| Thursday, 13th August 2020, 1:49 pm

പെട്ടിമുടിയിലുള്ള എല്ലാ കുടുംബങ്ങള്‍ക്കും വീട് വെച്ച് നല്‍കും; കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കും: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: പെട്ടിമുടിയിലുള്ള എല്ലാ കുടുംബങ്ങള്‍ക്കും വീട് വെച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിനായുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്ടിമുടി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

’55 മൃതദേഹങ്ങളാണ് കണ്ടെത്തനായത്. 15 പേരെ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതിനുള്ള ശ്രമം തുടരുകയാണ്. വിവരം പുറത്തറഞ്ഞതിന് ശേഷം ഏറ്റവും ജാഗ്രതയോടെയുള്ള രക്ഷാപ്രവര്‍ത്തനമാണ് നടന്നത്. അതില്‍ ഔദ്യോഗിക ഏജന്‍സികളും നാട്ടുകാരും നല്ല പങ്കാളിത്തം വഹിച്ചു. ഇപ്പോഴും അവരുടെ ജോലി നിര്‍വഹിച്ചുകൊണ്ടിരിക്കുകയാണ്.

ചുരുക്കം ചിലരാണ് ഇവിടെ അവശേഷിക്കുന്നത്. ഓരോ കുടുംബത്തിലേയും ചിലര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇവിടെ ഒരു പ്രദേശമാകെ ഒന്നിച്ച് ഒലിച്ചുപോയ അവസ്ഥയാണ്. അതുകൊണ്ട് തന്നെ പുതിയ വീട് അവിടെ പണിയുക പ്രയാസമാണ്. പുതിയ സ്ഥലവും പുതിയ വീടും ഇവര്‍ക്ക് കണ്ടെത്തേണ്ടതായുണ്ട്. ഇത്തരം ദുരന്തങ്ങളിലെല്ലാം സര്‍ക്കാര്‍ ചെയ്തത് വീട് നിര്‍മിച്ചുകൊടുക്കുക എന്നതാണ്. കവളപ്പാറയിലും പുത്തുമലയിലും എല്ലാം അത് ചെയ്തു.

ഇവിടേയും അതേ നിലപാട് തന്നെയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എല്ലാ കുടുംബങ്ങള്‍ക്കും വീട് നിര്‍മിച്ചു നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സഹായിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ സഹായിക്കാന്‍ കഴിയും. ഇവിടെ കണ്ണന്‍ദേവന്‍ കമ്പനി നല്ല രീതിയില്‍ സഹായവുമായി മുന്നോട്ടുവരുമെന്നാണ് കരുതുന്നത്.

കമ്പനി പ്രതിനിധികളുമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. സ്ഥലത്തോടൊപ്പം വീട് നിര്‍മിക്കുന്നതിനുള്ള സഹായമാണ് കമ്പനിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അവര്‍ക്ക് ചെയ്യാവുന്നത് അവര്‍ ചെയ്യുക എന്ന അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്.

എല്ലാ കുടുംബങ്ങള്‍ക്കും വീട് നിര്‍മിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നടക്കേണ്ടതുണ്ട്. പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് പഠിക്കാന്‍ തയ്യാറെുക്കുന്ന കുട്ടികളുണ്ട്. അവരെ സര്‍ക്കാര്‍ തുടര്‍ന്ന് പഠിപ്പിക്കും.

ദുരന്തത്തില്‍ പരിക്കേറ്റ് ആശുപത്രിയിലുള്ളവരുടെ ചികിത്സാ ചിലവ് നിലവില്‍ സര്‍ക്കാരാണ് വഹിക്കുന്നത്. അതോടൊപ്പം തന്നെ ദുരന്തം നടന്ന ലയങ്ങള്‍ക്ക് തൊട്ടടുത്തുള്ള ലയങ്ങളിലുള്ളവരെല്ലാം നിലവില്‍ വീട് നഷ്ടപ്പെട്ടവരാണ്. അവര്‍ക്ക് വരുമാനവുമില്ല.

ആ കാര്യം കമ്പനി പരിഗണിച്ച് സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് താമസിക്കാന്‍ മറ്റ് ലയങ്ങള്‍ കമ്പനി കൊടുത്തിട്ടുണ്ട്. എന്നാല്‍ അവയില്‍ അറ്റകുറ്റപ്പണി നടത്തേണ്ടവയില്‍ അത് ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight; cm pinarayi vijayan comment after visiting pettimudi

We use cookies to give you the best possible experience. Learn more