| Monday, 30th October 2023, 5:16 pm

രാജീവ് ചന്ദ്രശേഖർ വിഷമല്ല, കൊടുംവിഷം; അദ്ദേഹത്തിന് അത് ആക്ഷേപമല്ല അലങ്കാരം: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വിഷമല്ല കൊടും വിഷമാണെന്നാണ് തനിക്ക് പറയാനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് അദ്ദേഹം ആക്ഷേപം ആയല്ല അലങ്കാരമായാണ് കൊണ്ടുനടക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ താൻ വിഷമെന്ന് പറഞ്ഞത്‌ ഇന്ന് കൊടുംവിഷമെന്ന് തിരുത്തുകയാണെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തനിമ തകർക്കാൻ ശ്രമിക്കുന്ന വാർത്തകളാണ് കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖറിന്റെ സുഹൃത്തുക്കൾ ഇവിടെ ചെയ്തതെന്നും അതൊരു
പ്രത്യേക വിഭാഗത്തെ താറടിക്കാൻ വേണ്ടിയുള്ളതായിരുന്നു എന്നും പിണറായി വിജയൻ പറഞ്ഞു.

‘രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തിന്റെ കൂട്ടാളികളും അത്തരമൊരു മാനസികാവസ്ഥയിൽ നിൽക്കുന്നവരാണ്. പക്ഷേ കേരളം അതല്ല. അതിന് കാരണം ഇവിടെ നാം പുലർത്തിപ്പോരുന്ന സഹോദര്യവും സ്നേഹവും തന്നെയാണ്.

വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എപ്പോഴും ഇവിടെ വർഗീയതയോട് സ്വീകരിക്കുന്നത്. അതിന് ഭാഗമായിത്തന്നെയാണ് മതനിരപേക്ഷത നല്ല രീതിയിൽ കൊണ്ടുപോകുന്ന ഒരു നാടായി കേരളം നിൽക്കുന്നത്. ഇന്ത്യാ രാജ്യത്ത് തന്നെ ഇത് ഒരു തുരുത്ത് പോലെയാണ്, അത് രാജ്യവും ലോകവും അംഗീകരിച്ച കാര്യമാണ്.

അത് അദ്ദേഹത്തിന്റെ (രാജീവ്‌ ചന്ദ്രശേഖർ) വികലമായ മനസ്സുകൊണ്ട് കാണാൻ സാധിക്കുന്നില്ല എന്നേയുള്ളൂ. അദ്ദേഹത്തിന് എൽ.ഡി.എഫിനെ കുറ്റം പറയേണ്ടതുണ്ടാകും, എൽ.ഡി.എഫ് സർക്കാരിനെ കുറ്റം പറയണമെന്നുണ്ടാകും. എന്നെ വ്യക്തിപരമായി ആക്ഷേപിക്കണമെന്നുണ്ടാകും. പക്ഷേ അതൊന്നും കേരളത്തിന്റെ തനിമയെ ഇല്ലാതാക്കാൻ ഇടയാക്കില്ല എന്ന് അദ്ദേഹം മനസിലാക്കണം,’ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ സൗഹാർദം കാത്തുസൂക്ഷിക്കാനുള്ള ആഹ്വാനമാണ് സർവകക്ഷി യോഗത്തിൽ കൈക്കൊണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിന്റെ പ്രത്യേകത നമ്മുടെ സൗഹാർദവും സാഹോദര്യവുമാണ്. ആ സൗഹാർദവും സാഹോദര്യവും കാത്തുസൂക്ഷിക്കണം, അതൊരുതരത്തിലും പോറലേൽപ്പിക്കാൻ പാടില്ല. അങ്ങനെ ആരെങ്കിലും പോറലേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിന് പിന്തുണ നൽകരുതെന്നും അവരെ ഒറ്റപ്പെടുത്തണമെന്നുമുള്ള ആഹ്വാനങ്ങളാണ് സർവകക്ഷി യോഗത്തിൽ നാമൊരുമിച്ചിരുന്ന് നടത്തിയത്.

നല്ല പ്രതികരണമാണ് പൊതുവേ ഉണ്ടായത്. ഇന്നലെ നല്ല രീതിയിലാണ് മാധ്യമങ്ങൾ കാര്യങ്ങൾ എടുത്തിട്ടുള്ളത്. ഊഹാപോഹങ്ങളും മറ്റു പ്രചാരണങ്ങളുമൊന്നും അവരുടെ രീതിയിൽ അടിച്ചു വിടരുതെന്നും ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങൾ മാത്രമേ ഈ ഘട്ടത്തിൽ പുറത്തു വിടാവു എന്നൊക്കെയുള്ളത് മാധ്യമങ്ങൾ തന്നെ മുൻകൈയെടുത്തു കൊണ്ട് പറയുന്ന സ്ഥിതിയുണ്ടായിരുന്നു,’ മുഖ്യമന്ത്രി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഇന്നലെ രാവിലെ അന്വേഷണം ആരംഭിച്ചതുമുതൽ സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചിരുന്നു. അത് എല്ലാം മാധ്യമങ്ങളും നല്ല രീതിയിൽ ഏറ്റെടുത്തു എന്നതാണ് പോസിറ്റീവായ കാര്യം എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതീവ ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായെങ്കിലും കേരളത്തനിമ ഉയർത്തിപ്പിടിക്കാൻ കഴിയുന്നത് നമുക്ക് കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും എന്ന പ്രതീക്ഷയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: CM Pinarayi Vijayan against Central Minister Rajiv Chandrasekhar; Not just poison, high poison

We use cookies to give you the best possible experience. Learn more