍ വില്‍ക്കുന്നു, കടല്‍ വില്‍ക്കുന്നു എന്നു പറഞ്ഞ് എതിര്‍ത്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരേ, നിങ്ങള്‍ക്കിതാ സുവര്‍ണ്ണാവസരം. ജിം എന്നത് പേരുമാറ്റി അസന്റ് എന്നാക്കി എന്നല്ലാതെ സംഗതി പഴയ അതേ പരിപാടിതന്നെയാണ്.

നമ്മുടെ പുഴ വില്‍ക്കാന്‍ വെച്ചിരിക്കുന്നു എന്ന് പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ പുഴയുടെ രോദനം വെച്ച് മാത്രം കവിതകളെഴുതിയ സാംസ്‌കാരിക ഇടതുബുദ്ധിജീവികള്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്.

കേരളം വ്യവസായ സൗഹൃദാന്തരീക്ഷമാണ് വിരിച്ചിട്ടിരിക്കുന്നതെന്ന് ജപ്പാന്‍ വാനോളം പുകഴ്ത്തിയതിന് കാരണമുണ്ട്. എന്‍.ജി.ഐ.എല്‍ എന്ന നീറ്റാജലാറ്റിന്‍ കമ്പനി കേരളത്തില്‍, തൃശ്ശൂരില്‍, കാതിക്കുടത്ത് ഒരു വ്യവസായ യൂണിറ്റ് തുടങ്ങിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി വില്‍ക്കാന്‍ വെച്ച പുഴകളിലൊന്നായ ചാലക്കുടി പുഴയുടെ തീരത്താണത്.

നീറ്റാജലാറ്റിന്‍ കമ്പനി വര്‍ഷങ്ങളായി ആ പുഴ സ്വന്തമാക്കിയിരിക്കുകയാണ്. കമ്പനിയിലെ മാരകങ്ങളായ മാലിന്യങ്ങള്‍ ചാലക്കുടി പുഴയിലേക്ക് ഒഴുക്കിക്കൊണ്ടാണ് കമ്പനി പുഴ സ്വന്തമാക്കിയിരിക്കുന്നത്.

പുഴയിലെ മത്സ്യങ്ങള്‍ കൂട്ടമായി ചത്തുപൊങ്ങുകയും തീരങ്ങളിലെ മനുഷ്യര്‍ കൂട്ടമായി ക്യാന്‍സര്‍ രോഗമടക്കമുള്ള മാരകരോഗങ്ങള്‍ക്ക് അടിമകളായി ജീവിക്കുകയോ മരിക്കുകയോ ചെയ്തുകൊണ്ടിരിക്കുകയാണ്. നിരന്തര സമരങ്ങളിലൂടെ പൊതുജനങ്ങള്‍ ഇപ്പോഴും ഇവിടെ അതിജീവന സമരത്തിലാണ്.

ഓരോ ഇലകള്‍ കൊഴിഞ്ഞു പോകുന്നതു പോലെ ജീവന്‍ നഷ്ടപ്പെട്ടും ജനങ്ങള്‍ സമരം ചെയ്യുമ്പോള്‍ ജനകീയ സമരങ്ങളുടെ അപ്പോസ്തലന്‍മാര്‍ എന്നവകാശപ്പെടുന്ന കമ്യൂണിസ്റ്റുകാര്‍, വിശിഷ്യ സി.പി.ഐ.എമ്മുകാര്‍ കമ്പനിക്കൊപ്പമാണ് എന്ന് പറയേണ്ടതില്ലല്ലോ. മാത്രമല്ല, ഈ പത്രസമ്മേളനത്തില്‍ ജനകീയസമരങ്ങളോടുള്ള കടുത്ത പുച്ഛം മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖപ്പെടുത്തുകയും ചെയ്തു.

കാതിക്കുടത്ത് ജനകീയസമരം ഇപ്പോഴും തുടരുന്ന സാഹചര്യമാണല്ലോ ഉള്ളത്. എന്നിട്ടും നീറ്റാജലാറ്റിനില്‍ 200 കോടിയുടെ പുതിയ പദ്ധതി കൊണ്ടുവരുന്നതിനുള്ള ശ്രമമാണോ സര്‍ക്കാര്‍ നടത്തുന്നത് എന്ന മാധ്യമപ്രതിനിധിയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി: ”ഹോ… സമരത്തിന് പഞ്ഞമില്ലാത്ത നാടാണല്ലോ നമ്മുടേത്!”

