| Wednesday, 14th September 2022, 4:57 pm

മനുഷ്യരുടെ മതബോധത്തെ നവീകരിക്കാന്‍ നിരന്തരം പ്രയത്‌നിച്ചു; ചട്ടമ്പിസ്വാമികളുടെ പാരമ്പര്യം ആര്‍ജ്ജവത്തോടെ ചേര്‍ത്ത് നിര്‍ത്തും: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: സാമൂഹിക പരിഷ്‌കര്‍ത്താവ് ചട്ടമ്പി സ്വാമികളുടെ 169ാം ജന്മദിനത്തില്‍ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ചട്ടമ്പി സ്വാമികളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജാതീയതയും ബ്രാഹ്മണ്യ ചിന്തകളും സമൂഹത്തില്‍ ചെലുത്തിയ ദുഷ്പ്രവണതകളെ ശക്തിയുക്തം എതിര്‍ത്ത ചട്ടമ്പി സ്വാമികള്‍ മനുഷ്യരുടെ മതബോധത്തെ നവീകരിക്കാന്‍ നിരന്തരം പ്രയത്‌നിച്ചുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ജാതി മേധാവിത്വത്തിനും ചൂഷണത്തിനുമെതിരെ അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. പുരാണോതിഹാസങ്ങള്‍ മാത്രമല്ല, വേദങ്ങളും പഠിക്കാന്‍ അധഃസ്ഥിതജാതിക്കാര്‍ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

കേരളീയ നവോത്ഥാനത്തിന്റെ ആശയലോകത്തെ കൂടുതല്‍ വിപുലീകരിച്ചും ശക്തമാക്കിയും മുന്നോട്ടു കൊണ്ടുപോവേണ്ട കാലഘട്ടമാണിത്. ചട്ടമ്പി സ്വാമികളുടെ സ്മരണകള്‍ അതിനുള്ള പ്രചോദനമാകട്ടെയെന്നും, അദ്ദേഹത്തിന്റെ സ്മൃതിദിനത്തില്‍ മഹത്തായ ആ പാരമ്പര്യത്തെ കൂടുതല്‍ ആര്‍ജ്ജവത്തോടെ ചേര്‍ത്തം നിര്‍ത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:

കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ ചട്ടമ്പി സ്വാമികളുടെ 169-ആം ജന്മദിനമാണിന്ന്.

ജാതീയതയും ബ്രാഹ്മണ്യ ചിന്തകളും സമൂഹത്തില്‍ ചെലുത്തിയ ദുഷ്പ്രവണതകളെ ശക്തിയുക്തം എതിര്‍ത്ത ചട്ടമ്പി സ്വാമികള്‍ മനുഷ്യരുടെ മതബോധത്തെ നവീകരിക്കാന്‍ നിരന്തരം പ്രയത്‌നിച്ചു. ജാതി മേധാവിത്വത്തിനും ചൂഷണത്തിനുമെതിരെ അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു.

അറിവും വിജ്ഞാനങ്ങളും മേല്‍ജാതിക്കാരുടെ കുത്തകാവകാശമായി നിലനിന്ന ഒരു കാലഘട്ടത്തില്‍ അധഃസ്ഥിത വിഭാഗങ്ങളെ വിജ്ഞാനത്തിന്റെ വിഹായസിലേക്ക് പിടിച്ചുയര്‍ത്തുകയാണ് ചട്ടമ്പി സ്വാമികള്‍ ചെയ്തത്. പുരാണോതിഹാസങ്ങള്‍ മാത്രമല്ല, വേദങ്ങളും പഠിക്കാന്‍ അധഃസ്ഥിതജാതിക്കാര്‍ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

കേരളീയ നവോത്ഥാനത്തിന്റെ ആശയലോകത്തെ കൂടുതല്‍ വിപുലീകരിച്ചും ശക്തമാക്കിയും മുന്നോട്ടു കൊണ്ടുപോവേണ്ട കാലഘട്ടമാണിത്. ചട്ടമ്പി സ്വാമികളുടെ സ്മരണകള്‍ അതിനുള്ള പ്രചോദനമാകട്ടെ. അദ്ദേഹത്തിന്റെ സ്മൃതിദിനത്തില്‍ മഹത്തായ ആ പാരമ്പര്യത്തെ കൂടുതല്‍ ആര്‍ജ്ജവത്തോടെ ചേര്‍ത്തു നിര്‍ത്തുമെന്നു നമുക്ക് പ്രതിജ്ഞ ചെയ്യാം

Content Highlight: CM Pinarayi Vijayan Commemorate Chattampi Swamikal

We use cookies to give you the best possible experience. Learn more