'കുംഭകോണങ്ങളുടെ കുംഭമേള നടത്തിയാണ് മുന്‍ സര്‍ക്കാര്‍ ഇറങ്ങിയത്'; ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും
Kerala News
'കുംഭകോണങ്ങളുടെ കുംഭമേള നടത്തിയാണ് മുന്‍ സര്‍ക്കാര്‍ ഇറങ്ങിയത്'; ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th January 2021, 5:52 pm

തിരുവനന്തപുരം: നിയമസഭയില്‍ മദ്യവിലവര്‍ധനയില്‍ അഴിമതിയാരോപണമുന്നയിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണനും മുഖ്യമന്ത്രിയും.

ഒരു മദ്യകമ്പനിയെയും അറിയില്ലെന്നും എക്‌സൈസ് മന്ത്രിയെന്ന നിലയില്‍ ഒരു മദ്യകമ്പനിയും തന്നെ വന്ന് കണ്ടിട്ടില്ലെന്നും മന്ത്രി ടി. പി രാമകൃഷ്ണന്‍ പറഞ്ഞു. മദ്യത്തിന്റെ വില നിശ്ചയിക്കുന്നത് ബിവറേജസ് ബോര്‍ഡാണ്. മദ്യത്തിന്റെ വില വിവിധ ഘട്ടങ്ങളിലായി കൂടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കുത്തക മദ്യ കമ്പനികളെ സഹായിക്കാനാണ് ഏഴ് ശതമാനം വിലവര്‍ധന ആവശ്യപ്പെട്ട് ബെവ്‌കോ എം.ഡി കത്ത് നല്‍കിയതെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. 120 കോടി രൂപയുടെ വരുമാനം മദ്യമുതലാളിമാര്‍ക്ക് ലഭിക്കുന്നതരത്തിലുള്ളതാണ് സര്‍ക്കാര്‍ നീക്കമെന്നും ചെന്നിത്തല പറഞ്ഞു. ഇതിന് മറുപടി നല്‍കുകയായിരുന്നു എക്‌സൈസ് മന്ത്രി.

ഇപ്പോള്‍ നടപ്പാക്കുന്ന മദ്യവില വര്‍ധനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എ.കെ.ജി സെന്റര്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

സ്പിരിറ്റിന് കാര്യമായ വില കൂടിയതിനാല്‍ മദ്യകമ്പനികള്‍ ഏറെ കാലമായി വിലവര്‍ധന ആവശ്യപ്പെടുന്നുണ്ടെന്ന് ചെന്നിത്തലയ്ക്ക് മറുപടിയായി ടി. പി രാമകൃഷ്ണന്‍ പറഞ്ഞു.

ഒരു കുപ്പി മദ്യത്തിന് 40 രൂപ വര്‍ധിപ്പിക്കുമ്പോള്‍ 35 രൂപ സര്‍ക്കാരിനും ഒരു രൂപ ബെവ്‌കോയ്ക്കും 4 രൂപ മദ്യക്കമ്പനിക്കുമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മദ്യവില വര്‍ധിപ്പിക്കുന്നതിലൂടെ 957 കോടി രൂപ സര്‍ക്കാരിനും 9 കോടി ബെവ്‌കോയ്ക്കും അധികമായി ലഭിക്കുമെന്നും അസംസ്‌കൃത വസ്തുക്കള്‍ക്ക് വിലകൂടിയാല്‍ വില വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

നല്ല അസംസ്‌കൃത വസ്തുക്കള്‍ ഉത്പാദനത്തിനായി ഉപയോഗിച്ചില്ലെങ്കില്‍ വ്യാജമദ്യമായിരിക്കും ലഭിക്കുക. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടം വെയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ മന്ത്രിമാരുടെ പട്ടികയില്‍ ഇപ്പോഴത്തെ മന്ത്രിമാരെപ്പെടുത്തരുത്. പ്രതിപക്ഷനേതാവിന്റെ ആരോപണത്തെ തള്ളിക്കളയുകയാണ്. യു.ഡി.എഫിന്റെ കാലത്ത് മദ്യത്തിന് ആറ് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രിയും രംഗത്തെത്തി. അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ച് പ്രതിപക്ഷം പരിഹാസ്യരാവുകയാണ്. കുംഭകോണങ്ങളുടെ കുംഭമേള നടത്തിയാണ് കഴിഞ്ഞ സര്‍ക്കാര്‍ ഒഴിഞ്ഞത്. പ്രതിപക്ഷം ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഭാവനാ സൃഷ്ടിമാത്രമാണെന്നും പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ അങ്ങേയറ്റത്തെ ശുഷ്‌കാന്തി കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: CM Pinarayi Vijayan and T P Ramakrishnan replies to Ramesh Chennithala