മുഖ്യമന്ത്രിയും സ്വപ്‌നയും ശിവശങ്കറും ചേര്‍ന്ന് ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച്ച നടത്തി: മാത്യു കുഴല്‍നാടന്‍
Kerala News
മുഖ്യമന്ത്രിയും സ്വപ്‌നയും ശിവശങ്കറും ചേര്‍ന്ന് ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച്ച നടത്തി: മാത്യു കുഴല്‍നാടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th February 2023, 11:50 am

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയെ ചൊല്ലി സഭയില്‍ വാക് പോരിലേര്‍പ്പെട്ട് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍. സ്വപ്‌നയും പിണറായിയും ശിവശങ്കറും ക്ലിഫ് ഹൗസില്‍ രഹസ്യ യോഗം ചേര്‍ന്നെന്ന എം.എല്‍.എ  മാത്യു കുഴല്‍നാടന്റെ ആരോപണമാണ് സഭ പ്രക്ഷുബ്ധമാക്കിയത്.

ആരോപണത്തില്‍ രൂക്ഷമായി പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്യുവിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് ആരോപിച്ചു. സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനായാണ് എം.എല്‍.എ നടത്തിയതെന്നും കുറ്റപ്പെടുത്തി.

തുടര്‍ന്ന് പ്രതിപക്ഷവും ഭരണപക്ഷവും പരസ്പരം ബഹളം വെച്ചതോടെ സഭ അല്‍പനേരത്തേക്ക് പിരിഞ്ഞു.

ലൈഫ് മിഷന്‍ കേസില്‍ അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ച എം.എല്‍.എ മാത്യു കുഴല്‍നാടനാണ് മുഖ്യമന്ത്രിയും സ്വപ്‌ന സുരേഷും ശിവശങ്കറും രഹസ്യ കൂടിക്കാഴ്ച്ച നടത്തിയെന്ന ആരോപണവുമായി രംഗത്ത് വന്നത്. ഇ.ഡി റിപ്പോര്‍ട്ടില്‍ ഇതിന് തെളിവുകളുണ്ടെന്നും പരിശോധിക്കാമെന്നും കുഴല്‍ നാടന്‍ പറഞ്ഞു.

ആരോപണം പച്ചക്കള്ളമാണെന്ന് പറഞ്ഞ് സഭയില്‍ എഴുന്നേറ്റ് നിന്ന മുഖ്യമന്ത്രി കുഴല്‍നാടന്‍ ഇ.ഡിയുടെ ഏജന്‍സിയാണെന്നും കുറ്റപ്പെടുത്തി. കൂട്ടത്തില്‍ തനിക്ക് നിലവില്‍ ഒരാളുടെയും ഉപദേശം ആവശ്യമില്ലെന്നും ആവശ്യമുണ്ടെങ്കില്‍ സമീപിക്കാമെന്നും പറഞ്ഞു.

പിന്നാലെയെത്തിയ മന്ത്രി പി.രാജീവ് മാത്യു കുഴല്‍നാടന്‍ നടത്തിയ ആരോപണത്തിന്റെ തെളിവുകള്‍ സഭയില്‍ ഹാജരക്കണമെന്ന് ആവശ്യപ്പെട്ടു. തെളിവുകള്‍ സ്വയം സാക്ഷ്യപ്പെടുത്താനും വെല്ലുവിളിച്ചു. വെല്ലുവിളി സ്വീകരിച്ച കുഴല്‍നാടന്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് മേശപ്പുറത്ത് വെക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.

എന്നാല്‍ ഇതൊന്നും താന്‍ എഴുതിയ തിരക്കഥയല്ലെന്ന് പറഞ്ഞ എം.എല്‍.എ ആരോപണം തെറ്റാണെങ്കില്‍ കോടതിയെ സമീപിക്കാനും വെല്ലുവിളിച്ചു. ലൈഫ് മിഷന്‍ കോഴക്കേസില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് സഭയില്‍ നടന്ന് കൊണ്ടിരിക്കുന്നത്.

Content Highlight: CM pinarayi vijayan and Mathew kuzhalnadan in assembly