തിരുവനന്തപുരം: സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. പാര്‍ട്ടി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രകോപനങ്ങളില്‍ വശംവദരാകരുതെന്ന് മുഴുവന്‍ ജനങ്ങളോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അക്രമം നടന്ന സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു.
ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിന് കേടുപാടുകള്‍ സംഭവിച്ചു. സംഭവം നടക്കുമ്പോള്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഓഫീസിലുണ്ടായിരുന്നു.
ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ രണ്ട് പൊലീസുകാര്‍ കാവല്‍ ഉണ്ടായിരുന്നു. അക്രമികളെ പിടിക്കാന്‍ പൊലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും അവര്‍ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഓഫീസിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ബൈക്കുകളുടെ നമ്പറുകള്‍ ദൃശ്യങ്ങളില്‍ വ്യക്തമല്ല. ബൈക്കുകള്‍ നിര്‍ത്താതെ വന്നവേഗതയില്‍ തന്നെ കല്ലെറിഞ്ഞ് പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ സ്ഥലത്തെത്തി പരിശോധിച്ചു. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. സംഘങ്ങളായി തിരിഞ്ഞ് പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്.
അതേസമയം, ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നാണ് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വഞ്ചിയൂരില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്നും ബി.ജെ.പിയും ആര്‍.എസ്.എസും നാടിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു.