| Wednesday, 24th June 2020, 7:40 pm

കുത്തിത്തിരുപ്പിന് അതിര് വേണം;മാധ്യമം പത്രത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണം എന്ന തലക്കെട്ടോടെ മാധ്യമം പത്രം പ്രസിദ്ദീകരിച്ച വാര്‍ത്തയ്‌ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കുത്തിത്തിരുപ്പിന് അതിര് വേണമെന്നും എന്ത് തരം മനോനിലയാണ് ഇങ്ങിനെ പ്രചരിപ്പിക്കുന്നവരുടേതെന്ന് ചിന്തിക്കണം. ആരുടെയും അനാസ്ഥയും അശ്രദ്ധയും കൊണ്ടല്ല മരണങ്ങള്‍ സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മരിച്ചുവീണവര്‍ നാടിന് പ്രിയപ്പെട്ടവരാണ് മരണം വേദനാജനകവുമാണ് അതിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നത് കൊവിഡിനെക്കാള്‍ മാരകമായ രോഗബാധയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവന പൂര്‍ണരൂപം,

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണം എന്ന തലക്കെട്ടോടെ ഒരു മാധ്യമം ലോകത്താകെ മരിച്ച മലയാളികളുടെ ചിത്രം പ്രസിദ്ധീകരിച്ചു. ഭരണകൂടങ്ങള്‍ അനാസ്ഥ തുടര്‍ന്നാല്‍ കൂടുതല്‍ മുഖങ്ങള്‍ ചേര്‍ക്കപ്പെടുമെന്ന് ആ പത്രം പറയുന്നു. അതിന് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഒരു കാര്യം ഓര്‍ക്കണം. ഈ രാജ്യങ്ങളിലെല്ലാം കേരളീയര്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. അവര്‍ അവിടെ തുടരുകയും വേണ്ടവരാണ്. ഈ രാജ്യങ്ങളില്‍ കേരളീയര്‍ അരക്ഷിതരാണെന്ന് പ്രചരിപ്പിക്കുമ്പോള്‍ അവിടെ ജീവിക്കുന്നവരെ കുറിച്ച് ഓര്‍ത്തിട്ടുണ്ടോ? കുത്തിത്തിരുപ്പിന് അതിര് വേണം.

എന്ത് തരം മനോനിലയാണ് ഇങ്ങിനെ പ്രചരിപ്പിക്കുന്നവരുടേതെന്ന് ചിന്തിക്കണം. ആരുടെയും അനാസ്ഥയും അശ്രദ്ധയും കൊണ്ടല്ല മരണങ്ങള്‍ സംഭവിച്ചത്. ഇന്നാട്ടില്‍ വിമാനങ്ങളും മറ്റ് യാത്രാ മാര്‍ഗങ്ങളും ഇല്ലാത്ത ലോക്ക് ഡൗണായിരുന്നെന്ന് ഓര്‍മ്മയില്ലേ. മരിച്ചുവീണവര്‍ നാടിന് പ്രിയപ്പെട്ടവരാണ് മരണം വേദനാജനകവും. അതിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നത് കൊവിഡിനെക്കാള്‍ മാരകമായ രോഗബാധ.

സംസ്ഥാനം ഇതുവരെ കര്‍ക്കശമായ നിലപാടെടുത്തു. ഇനിയും തുടരും. യാഥാര്‍ത്ഥ്യങ്ങള്‍ ആരെങ്കിലും മൂടിവെച്ചാല്‍ ഇല്ലാതാകില്ല. 90 ശതമാനം കൊവിഡ് കേസുകളും വിദേശത്ത് നിന്നോ അന്യ സംസ്ഥാനത്ത് നിന്നോ വന്നവയാണ്. 69 ശതമാനവും വിദേശത്ത് നിന്ന് വന്നവരിലാണ്. വിദേശത്തെ ആരോഗ്യസംവിധാനത്തില്‍ നമുക്കിടപെടാന്‍ സാധിക്കില്ല. നമ്മുടെ ഇടപെടലിന്റെ ആദ്യപടി യാത്ര തിരിക്കും മുന്‍പുള്ള സ്‌ക്രീനിങാണ്. ഇത് നടത്തിയില്ലെങ്കില്‍ യാത്രാ വേളയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കും. പ്രവാസി കേരളീയരുടെ ജീവന്‍ അപകടത്തിലാവും. ആദ്യ ഘട്ടത്തില്‍ കേരളത്തിലേക്ക് എത്തിച്ചവരില്‍ 45 ശതമാനം പേര്‍ ഗര്‍ഭിണികളും വയോജനങ്ങളും കുട്ടികളും മറ്റ് രോഗാവസ്ഥ ഉള്ളവരുമായിരുന്നു. ഇവരുടെ ജീവന്‍ രോഗികള്‍ക്കൊപ്പം യാത്ര ചെയ്താല്‍ അപകടത്തിലാവും. സാധാരണ ഗതിയില്‍ ഇത് അനുവദിക്കാനാവില്ല.

ഹൈ റിസ്‌ക് പ്രൈമറി കോണ്ടാക്ട് തടയണം. ഇതിലൂടെയുള്ള മരണനിരക്ക് കൂടുതലാണ്. ഒരാളില്‍ നിന്ന് ഒരുപാട് പേരിലേക്ക് രോഗം പകരുന്ന സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടാകാം. അതിന് വിമാനയാത്രകള്‍ കാരണമാകുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് കണക്കിലെടുത്താണ് വിദേശത്ത് നിന്ന് യാത്ര പുറപ്പെടും മുന്‍പ് സ്‌ക്രീനിങ് വേണമെന്ന് തീരുമാനിച്ചത്.

യാത്ര തടയാതെയും നീട്ടിവയ്പ്പിക്കാതെയും നാട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചത്. കേന്ദ്രസര്‍ക്കാരുമായും എംബസികളുമായും ബന്ധപ്പെട്ടു. ഈ മാസം 20 മുതല്‍ യാത്രക്കാര്‍ക്ക് ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചു. അത് പ്രായോഗികമായില്ല. അഞ്ച് ദിവസം സമയം ദീര്‍ഘിപ്പിച്ചു. വിദേശ മന്ത്രാലയം ഇടപെട്ട് തീരുമാനത്തിലെത്താനാവുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. വിമാനയാത്രക്കാരെ ടെസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ എംബസികളോട് ബന്ധപ്പെട്ടു. അതിന്നലെ പറഞ്ഞതാണ്. തിരികെ വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം. ഓരോ ഘട്ടത്തിലും ഇതനുസരിച്ച് നടപടിയെടുത്തു. നാളെ മുതല്‍ സ്വകാര്യ വിമാനങ്ങളും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും വന്ദേ ഭാരത് വിമാനങ്ങളും വരുമ്പോള്‍ നടപടിയെടുക്കും.

ടെസ്റ്റ് സൗകര്യമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ടെസ്റ്റ് നടത്താന്‍ പരമാവധി ശ്രമിക്കണം. 72 മണിക്കൂറായിരിക്കും ഇതിന്റെ സാധുത. എല്ലാ യാത്രക്കാരും കൊവിഡ് 19 ജാഗ്രതാ സൈറ്റില്‍ വിവരം രേഖപ്പെടുത്തണം. എത്തുന്ന വിമാനത്താവളത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച് സ്‌ക്രീനിങിന് വിധേയരാകണം. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. വിദേശത്ത് ടെസ്റ്റിന് വിധേയമാകാത്ത എല്ലാ യാത്രക്കാരും, അവര്‍ക്ക് രോഗലക്ഷണം ഇല്ലെങ്കിലും വിമാനത്താവളത്തില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് വിധേയരാകണം.

പോസിറ്റീവാകുന്നവര്‍ കൂടുതല്‍ ടെസ്റ്റിന് വിധേയമാകണം. ടെസ്റ്റ് ഫലം എന്തായാലും യാത്രക്കാര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം 14 ദിവസം ക്വാറന്റീനില്‍ പോകണം. എല്ലാ രാജ്യത്ത് നിന്ന് വരുന്നവരും എന്‍95 മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, കയ്യുറ എന്നിവ ധരിക്കണം. കൈകള്‍ അണുവിമുക്തമാക്കാന്‍ സാനിറ്റൈസര്‍ ഇടയ്ക്കിടക്ക് ഉപയോഗിക്കണം. ഖത്തറില്‍ നിന്ന് വരുന്നവര്‍ എഹ്ത്രാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസുള്ളവരാകണം. ഇവിടെയെത്തിയാല്‍ ടെസ്റ്റിന് വിധേയരാകണം. യുഎഇ എല്ലാ യാത്രക്കാരെയും ആന്റിബോഡി ടെസ്റ്റ് നടത്തുന്നുണ്ട്. ഒമാന്‍, ബഹ്‌റിന്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ എന്‍95 മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, കയ്യുറ എന്നിവ ധരിക്കണം. സാനിറ്റൈസര്‍ കരുതണം. സൗദിയില്‍ നിന്ന് വരുന്നവര്‍ എന്‍ 95 മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, കൈയ്യുറ എന്നിവ ധരിക്കുന്നതിന് പുറമെ പിപിഇ കിറ്റും ധരിക്കണം.

കുവൈറ്റില്‍ നിന്ന് ടെസ്റ്റ് ചെയ്യാതെ വരുന്നവരും പിപിഇ കിറ്റ് ധരിക്കണം. വിമാനത്താവളത്തില്‍ എത്തിയാല്‍ ഇരു രാജ്യങ്ങളിലുള്ളവരും കൊവിഡ് ടെസ്റ്റിന് വിധേയരാകണം. യാത്രക്കാരുടെ പിപിഇ കിറ്റ്, കയ്യുറ, മാസ്‌ക് എന്നിവ വിമാനത്താവളത്തില്‍ വച്ച് സുരക്ഷിതമായി നീക്കും. എയര്‍പോര്‍ട്ടുകളില്‍ ടെസ്റ്റിന് സൗകര്യം ഒരുക്കും. സര്‍ക്കാര്‍ നിബന്ധന ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കും. ഇക്കാര്യങ്ങള്‍ വിദേശ മന്ത്രാലയത്തെയും എംബസികളെയും അറിയിക്കും. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് എന്‍ഒസി നല്‍കണം. എന്നാല്‍ അപേക്ഷ നല്‍കുമ്പോഴുള്ള വിവരങ്ങള്‍ കൃത്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമ്മതപത്രത്തിനുള്ള അപേക്ഷ ഏഴ് ദിവസം മുന്‍പ് നോര്‍ക്കയില്‍ ലഭിക്കണം. എല്ലാ വിശദാംശങ്ങളും വെബ്‌സൈറ്റിലുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more