ജനകീയസമരങ്ങളിലൂടെയാണ് സി.പി.ഐ.എമ്മും അനുബന്ധ സംഘടനകളും ഇവിടെ വേരുറപ്പിച്ചതെന്ന് മറന്നുപോകുന്നത് കുറ്റകരമാണ് മുഖ്യമന്ത്രീ… മറവി പിണറായി വിജയനില്‍ നിന്നും കുട്ടിസഖാക്കളിലേക്കും പകരുന്ന രോഗമായതുകൊണ്ടുതന്നെ ഡി.വൈ.എഫ്.ഐ എന്ന സംഘടന ജിമ്മും പഴയ സമരപ്പാട്ടുകളും മറന്നിട്ട് കാലമേറെയായിരിക്കുന്നു.

വീണ്ടും വാര്‍ത്താസമ്മേളനത്തിലേക്ക് തന്നെ വരാം. കൈ നിറയെ കമ്പനികളുടെ നിക്ഷേപ സാധ്യതകളുമായാണ് താന്‍ ജപ്പാനില്‍ നിന്നും തിരിച്ചതെന്ന് കൃത്യമായും വ്യക്തമായും പറയാന്‍ മുഖ്യമന്ത്രി ശ്രമിച്ചു.

പ്രിയമുഖ്യമന്ത്രീ, കാലാവസ്ഥാ വ്യതിയാനം ലോക ക്രമത്തില്‍ത്തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, പുഴകളെയും നമ്മുടെ പ്രകൃതിയെയും മലിനമാക്കിക്കൊണ്ടിരിക്കുന്ന പല കമ്പനികളുടെയും വ്യവസായ യൂണിറ്റുകള്‍ പല വികസിത രാജ്യങ്ങളില്‍ നിന്നും പൂട്ടിക്കെട്ടിക്കൊണ്ടിരിക്കുമ്പോള്‍ എല്ലാം തുറന്നുവെച്ച് അവരെ കേരളത്തിലേക്ക് സ്വീകരിക്കുന്ന നയം ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് നിരോധിച്ചു എന്ന പ്രഖ്യാപനത്തിലൂടെ മറികടക്കാന്‍ സാധിക്കില്ലെന്ന് അങ്ങേയ്ക്ക് എന്തുകൊണ്ടാണ് മനസ്സിലാവാത്തത്.

ജിം നടത്തുന്ന കാലത്ത് സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന താങ്കള്‍ തന്നെയല്ലെ സമരാഹ്വാനം നടത്തിയത്. ഇവിടെ എതിര്‍ക്കാന്‍ പ്രതിപക്ഷമില്ല, എതിര്‍ശബ്ദങ്ങളെ അടിച്ചൊതുക്കാന്‍ പോലീസ് ഉണ്ടെന്ന ധൈര്യത്തിലാണോ നിക്ഷേപക വേദിയാക്കി കേരളത്തെ മാറ്റുന്നത്?

ജനകീയസമരത്തിലൂടെ കെട്ടുകെട്ടിച്ച കൊക്കകോളയെ വീണ്ടും മറ്റൊരു മുഖം നല്‍കി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചൂട്ട് തെളിക്കുന്ന മുഖ്യമന്ത്രി ഭക്ഷ്യ സംസ്‌കരണത്തില്‍ ജപ്പാനില്‍ നിന്നും പുതിയ കമ്പനിയുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. പ്രകൃതിവിഭവങ്ങളുടെ കൊള്ളയ്ക്ക് പുതിയ മാനം നല്‍കുന്നതിനും കൂടുതല്‍ ജനങ്ങളെ സമരങ്ങളിലേക്ക് നയിക്കുന്നതിനും തന്നെയാണ് ശ്രമം.

‘വികസനവിരോധി’കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന വികസനം ഇനിയും കൂട്ടുകയെന്നതാണോ ഈ സന്ദര്‍ശനങ്ങളുടെ ലക്ഷ്യം? സമഗ്ര മേഖലയിലും വികസനം എന്നു പറഞ്ഞ് പല കമ്പനികള്‍ക്കും ചുവപ്പു പരവതാനി വിരിക്കുമ്പോള്‍ ഇതിനൊക്കെ കാലാവസ്ഥാ വ്യതിയാനം എന്നോ മറ്റോ പറഞ്ഞ് വലിയ വില കൊടുക്കേണ്ടിവരുമെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. ഈ കമ്പനികളെക്കുറിച്ചൊക്കെ, ‘ഒരു ചുക്കും’ അറിയാത്തതാണോ, അതോ കേരളത്തെ വിറ്റ് കാശാക്കാം എന്നു കരുതുന്നതാണോ?

