| Tuesday, 5th May 2020, 6:02 pm

കേരളത്തിലേക്ക് ആദ്യഘട്ടത്തില്‍ 2250 പേര്‍ മാത്രം; എത്തിക്കുന്നത് വളരെക്കുറച്ച് ആളുകളെയെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍നിന്നും കേരളത്തില്‍ ആദ്യഘട്ടത്തില്‍ എത്തിച്ചേരുക 2250 പ്രവാസികള്‍ മാത്രമെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍. സംസ്ഥാനത്തിന്റെ ലിസ്റ്റിലുള്ള അടിയന്തിരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണനാ പട്ടിക 1,68,136 പേരുടേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശരാജ്യങ്ങളില്‍നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ചു മലയാളികളെ മാത്രമേ ആദ്യഘട്ടത്തില്‍ കൊണ്ടുവരുന്നുള്ളൂ എന്നാണ് സൂചന. കൊച്ചി, കോഴിക്കോട് തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം എത്തിച്ചേരുക 2250 പേരാണ് എന്നാണ് വിവരം.

കേന്ദ്രസര്‍ക്കാര്‍ ആകെ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നത് 80,000 പേരെയാണെന്നും സൂചനയുണ്ട്. അടിയന്തിരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണന കേരളം കണക്കാക്കിയത് 1,68,136 പേരാണ്. തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ 4,42,000 പേരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴില്‍ നഷ്ടപ്പെട്ടവര്‍, തൊഴില്‍ കരാര്‍ പുതുക്കിക്കിട്ടാത്തവര്‍, ജയില്‍മോചിതര്‍, ഗര്‍ഭിണികള്‍, ലോക്ക്ഡൗണിന്റെ ഭാഗമായി മാതാപിതാക്കളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന കുട്ടികള്‍, സന്ദര്‍ശക വിസയില്‍ എത്തിയവര്‍, കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ അടങ്ങുന്നതാണ് നമ്മള്‍ തയ്യാറാക്കിയ മുന്‍ഗണനാ ലിസ്റ്റ്. ഇത് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഇത് കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരിച്ചുവരുന്ന പ്രവാസികളെ സംബന്ധിച്ച് സംസ്ഥാനം ഔദ്യോഗിക വെബ്സൈറ്റിലൂടെ സമാഹരിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറേണ്ടതുണ്ട്. എന്നാല്‍ വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനം ഇതുവരെ എംബസികളും വിദേശ മന്ത്രാലയവും ലഭ്യമാക്കിയിട്ടില്ല. ഇക്കാര്യം പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more