| Saturday, 13th February 2021, 7:00 pm

കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍ നടപ്പാക്കില്ലെന്നു തന്നെയാണ് അര്‍ത്ഥം: അമിത് ഷായോട് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് എല്‍.ഡി.എഫിന്റെ വടക്കന്‍ മേഖലാ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ് വാക്‌സിനേഷന്‍ കഴിഞ്ഞാലുടന്‍ സി.എ.എ നടപ്പാക്കുമെന്നാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. കേരളം നേരത്തേ നിലപാട് വ്യക്തമാക്കിയതാണ്. കേരളത്തിലൊരിക്കലും ഈ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ല. കേരളം നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍ നടപ്പാക്കില്ലെന്ന് തന്നെയാണ് അര്‍ത്ഥമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

വര്‍ഗീയമായി ആളുകളെ വികാരം കൊള്ളിച്ച് ആളുകളെ പതുക്കെ ഇതില്‍ നിന്നെല്ലാം ശ്രദ്ധ തിരിച്ചുവിടാനുള്ള ചില ശ്രമങ്ങള്‍ നടത്തുകയാണ്. അത് നാടിന് ഗുണം ചെയ്യില്ല. വര്‍ഗീയത നാടിന് ആപത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ ഏറ്റവും കൂടുതല്‍ വര്‍ഗീയ പ്രചരിപ്പിക്കുന്നത് ആര്‍.എസ്.എസ് ആണ്. അവര്‍ നടത്തുന്ന ഭീഷണിയെ നേരിടാനെന്ന മട്ടില്‍ എസ്.ഡി.പി.ഐയെ പോലെ ചിലര് വര്‍ഗീയ നിലാപടുകള്‍ സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

കൊവിഡ് വാക്സിന്‍ വിതരണത്തിന് ശേഷം രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. പശ്ചിമ ബംഗാളില്‍ ബി.ജെ.പി പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

‘പൗരത്വ നിയമത്തെക്കുറിച്ച് ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു. പൗരത്വ നിയമം മുസ്ലിങ്ങള്‍ക്കെതിരല്ല. ഇന്ത്യയിലെ മുസ്ലിങ്ങള്‍ പൗരത്വ നിയമത്തില്‍ ആശങ്കപ്പെടേണ്ടതില്ല. പാര്‍ലമെന്റില്‍ പാസാക്കിയ നിയമം നടപ്പാക്കാതിരിക്കാന്‍ മമതയ്ക്ക് സാധിക്കില്ലെന്നും ഷാ പറഞ്ഞിരുന്നു.

നേരത്തെ പൗരത്വ നിയമത്തിനെതിരെ ബംഗാളില്‍ പ്രമേയം പാസാക്കിയിരുന്നു. കേരളം, പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വഭേദഗതിക്കെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് നടത്തിയ സമരങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ ജയിലിലടക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CM Pinarayi Vijayan comment on CAA in Kerala

We use cookies to give you the best possible experience. Learn more