| Saturday, 20th May 2023, 6:57 pm

2016ലെ ദുരന്തം യു.ഡി.എഫ് അധികാരത്തിലിരിക്കുന്നു എന്നതായിരുന്നു; ജനങ്ങള്‍ ആ ദുരന്തം അവസാനിപ്പിച്ചു: പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 2016ലെ ദുരന്തം യു.ഡിഎഫ് അധികാരത്തിലിരിക്കുന്നു എന്നതായിരുന്നുവെന്നും ആദ്യം ജനങ്ങള്‍ ആ ദുരന്തം അവസാനിപ്പിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം പുത്തരിക്കണ്ടത്ത് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2016ന് മുന്‍പ് കേരളത്തില്‍ അഴിമതി കൊടികുത്തി നില്‍ക്കുന്ന അവസ്ഥയായിരുന്നു. നാടിന്റെ പുരോഗതിക്കുള്ള പദ്ധതികള്‍ നടക്കാതെയായി. എല്ലാ മേഖലയും സാര്‍വത്രികമായി പുറകോട്ട് പോകുന്ന അവസ്ഥയായിരുന്നു. ഈ അവസ്ഥ യു.ഡി.എഫ് സൃഷ്ടിച്ചതായിരുന്നു,’ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

2016ന് മുമ്പുള്ള കേരളത്തില്‍ എല്ലാവരും നിരാശ ബാധിച്ചവരായി മാറിയിരുന്നുവെന്നും ഇവിടെ ഒരു മാറ്റവും ഉണ്ടാകില്ലെന്നായിരുന്നു ജനങ്ങള്‍ കരുതിയിരുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘2016 എല്ലാ തരത്തിലും നാടിനെ പുറകോട്ട് അടിപ്പിച്ചു. വിദ്യാഭ്യാസ മേഖലയും ആരോഗ്യമേഖലയുമെല്ലാം പുറകോട്ട് പോയി. കേരളത്തിന്റെ പേര് പല ജീര്‍ണതകളുമായി ബന്ധപ്പെട്ടു കൊണ്ട് രാജ്യത്ത് തന്നെ ഉയര്‍ന്ന് നില്‍ക്കുന്ന അവസ്ഥ വന്നു. അഴിമതി കൊടികുത്തി നില്‍ക്കുന്ന അവസ്ഥയുണ്ടായി. നാടിന്റെ പുരോഗതിക്കുള്ള പദ്ധതി നടക്കാതെയായി. എല്ലാ മേഖലയും സാര്‍വത്രികമായി പുറകോട്ട് പോകുന്ന അവസ്ഥയായിരുന്നു. ഈ അവസ്ഥ യു.ഡി.എഫ് സൃഷ്ടിച്ചതായിരുന്നു.

അവരിപ്പോള്‍ പറയുന്നത് 2016ന് ശേഷം വലിയ ദുരന്തമാണ് നേരിടുന്നതെന്നാണ്. നമ്മള്‍ ദുരന്തങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. എല്ലാ ദുരിതങ്ങളെയും അതിജീവിച്ചു കൊണ്ട് നമ്മള്‍ മുന്നേറി കൊണ്ടിരിക്കുകയാണ്. 2016ലെ ദുരന്തം യു.ഡിഎഫ് അധികാരത്തിലിരിക്കുന്നു എന്നതായിരുന്നു. ആദ്യം ജനങ്ങള്‍ ആ ദുരന്തം അവസാനിപ്പിച്ചു. എല്‍.ഡിഎഫ് ജനങ്ങള്‍ക്ക് മുമ്പില്‍ വെച്ച വാഗ്ദാനങ്ങളെ സ്വീകരിക്കുകയും എല്‍.ഡി.എഫിനെ അധികാരത്തിലേറ്റുകയും ചെയ്തു,’ മുഖ്യമന്ത്രി പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ പെന്‍ഷന്‍ കൊടുക്കുന്നുവെന്നത് വെറുതെ പറയുകയാണെന്നാണ് യു.ഡി.എഫ്
പ്രചരിപ്പിക്കുന്നതെന്നും 2016ല്‍ അധികാരത്തില്‍ വരുമ്പോള്‍ 2 വര്‍ഷമായി പെന്‍ഷന്‍ കിട്ടാത്തവരുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഇനത്തില്‍ പെന്‍ഷന്‍ കുടിശ്ശിക ബാക്കി വെച്ചവരാണ് ഇപ്പോള്‍ എല്‍.ഡി.എഫിനെ കുറ്റം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contenthighlight: CM Pinarayi Vijayan against UDF

We use cookies to give you the best possible experience. Learn more