തിരുവനന്തപുരം: 2016ല്‍ അഞ്ച് ലക്ഷത്തോളം കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ നിന്ന് കൊഴിഞ്ഞ് പോയിരുന്നതെന്നും എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനകം തിരിച്ചെത്തിയത് 10 ലക്ഷത്തോളം കുട്ടികളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം മലയന്‍കീഴ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘കാലൊടിഞ്ഞ ബെഞ്ചിനും, ചോര്‍ന്നൊലിക്കുന്ന നിലം വിണ്ടുകീറിയ സ്‌കൂളുകള്‍ക്കും പകരം ഇന്നുള്ളത് സ്മാര്‍ട്ട് സ്‌കൂളുകളാണ്. പൊതുവിദ്യാലയങ്ങളിലെ സമഗ്രമായ മാറ്റത്തിന് തെളിവാണിത്.
കേരളത്തില്‍ പാഠപുസ്തകങ്ങളുടെ ഫോട്ടോ കോപ്പികള്‍ എടുത്ത് പഠിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. ശോചനീയാവസ്ഥയിലുള്ള സ്‌കൂളുകളും അസൗകര്യങ്ങളും വിദ്യാര്‍ത്ഥികളെ പൊതുവിദ്യാലയങ്ങളില്‍ നിന്നകറ്റി.
ഇന്ന് അതെല്ലാം മാറി. ക്ലാസ് മുറികള്‍ സ്മാര്‍ട്ട് ആയതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വലിയ പ്രയാസം ഉണ്ടായില്ല. എന്നാലിന്ന് അടിസ്ഥാന സൗകര്യങ്ങള്‍, പാഠപുസ്തകങ്ങള്‍, യൂണിഫോം തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ള എല്ലാ പഠന സാഹചര്യങ്ങളും സജ്ജമാക്കിയിട്ടാണ് വിദ്യാലയങ്ങള്‍ തുറക്കുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.
ക്ലാസ് മുറികള്‍ സ്മാര്‍ട്ടായതിനൊപ്പം പഠനനിലവാരവും മികച്ച അക്കാദമിക സൗകര്യങ്ങളും കൈവരിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ‘കൊവിഡ് കാലത്തും എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനം യാഥാര്‍ത്ഥ്യമാക്കി.
ആദിവാസി ഊരുകളിലടക്കം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ലഭ്യമാക്കാനായി. ഇത്തരം യാതൊരു പ്രതിസന്ധികളും ഇല്ലാതിരുന്നിട്ടും മുമ്പ് കേരളത്തിലെ പൊതുവിദ്യാഭ്യാസം പിന്നിലായിരുന്നു.
മയക്കുമരുന്നിന് അടിമപ്പെടാതിരിക്കാനുള്ള കരുതലും ജാഗ്രതയും വിദ്യാര്‍ത്ഥികളില്‍ ഉണ്ടാകണം. എ പ്ലസ് മാത്രം കേന്ദ്രീകരിച്ച് പുസ്തകപ്പുഴുക്കളാകാതെ സാമൂഹിക പ്രതിബദ്ധതയും വീക്ഷണവുമുള്ള പൗരന്മാരായി വിദ്യാര്‍ത്ഥികളെ വളര്‍ത്താന്‍ അധ്യാപകര്‍ ശ്രമിക്കണം,’ മുഖ്യമന്ത്രി നിര്‍ദേശിച്ചു.