തീര്‍ന്നില്ല, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള പദ്ധതികള്‍ക്കും ധാരണയായിട്ടുണ്ട്. അതിലൊന്ന് ഹ്യുണ്ടായ് പോലുള്ള കമ്പനികള്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള വ്യവസായ അന്തരീക്ഷം ഒരുക്കുന്നു എന്നതാണ്. സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ ലിതിയം, ടൈറ്റാനിയം ഓക്സൈഡ് നിര്‍മ്മിച്ച് ബാറ്ററികളും മറ്റ് ഓട്ടോമൊബൈല്‍ കമ്പോണന്റ്സും ഉണ്ടാക്കുന്ന പദ്ധതിയാണത്.

ആലപ്പാട്ടെ കരിമണല്‍ ഖനനത്തെ തന്നെയാണ് ഇത് ലക്ഷ്യം വെക്കുന്നത്. ജീവിക്കാന്‍ തീരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആലപ്പാട്ടെ ജനതയുടെ സമരം മുഖ്യമന്ത്രി കണ്ണടച്ച് കണ്ടില്ലെന്ന് നടിക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് വീണ്ടും ഇത് ഉറപ്പിക്കുന്നു. അവര്‍ ഇനി എങ്ങോട്ടാണ് പോകേണ്ടതെന്നുകൂടി പറഞ്ഞാല്‍ നന്നായിരുന്നു.

സമരം ചെയ്യുന്നവരോട്, ജനകീയ സമരങ്ങളോട് സര്‍ക്കാറിന്റെയും കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെയും നിലപാട് വ്യക്തമാക്കുന്ന, ‘ഹോ, സമരത്തിന് ഒരു പഞ്ഞവുമില്ലാത്ത നാടാണല്ലോ നമ്മുടേത്’ എന്ന പുച്ഛവാക്യം ഇതിനുമുമ്പും പലതവണ പലരീതിയില്‍ പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

വികസന വിരോധികളെന്നും മാവോയിസ്റ്റുകളെന്നും പരിസ്ഥിതി തീവ്രവാദികളെന്നും പറഞ്ഞ് അവരെ ഒറ്റപ്പെടുത്താനും പോലീസ് നിരീക്ഷണം ശക്തിപ്പെടുത്തി അവരെ സമൂഹത്തില്‍ പ്രതികളെപ്പോലെ ചിത്രീകരിക്കാനും ശ്രമം നടത്തിയിരുന്നു.

ആ ശ്രമം തുടരാന്‍ തന്നെയാണ് പോലീസ് സേനയ്ക്കുള്ള ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കല്‍. അതും ഇരട്ട എഞ്ചിനുള്ളതു തന്നെ! ഇരട്ടച്ചങ്കന് ഒറ്റ എഞ്ചിന്‍ പറ്റില്ലല്ലോ. ”അയ്യാ, ലേശം അരി തരണം അയ്യാ..” എന്നു പറഞ്ഞുതന്നെ ആദിവാസി മേഖലകളില്‍ എത്തുന്ന മാവോയിസ്റ്റുകളെ വകവരുത്താന്‍ ഇരട്ടച്ചങ്കുള്ള ഹെലികോപ്റ്റര്‍ തന്നെ വേണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അത് അത്യാവശ്യമാണ് എന്ന് ഉറപ്പു വരുത്തിക്കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ജപ്പാനില്‍ ഹിരോഷിമ സന്ദര്‍ശിക്കുകയും യുദ്ധവിരുദ്ധ സ്തൂപങ്ങളില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തിവിട്ടുവെന്നതും ശ്രദ്ധേയമാണ്. സമാധാനത്തിന്റെയും നിരായൂധീകരണത്തിന്റെയും നമ്മുടെ പ്രതിജ്ഞ ആ സ്തൂപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി മുഖ്യമന്ത്രി സ്മരിച്ചതിനോളം വലിയ ട്രോള്‍ മറ്റെന്താണ്?

ഇവിടെ ആയുധപൂജയും അവിടെ പ്രതിജ്ഞയും. ഇത് മാറിമാറി കാണിച്ചുകൊണ്ടേയിരിക്കണം. അവസാനം ആയുധം കയ്യിലേന്തി ആ പ്രതിജ്ഞയ്ക്കുനേരെ ഒരു വെടിയുതിര്‍ക്കണം. അതോടെ തീരണം ഇവിടുത്തെ എല്ലാ വികസനവിരോധികളുടെയും കഥ.

പത്രസമ്മേളനത്തിന്റെ അവസാനം നടത്തിയ ആ ചിരിയുണ്ടല്ലോ, അതുപോലൊരു ചിരി കൂടി ഉതിര്‍ക്കാം, ജനകീയസമരങ്ങള്‍ക്കുനേരെ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കെ സജിമോന്‍

We use cookies to give you the best possible experience. Learn more