| Friday, 1st July 2022, 12:25 pm

പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകര്‍ക്കാനുമുള്ള ശ്രമമാണിത്; സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആക്രമണത്തെ അപലപിക്കുന്നുവെന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകര്‍ക്കാനുമുള്ള ശ്രമമാണിതെന്നും കുറ്റം ചെയ്തവരെയും അവര്‍ക്ക് പിന്നിലുള്ളവരെയും കണ്ടെത്തുമെന്നും പറഞ്ഞ മുഖ്യമന്ത്രി പ്രകോപനങ്ങള്‍ക്ക് അടിപ്പെടാതെ സമാധാനം സംരക്ഷിക്കാന്‍ ഉയര്‍ന്ന ബോധത്തോടെ മുന്നില്‍ നില്‍ക്കണമെന്ന് തന്റെ പോസ്റ്റിലൂടെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

മഹാനായ എ.കെ.ജിയും അദ്ദേഹത്തിന്റെ പേരിലുള്ള ഓഫീസും പുരോഗമന പ്രസ്ഥാനങ്ങളും ജനങ്ങളും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്ന വികാരമാണെന്നും ആ വൈകാരികതയെ കുത്തിനോവിക്കാനുള്ള ശ്രമമാണ് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ അദ്ദേഹം എ.കെ.ജി സെന്റര്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച രാത്രി 11:30ഓടെയായിരുന്നു എ.കെ.ജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിലേക്ക് ബോംബെറിഞ്ഞത്. ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇതിന് പിന്നാലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, മന്ത്രി ആന്റണി രാജു, പി.കെ. ശ്രീമതി, എ.എ. റഹീം എം.പി. അടക്കമുള്ളവരായിരുന്നു സ്ഥലത്തെത്തിയത്.

കന്റോണ്‍മെന്റ് പൊലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തി വരികയാണ്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരും ഇന്നലെ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു.

എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു. എ.കെ.ജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തില്‍ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്നും സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാന നില തകര്‍ന്നു എന്ന മുറവിളി സൃഷ്ടിക്കാന്‍ സംസ്ഥാനത്ത് നടക്കുന്ന ബോധപൂര്‍വ്വമായ പരിശ്രമങ്ങളുടെ തുടര്‍ച്ചയായാണ് എ.കെ.ജി സെന്ററിന് നേരെ അക്രമണം നടത്തിയിരിക്കുന്നതെന്നുമാണ് കോടിയേരി പറഞ്ഞത്.

പാര്‍ട്ടിയെ ജീവനുതുല്യം സ്നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകര്‍ക്കാനുമുള്ള ശ്രമമാണിത്. കുറ്റം ചെയ്തവരെയും അവര്‍ക്ക് പിന്നിലുള്ളവരെയും കണ്ടെത്തുക തന്നെ ചെയ്യും. ഇത്തരം പ്രകോപനങ്ങള്‍ക്ക് വശംവദരാകാത നാട്ടിലെ സമാധാനം സംരക്ഷിക്കാന്‍ ഉയര്‍ന്ന ബോധത്തോടെ മുന്നില്‍ നില്‍ക്കണമെന്ന് മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

മഹാനായ എ.കെ.ജിയും അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഓഫീസും പുരോഗമന പ്രസ്ഥാനങ്ങളും ജനങ്ങളാകെയും ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തുന്ന വികാരമാണ്. ആ വൈകാരികതയെ കുത്തിനോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നത്. അതിനു പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ്, ഒരു പ്രകോപനങ്ങളിലും വീഴാതെ ശ്രദ്ധിക്കണമെന്ന് പാര്‍ട്ടിയെയും ഇടതുപക്ഷത്തെയും സ്‌നേഹിക്കുന്ന എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

Content Highlight: CM Pinarayi Vijayan condemn the bomb attack against AKG center

We use cookies to give you the best possible experience. Learn more