തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിന്‍ ഡോസിന് ചിലവാകുന്ന തുക നല്‍കുന്ന ക്യാംപയിനെക്കുറിച്ച് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതാണ് കേരളത്തിന്റെ പ്രത്യേകതയെന്നും പ്രതിസന്ധിക്കൊപ്പം ജനങ്ങള്‍ കൂടെ നില്‍ക്കുന്നത് ഇതിനു മുമ്പും നമ്മള്‍ കണ്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു.
‘അതാണ് നമ്മുടെ നാടിന്റെ ഒരു പ്രത്യേകത. ഇത് നമ്മുടെ നാടല്ലേ, കേരളമല്ലേ. കേരളത്തിന്റെ കൂട്ടായ്മയുടെ ശക്തി നമ്മള്‍ ഇതിനുമുമ്പും കണ്ടതാണ്. ഈ ഘട്ടത്തില്‍ ഇത്തരം ഒരു കാര്യത്തിന് തയ്യാറായി പലരും മുന്നോട്ട് വരുന്നു എന്നത് കാണേണ്ട കാര്യമാണ്.
എല്ലാ പ്രതിസന്ധികളും മറികടക്കുന്നതിന് നമുക്ക് കരുത്തായി മാറുന്നത് ഇത്തരം പ്രവര്‍ത്തനങ്ങളും പിന്തുണയുമാണ്. ഞാന്‍ ഈ പരിപാടിക്ക് വരുമ്പോള്‍ തന്നെ ഒരു കണക്ക് ശ്രദ്ധയിപ്പെട്ടു. ഇന്ന് ഒരു ദിവസത്തിനുള്ളില്‍, വൈകീട്ട് നാലര വരെ വാക്‌സിന്‍ എടുത്തവര്‍ മാത്രം നല്‍കിയ സംഭാവന 22 ലക്ഷം രൂപയാണ്. ഇവിടെ സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുക എന്ന ആഗ്രഹം ജനങ്ങള്‍ക്ക് സ്വാഭാവികമായും ഉണ്ടാകും. ഇക്കാര്യത്തിലും അവര്‍ അത് ചെയ്യുകയാണ്. ഇതില്‍ എങ്ങനെയാണ് കാര്യങ്ങള്‍ ഫലപ്രദമായി നീക്കാനാവുക എന്ന് നാളെ ചര്‍ച്ച ചെയ്യാം എന്നും മുഖ്യമന്ത്രി പറഞ്ഞു.
നിരവധി പേരാണ് ഇതിനോടകം ഈ ക്യംപെയിനിന്റെ ഭാഗമായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വാക്‌സിന്‍ ചലഞ്ച് എന്ന ഹാഷ് ടാഗ് വൈറലാവുകയും ചെയ്തു. ക്യംപെയ്ന്‍ ആരംഭിക്കുന്നതിന് മുമ്പായി ഒരു ലക്ഷം രൂപയ്ക്കടുത്തായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഉണ്ടായിരുന്നത്.
ഇതിനോടകം 7.28 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പുതിയ വാക്സിന്‍ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മെയ് 1 മുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ വാക്സിന്‍ നല്‍കില്ല. പകരം ആശുപത്രികള്‍ നേരിട്ട് വാക്സിനുകള്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങണം.
നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന വാക്സിന്‍ കുത്തിവയ്ക്കാന്‍ 250 രൂപ ആണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ നേരിട്ട് വാക്സിന്‍ വാങ്ങുന്നതോടെ നിരക്ക് കുത്തനെ ഉയര്‍ന്നേക്കാം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക