| Saturday, 20th June 2020, 6:48 pm

'സ്വന്തം നാവിന്റെ വിലയും നിലയും അവനവന്‍ തിരിച്ചറിയേണ്ട കാര്യമാണ്'; മുല്ലപ്പള്ളിക്കെതിരായ മലയാള മനോരമയുടെ എഡിറ്റോറിയല്‍ വായിച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരായ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനക്കെതിരെ മലയാള മനോരമ പത്രം എഴുതിയ എഡിറ്റോറിയല്‍ വാര്‍ത്താ സമ്മേളനത്തില്‍ വായിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

പതിവ് വാര്‍ത്താ സമ്മേളനത്തിന് വിപരിതമാണ് ഇന്ന് എന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രി മുല്ലപ്പള്ളിക്ക് മറുപടി പറഞ്ഞത്. സാധാരണ വാര്‍ത്താ സമ്മേളനത്തില്‍ താന്‍ കക്ഷി രാഷ്ട്രീയം പറയാറില്ലെന്നും എന്നാല്‍ ഇന്ന് പതിവിന് വിപരീതമായി പറയേണ്ടി വരികായാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പള്ളിക്കുള്ള മറുപടിക്കിടെയാണ് മുഖ്യമന്ത്രി മലയാള മനോരമയുടെ എഡിറ്റോറിയല്‍ വായിച്ചത്.

ഈ സര്‍ക്കാരിനോട് ഒരു തരത്തിലും അനുഭാവം കാട്ടാത്ത ഒരു പത്രം എഴുതിയ മുഖപ്രസംഗം കാണേണ്ടതാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു മുഖ്യമന്ത്രി മനോരമയുടെ എഡിറ്റോറിയല്‍ വായിച്ചത്.

ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് എതിരായ മുല്ലപ്പള്ളിയുടെ പ്രസ്താവനയ്ക്ക് എതിരെയായിരുന്നു മനോരമയുടെ എഡിറ്റോറിയല്‍. സ്വന്തം നാവിന്റെ വിലയും നിലയും അവനവന്‍ തിരിച്ചറിയേണ്ട കാര്യമാണ്; ഒരു വലിയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാകുമ്പോള്‍ വിശേഷിച്ചും. പക്ഷേ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പൊതുവേദിയില്‍ ഇന്നലെ മറന്നത് സ്വന്തം വാക്കുകളുടെ ഈ നിലയും വിലയുമാണ് എന്ന് തുടങ്ങുന്നതാണ് മനോരമയുടെ എഡിറ്റോറിയല്‍.

കോഴിക്കോട്ട് നിപ രോഗം വ്യാപിച്ചപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടക്ക് വന്ന് പോകുന്ന ആള്‍ മാത്രമായിരുന്നു ആരോഗ്യമന്ത്രിയെന്നാണ് മുല്ലപ്പള്ളിയുടെ പരാമര്‍ശം നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോള്‍ ആരോഗ്യമന്ത്രി നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

അതേസമയം, പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുല്ലപ്പള്ളി ശനിയാഴ്ച പറഞ്ഞത്. മന്ത്രിക്കെതിരെ നടത്തിയ വിമര്‍ശനത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയ മുല്ലപ്പള്ളി മന്ത്രിക്കെതിരെ വീണ്ടും അധിക്ഷേപം നടത്തുകയും ചെയ്തു.
ലണ്ടന്‍ ഗാഡിയന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം റോക്ക് സ്റ്റാര്‍ എന്ന് ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ചതിനര്‍ത്ഥം റോക്ക് ഡാന്‍സര്‍ എന്നാണെന്ന് മുല്ലപ്പള്ളി പറഞ്ഞത്.

കൊവിഡ് പ്രതിരോധ രംഗത്ത് സര്‍ക്കാരിന് വിജയിക്കാന്‍ സാധിച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങള്‍ സത്യസന്ധമാണ്. ആര്‍ക്കും അത് നിഷേധിക്കാന്‍ സാധിക്കില്ല. ഞാന്‍ ഒരാളെക്കുറിച്ചും ഒരു പരാമര്‍ശവും നടത്തുന്ന ആളല്ല. പ്രത്യേകിച്ച് സ്ത്രീകളെ കുറിച്ച് ഞാന്‍ മോശമായി സംസാരിക്കാറില്ല മുല്ലപ്പള്ളി പറഞ്ഞു.

മനോരമയുടെ എഡിറ്റോറിയല്‍ പൂര്‍ണരൂപം,

സ്വന്തം നാവിന്റെ വിലയും നിലയും അവനവന്‍ തിരിച്ചറിയേണ്ട കാര്യമാണ്; ഒരു വലിയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാകുമ്പോള്‍ വിശേഷിച്ചും. പക്ഷേ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പൊതുവേദിയില്‍ ഇന്നലെ മറന്നത് സ്വന്തം വാക്കുകളുടെ ഈ നിലയും വിലയുമാണ്.

പ്രവാസികളെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുമ്പോള്‍, ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ മുല്ലപ്പള്ളി പ്രയോഗിച്ച വാക്കുകള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു മാത്രമല്ല, നാടിനുതന്നെ വലിയ നാണക്കേടു വരുത്തിവയ്ക്കുന്നു. അന്ന് നിപ്പ രാജകുമാരി, ഇപ്പോള്‍ കോവിഡ് റാണി പദവികള്‍ക്കാണ് ആരോഗ്യമന്ത്രിയുടെ ശ്രമമെന്നാണു കെപിസിസി പ്രസിഡന്റ് വിമര്‍ശിച്ചത്. പരാമര്‍ശത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയുമാണ്. സമരത്തിന്റെ ഉദ്ദേശ്യത്തെത്തന്നെ മറന്ന വിധത്തിലായി മുല്ലപ്പള്ളിയുടെ വാക്കുകളെന്നാണ് ആരോപണം.

