ഗവര്‍ണര്‍ക്കെതിരെ വീണ്ടും കടുത്തഭാഷയില്‍ വിമര്‍ശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാറിന്റെ കൂത്തരങ്ങാക്കി സര്‍വകലാശാലകളെ മാറ്റിയെടുക്കാനുള്ള ശ്രമവും കാവിവല്‍ക്കരണത്തിന്റേതായ അജണ്ടയുമാണ് ഗവര്‍ണറുടേതെന്ന് പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പറഞ്ഞു.
അധികാരം മുഴുവന്‍ തന്നിലാണെന്ന് കരുതുന്നത് കൊണ്ടാണ് തന്റെ പ്രീതി പിന്‍വലിച്ചുകളയും എന്ന് ഗവര്‍ണര്‍ ഭീഷണിപ്പെടുത്തുന്നതെന്നും എന്നാല്‍ ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇവിടെ മന്ത്രിസഭയും നിയമസഭയും ജനങ്ങളുമുണ്ടെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഭരണഘടനാപരമായ സ്വന്തം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാതെ ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കാനാണ് ഗവര്‍ണര്‍ വ്യഗ്രതപ്പെടുന്നതെന്നും താന്‍ ജുഡീഷ്യറിക്ക് മേലെയാണെന്നാണ് അദ്ദേഹത്തിന്റെ ഭാവമെന്നും വിമര്‍ശിച്ച മുഖ്യമന്ത്രി, സമാന്തര സര്‍ക്കാരാകാന്‍ ആരും ശ്രമിക്കേണ്ടെന്നും മുന്നറിയിപ്പ് നല്‍കി.
”നിയമസഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ജനങ്ങളാണ്. അവരോടാണ് അംഗങ്ങള്‍ ഉത്തരവാദിത്തപ്പെട്ടിരിക്കുന്നത്. ഭരണഘടനാപരമായ ഈ രീതികളോടല്ല, മറിച്ച് തന്നിലാണ് ഈ നാട്ടിലെ സര്‍വ അധികാരങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് ആരെങ്കിലും കരുതിയാല്‍, അങ്ങനെ കരുതി മനസമാധാനപ്പെടാന്‍ മാത്രമേ പറ്റൂ.
ഇതൊന്നും കേരളത്തിലെ ജനങ്ങള്‍ വകവെച്ച് കൊടുക്കില്ല. അധികാരം മുഴുവന്‍ തന്നിലാണെന്ന് കരുതുന്നത് കൊണ്ടാണ് തന്റെ പ്രീതി പിന്‍വലിച്ചുകളയും എന്ന് ഭീഷണിപ്പെടുത്തുന്നത്.
അതൊക്കെ തീരുമാനിക്കാന്‍ ഇവിടെയൊരു മന്ത്രിസഭയും ഉത്തരവാദിത്തപ്പെട്ട നിയമസഭയും അതിനെല്ലാം മുകളില്‍ ജനങ്ങളുമുണ്ട്. ഇതൊന്നും ആരും മറക്കേണ്ട.
ഗവര്‍ണര്‍മാര്‍ സാധാരണയായി സജീവ രാഷ്ട്രീയത്തില്‍ ഇടപെടാറില്ല, എന്നതാണ് പൊതുധാരണ. എന്നാല്‍ ഇവിടെയൊരാള്‍ സമാന്തര സര്‍ക്കാരാകാന്‍ ശ്രമിക്കുകയാണ്. രാജ്ഭവനില്‍ പത്രസമ്മേളനം നടത്തുന്നു, മന്ത്രിയെ പിരിച്ചുവിടണമെന്ന് പറയുന്നു, സെനറ്റ്- സിന്‍ഡിക്കേറ്റംഗങ്ങളെ പുറത്താക്കുന്നു, പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുന്നു.
അതിന് ഇവിടെ ഒരു സര്‍ക്കാരുണ്ട്. അവരുടെ ഉത്തരവാദിത്തങ്ങള്‍ ചെയ്യാന്‍ അവര്‍ക്കറിയാം. പക്ഷെ താനാണിതൊക്കെ ചെയ്യേണ്ടത് എന്ന് ആരെങ്കിലും കരുതിയാല്‍ അത് മനസില്‍ വെച്ചാല്‍ മതി, നടപ്പിലാവില്ല.
ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കാന്‍ വ്യഗ്രതപ്പെടുന്നവര്‍ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നില്ല.
ഭരണഘടനയുടെ 200ാം വകുപ്പ് ഗവര്‍ണര്‍ക്ക് നല്‍കുന്നത് മൂന്ന് അധികാരങ്ങളാണ്; ഒന്ന്, നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഒപ്പിട്ട് അംഗീകരിക്കുക, രണ്ട്, പ്രസിഡന്റിന്റെ പരിഗണനക്ക് റഫര്‍ ചെയ്യുക, മൂന്ന്, അഭിപ്രായകുറിപ്പോടെ സഭയുടെ പുനപരിശോധനക്ക് തിരിച്ചയക്കുക. ഇതിനെന്തെങ്കിലുമൊന്ന് ചെയ്യാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്.
സംഘപരിവാറിന്റെ കൂത്തരങ്ങാക്കി സര്‍വകലാശാലകളെ മാറ്റിയെടുക്കാനുള്ള ശ്രമവും കാവിവല്‍ക്കരണത്തിന്റേതായ അജണ്ടയും ഇവിടെ നടക്കുന്നുണ്ട്,” മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.
Content Highlight: CM Pinarayi Vijayan harsh criticism on Governor Arif Mohammad Khan