| Tuesday, 29th May 2018, 8:00 pm

ചാനലുകാര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല ഞാന്‍; രാഷ്ട്രീയവല്‍ക്കരിക്കാനും സര്‍ക്കാരിനെതിരെ തിരിക്കാനും ശ്രമം നടന്നെന്ന് പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: തെന്മലയില്‍ പ്രണയ വിവാഹത്തെ തുടര്‍ന്ന് കെവിന്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവം നാട്ടില്‍ നടക്കാന്‍ പാടില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  സംഭവം രാഷ്ട്രീയവല്‍ക്കരിക്കാനും സര്‍ക്കാരിനെതിരെ തിരിക്കാനും ശ്രമം നടന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാനലുകാര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ലെന്നും ഇരിക്കുന്ന സ്ഥാനത്ത് മാന്യത കാണിക്കുന്നതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

“കാലത്തിന്റെ മാറ്റം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് മനസിലായിട്ടില്ല. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അത് അവര്‍ ഓര്‍ക്കണമായിരുന്നു”- മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിനഗര്‍ എസ്.ഐയായ എം.എസ്.ഷിബുവിനും ജില്ലാ പൊലീസ് മേധാവി വി.എം മുഹമ്മദ് റഫീഖിനും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും തന്റെ സുരക്ഷക്കായി എസ്.ഐ എത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Read Also : ആര്‍.എസ്.എസ് ചടങ്ങില്‍ പങ്കെടുക്കുന്ന വിഷയം പ്രണബ് മുഖര്‍ജിയോട് തന്നെ ചോദിക്കണമെന്ന് കോണ്‍ഗ്രസ്

അതേസമയം കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. സംഭവത്തില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോയും സഹോദരന്‍ ഷാനു ചാക്കോയും നേരത്തെ കണ്ണൂരില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് തട്ടിക്കൊണ്ടുപോയ സംഘത്തിലെ മനുവിനെ വൈകുന്നേരത്തോടു കൂടി തെന്മല പൊലീസ് അറസ്റ്റ് ചെയ്തു.

കെവിന്റെ മരണം വാര്‍ത്തയായതിന് പിന്നാലെയാണ് നീനു വിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും കണ്ണൂരിലേക്ക് കടന്നത്. ബംഗളൂരുവിലെ ഒളിവില്‍ പോകാനായിരുന്നു നീക്കം. ഇതിനായി ഇന്ന് രാവിലെ ഇരിട്ടിക്ക് സമീപമുള്ള ബന്ധുവിന്റെ വീട്ടിലെത്തി അഭയം തേടി. ബന്ധു സംരക്ഷണത്തിന് തയ്യാറായില്ല. ഇതിനിടെ ചാക്കോയെ പ്രതിചേര്‍ത്തെന്ന വിവരം വാര്‍ത്തയായി. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ ഇരുവരും കേരള കര്‍ണാടക അതിര്‍ത്തിയിലെ കരിക്കോട്ടക്കരി സ്റ്റേഷനില്‍ കീഴടങ്ങി. കെവിന്‍ താഴ്ന്ന ജാതിക്കാരനായതിനാല്‍ ഇരുവരും ചേര്‍ന്നാണ് തട്ടിക്കൊണ്ടു പോകല്‍ അസൂത്രണം ചെയ്തതെന്ന വിവരം പൊലീസും സ്ഥിരീകരിച്ചു.

We use cookies to give you the best possible experience. Learn more