തിരുവനന്തപുരം: സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
” ലിംഗനീതിയും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് എല്‍.ഡി.എഫ് സര്‍ക്കാരിനുള്ളത്. സ്ത്രീധന സമ്പ്രദായത്തിനെതിരെ ശക്തമായ നിലപാടുകളുമായാണ് ഇപ്പോള്‍ കേരളം മുന്‍പോട്ടു പോകുന്നത്. കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന ഈ പ്രവണതകള്‍ ഇല്ലാതാക്കാന്‍ ജനങ്ങളും സര്‍ക്കാരിനൊപ്പം നിലയുറപ്പിക്കണം. സ്ത്രീധന സമ്പ്രദായമുള്‍പ്പെടെയുള്ള അപരിഷ്‌കൃതവും നീതിശൂന്യവും ആയ അനാചാരങ്ങള്‍ ഉച്ഛാടനം ചെയ്ത് സമത്വപൂര്‍ണമായ നവകേരളം സൃഷ്ടിക്കാന്‍ നമുക്കൊരുമിച്ചു മുന്നോട്ടു പോകാം,” മുഖ്യമന്ത്രി ഫേസ്ബുക്കില്‍ എഴുതി.
സാമൂഹ്യവിരുദ്ധതയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റേയും മോട്ടോര്‍ വാഹന വകുപ്പിന്റേയും അന്തസ്സിനും സല്‍പ്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാല്‍ 1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം പ്രകാരമാണ് കിരണ്‍ കുമാറിനെതിരെയുള്ള നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ല എന്ന 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(C)യുടെ ലംഘനവും ഈ കേസില്‍ നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സര്‍ക്കാര്‍ ഇന്ന് പിരിച്ചുവിട്ടിരുന്നു. അന്വേഷണ വിധേയമായാണ് നടപടി. കിരണിനെതിരായ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് ഗതാഗത മന്ത്രി പറഞ്ഞു. പെന്‍ഷന് പോലും അര്‍ഹതയുണ്ടാവില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കിരണ്‍ കുമാറിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടില്ല. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണ് കിരണ്‍ കുമാര്‍.
ജൂണ്‍ 21-നാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാരില്‍ നിന്ന് സ്ത്രീധനം എന്ന പേരില്‍ കിരണ്‍ കുമാര്‍ വാങ്ങിയിരുന്നു.
എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വില്‍ക്കാന്‍ കഴിയില്ലെന്ന് മകളോട് പറയാന്‍ പറഞ്ഞുവെന്നും പിതാവ് പറഞ്ഞിരുന്നു.
മരിക്കുന്നതിന് മുമ്പ് വിസ്മയ ബന്ധുവിന് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: CM Pinarayi Vijayan about Vismaya Case and Kiran Kumar