| Saturday, 14th January 2023, 7:35 pm

ബദല്‍ മുന്നണി നീക്കം; കെ.സി.ആറിന്റെ റാലിയില്‍ പിണറായി വിജയനും അഖിലേഷ് യാദവും, കോണ്‍ഗ്രസിന് ക്ഷണമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു (കെ.സി.ആര്‍) നടത്തുന്ന റാലിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ബുധനാഴ്ച തെലങ്കാനയിലെ ഖമ്മത്ത് വെച്ച് നടക്കുന്ന റാലിയില്‍ നാല് സംസ്ഥാന മുഖ്യമന്ത്രിമാരും പ്രതിപക്ഷനിരയിലെ നേതാക്കളും പങ്കെടുക്കും.

റാലിയില്‍ പിണറായി വിജയനെ കൂടാതെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എന്നിവരും പങ്കെടുക്കും.

സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ജെ.ഡി.എസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി എന്നിവരും റാലിയെ അഭിസംബോധന ചെയ്യും.

ദേശീയ രാഷ്ട്രീയ മോഹങ്ങളുമായി തെലങ്കാന രാഷ്ട്ര സമിതിയെ കെ.ചന്ദ്രശേഖര്‍ റാവു ഭാരത് രാഷ്ട്ര സമിതിയാക്കിയ (ബി.ആര്‍.എസ്) ശേഷമുള്ള ആദ്യ ബഹുജന പരിപാടിയാണ് ഖമ്മത്ത് നടക്കുന്നത്.

കേന്ദ്ര സര്‍ക്കാരിനെതിരെ സമാനമനസ്‌കരെ ഒന്നിച്ചു നിര്‍ത്തുകയാണ് റാലിയുടെ ലക്ഷ്യമെന്ന് ബി.ആര്‍.എസ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, റാലിയില്‍ കോണ്‍ഗ്രസിന് ക്ഷണമില്ല.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ബദലായി പ്രതിപക്ഷ സംഖ്യം ഒരുക്കാനാണ് കെ.സി.ആര്‍ ലക്ഷ്യമിടുന്നത്.

ഫെഡറലിസത്തിനും കര്‍ഷകര്‍ക്കും എതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനങ്ങളെ എതിര്‍ക്കാനുള്ള കൂട്ടായ്മ എന്നാണ് ബി.ആര്‍.എസ് റാലിയെ വിശേഷിപ്പിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടിയിലേക്ക് ചന്ദ്രശേഖര്‍ റാവുവിന്റെ ബി.ആര്‍.എസിനെയും ആം ആദ്മി പാര്‍ട്ടിയെയും ക്ഷണിച്ചിട്ടില്ലായിരുന്നു.

തെരഞ്ഞെടുപ്പിന് മുന്‍പ് ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി സഖ്യം വേണ്ടെന്നാണ് സി.പി.ഐ.എം തീരുമാനവും. പിണറായി വിജയന്‍ ചന്ദ്രശേഖര്‍ റാവുവുമായി നേരത്തെയും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.

Content Highlight: CM Pinarayi Vijayan and Akhilesh Yadav will take part in KCR’s Rally at Khammam

We use cookies to give you the best possible experience. Learn more