| Thursday, 28th January 2021, 12:24 pm

'അപവാദ പ്രചരണങ്ങളില്‍ പേടിച്ച് ജനക്ഷേമ പദ്ധതികള്‍ നിര്‍ത്തില്ല'; ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതി വഴി രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘടാനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വട്ടിയൂര്‍കാവിലെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശ ചടങ്ങില്‍ മുഖ്യമന്ത്രി നേരിട്ടെത്തി പങ്കെടുത്തു.

2,50,547 വീടുകളുടെ പ്രഖ്യാപനമാണ് മുഖ്യമന്ത്രി ഇന്ന് നടത്തിയത്. ലൈഫ് പദ്ധതിയിലൂടെ രണ്ടര ലക്ഷം വീട് പൂര്‍ത്തിയാക്കാനായത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തികരിച്ചത് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത് ആര്‍ദ്രം പദ്ധതി വഴിയാണ്. ആരോഗ്യമേഖലയെ ഈ രീതിയില്‍ കരുത്തുറ്റതാക്കുന്നതിന് ആര്‍ദ്രം വഹിച്ച പങ്ക് ചെറുതായിരുന്നില്ല. സര്‍ക്കാര്‍ മുന്നോട്ട് വെച്ച എല്ലാ പദ്ധതികളും നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യ നീതിയിലധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ വികസനം എന്നാണ് എല്‍.ഡി.എഫ് നേരത്തെ വാഗ്ദാനം ചെയ്തത്.

അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കിടന്നുറങ്ങാന്‍ വീടില്ലാത്തവര്‍ക്ക് പാര്‍പ്പിടമൊരുക്കല്‍. നല്ലസമ്പത്തുള്ളവര്‍ക്ക് ഏത് വലിയ ആശുപത്രിയിലും പോയി ചികിത്സിക്കാനുള്ള സാഹചര്യമുണ്ടാകും. അവര്‍ക്ക് മെച്ചപ്പെട്ട സ്‌കൂളുകളില്‍ പഠിക്കാനാവും. എന്നാല്‍ പാവപ്പെട്ടവര്‍ക്കാണ് ഇതിന്റെ ഗുണഫലങ്ങള്‍ കിട്ടുന്നത്. അതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാം അടച്ചുറപ്പുള്ള സുരക്ഷിതത്വമുള്ള വീടുകളാണെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ്മിഷന്‍ ഉദ്ദേശിച്ചത് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കഴിയുന്ന ഒരു സാഹചര്യം സൃഷ്ടിക്കലാണ്.

8,823.20 കോടി രൂപയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ അടുത്ത വര്‍ഷം 1.5 ലക്ഷം വീടുകള്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഭൂരഹിതരും ഭവന രഹിതരുമായ 1.35 ലക്ഷം കുടുംബങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.

ഇതില്‍ അറുപതിനായിരം വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കും പട്ടിക വിഭാഗത്തിനുമാണ്. പട്ടിക വിഭാഗത്തിന് ഭൂമി വാങ്ങുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്.

നാടിനുണ്ടാകുന്ന നേട്ടങ്ങളെ ഇടിച്ചു കാട്ടുക, ജനങ്ങള്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങളെ അപഹസിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായി നുണ പ്രചരണവുമായി നിരവധി പേരുണ്ട്. പക്ഷെ ഇതൊക്കെ ജനങ്ങളുടെ സ്വയം ബോധ്യത്തിലുള്ള കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനാവശ്യ ആരോപണങ്ങളിലും അപവാദ പ്രചരണങ്ങളിലോ ഭയന്ന് ജനങ്ങള്‍ക്ക് ഗുണകരമാകുന്ന ഒരു പദ്ധതിയും സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CM Pinarayi Vijayan inaugurates 2.5 lakh houses built through life mission programme

We use cookies to give you the best possible experience. Learn more