കേരളം ലോകത്തോടൊപ്പം ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ആരോഗ്യപ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന വേളയാണിത്. കോവിഡ് പ്രതിരോധപ്രവര്‍ത്തനരീതിയിലും പ്രവാസികളുടെ മടക്കം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടുകളിലുമുള്ള വിയോജിപ്പു പറയുന്നത് ജനാധിപത്യപരമായ അന്തസ്സോടെയും അപരബഹുമാനത്തോടെയും ആകണം. പക്ഷേ, ആരോഗ്യപ്രവര്‍ത്തകരുടെകൂടി ആത്മധൈര്യം കെടുത്തുന്ന പദപ്രയോഗമാണ് കെപിസിസി പ്രസിഡന്റില്‍നിന്നുണ്ടായത്.

വിലകെട്ട വാക്കുകള്‍ പൊതുജനമധ്യത്തില്‍ ഉപയോഗിച്ചത് ഒരു വനിതയ്ക്കുനേരെയാവുമ്പോള്‍ അതു കൂടുതല്‍ നിന്ദ്യമായിത്തീരുന്നു. സ്ത്രീകളോടു പുലര്‍ത്തേണ്ട അന്തസ്സും ആദരവും ഒരു വലിയ നേതാവു മറന്നതു കോണ്‍ഗ്രസിന്റെ കുലീന പാരമ്പര്യത്തെക്കൂടി ചോദ്യം ചെയ്യുകയാണ്. ഒരു ദേശീയ പാര്‍ട്ടിയെ സംസ്ഥാനതലത്തില്‍ നയിക്കേണ്ടയാള്‍ ആ നേതൃഗുണമാണ് ഇന്നലെ മറന്നതെന്നു കരുതുന്നവരുണ്ടാവും.

ഭരണാധികാരിയെന്നോ ജനപ്രതിനിധിയെന്നോ പാര്‍ട്ടി നേതാവെന്നോ സാധാരണ പൗരനെന്നോ വ്യത്യാസമില്ലാതെ സമൂഹത്തിലെ ഏതൊരു വ്യക്തിക്കും ഉണ്ടാവേണ്ട അടിസ്ഥാന മര്യാദയുടെ ഭാഗംതന്നെയാണ് മറ്റുള്ളവരോടുള്ള ബഹുമാനം. രാഷ്ട്രീയ പ്രതിയോഗികളോടുള്ള വിയോജിപ്പുകള്‍ ആത്മനിയന്ത്രണത്തോടെ, വ്യവസ്ഥാപിതമായ രീതിയില്‍ അറിയിക്കുന്നതിനു പകരം, തരംതാണ വാക്കുകള്‍ ഉപയോഗിച്ചപ്പോള്‍ കളങ്കിതമായതു പ്രബുദ്ധകേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം തന്നെ. ഒരു പാര്‍ട്ടിയെ നയിക്കുന്നയാളില്‍നിന്ന് അന്തസ്സുറ്റ സമീപനവും നിലപാടും വാക്കുകളുമാണ് ആ പാര്‍ട്ടിയും സമൂഹംതന്നെയും എപ്പോഴും പ്രതീക്ഷിക്കുന്നത്. ആ കുലീനത കൈമോശം വരുമ്പോള്‍ അതു ജനത്തെ കൊഞ്ഞനംകുത്തലാവുന്നു.

ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ പൊതുവേദികളിലും മറ്റും സംസാരിക്കുമ്പോള്‍ സൂക്ഷ്മതയും മാന്യതയും കാണിക്കണമെന്നത് ഓര്‍മിപ്പിക്കുന്ന വേറെയും സംഭവങ്ങള്‍ സമീപകാലത്തുതന്നെയുണ്ടായി. സ്ഥാനത്തിന്റെ വലുപ്പവും സമൂഹത്തിന്റെ അന്തസ്സും ജീവിതത്തിന്റെ പക്വതയുമെല്ലാം ആവശ്യപ്പെടുന്ന അടിസ്ഥാന മര്യാദകള്‍ ഇത്തരം അധിക്ഷേപത്തിലൂടെ അവര്‍ മറന്നുപോയപ്പോള്‍ അതു വ്യാപകമായ വിമര്‍ശനത്തിനു കാരണമാവുകയും ചെയ്തു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം വിലകുറഞ്ഞ വാക്കുകള്‍ നമ്മുടെ ചില നേതാക്കളില്‍നിന്നു പതിവായി വരുന്നതു നിര്‍ഭാഗ്യകരമാണ്. ഇക്കാലത്ത് എല്ലാം അപ്പപ്പോള്‍ ജനം കാണുന്നുവെന്നുപോലും ഓര്‍ക്കാതെയാണ് ഈ പ്രസംഗാഭാസങ്ങള്‍.

പരസ്പര ബഹുമാനത്തോടെ ഈടുറ്റ ചര്‍ച്ചകള്‍ നടത്തി ജനകീയപ്രശ്നങ്ങള്‍ക്കും നാടിന്റെ വികസന പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്ന, നിലവാരമുള്ള രാഷ്ട്രീയ സംസ്‌കാരത്തിലേക്കു കേരളം മടങ്ങണമെന്നാണു ജനം ആഗ്രഹിക്കുന്നത്. നാവു വേലി ചാടുമ്പോള്‍ അതു നിയന്ത്രിക്കേണ്ടത് അവനവന്‍തന്നെയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more