തിരുവനന്തപുരം: പൊലീസിലെ ചിലര്‍ ചില വൈകൃതങ്ങള്‍ കാണിക്കുന്നുവെന്നും അവരോടുള്ള സമീപനത്തില്‍ സര്‍ക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ക്രിമനലുകളെ നേരിടാനാണ് പോലീസ് സേന. ആ പൊലീസ് സേനയില്‍ ക്രിമിനലുകള്‍ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളാ പൊലീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്കപ്പ് മര്‍ദനം ഉണ്ടായാല്‍ അത് പൊലീസ് അന്വേഷിക്കണ്ട. അത് സി.ബി.ഐയെ ഏല്‍പ്പിക്കും. ഇത്തരം സംഭവങ്ങള്‍ വലിയ രീതിയില്‍ കുറഞ്ഞു. മികവാര്‍ന്ന കുറ്റാന്വേഷണ രീതി നമുക്ക് നടപ്പാക്കാന്‍ കഴിയുന്നു. പൊലീസ് സേന അഭിവൃദ്ധിയില്‍ നിന്ന് അഭിവൃദ്ധിയിലേക്ക് പോകുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
‘പണ്ട് പൊലീസ് ജനദ്രോഹ സേനയായിരുന്നു. നാടുവാഴികളുടേയും ജന്മികളുടെയും കൊല്ലും കൊലക്കും പൊലീസ് അന്ന് വലിയ പിന്തുണയാണ് നല്‍കിയിരുന്നത്.
അക്കാലത്ത് തൊഴിലാളികള്‍ ചെറിയ ഒരു ജാഥ നടത്തിയാല്‍ പൊലീസ് തല്ലി തകര്‍ക്കുമായിരുന്നു. ജനങ്ങള്‍ക്കെതിരായ സേന ആയിരുന്നു അന്ന് പൊലീസ്. ഭയപ്പാടോടെയായിരുന്നു പൊലീസിനെ ജനങ്ങള്‍ കണ്ടിരുന്നത്.
ഇ.എം.എസ് സര്‍ക്കാരാണ് പൊലീസില്‍ മാറ്റമുണ്ടാക്കിയത്. അക്കാലത്ത് തൊഴില്‍ സമരത്തില്‍ പൊലീസ് ഇടപെടേണ്ടതിലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ലോക്കപ്പ് മര്‍ദ്ദനം പാടില്ലെന്ന നിലപാടെടുത്തത് ഇ.എം.എസ് സര്‍ക്കാരാണ്. അത് അന്നത്തെ വിപ്ലവകരമായ തീരുമാനമായിരുന്നു.
ഇപ്പോള്‍ പൊലീസ് ലോകത്തേറ്റവും അഭിമാനിക്കാന്‍ കഴിയുന്ന വിധം മാറി. പ്രൊഫഷണലുകളടക്കം പൊലീസില്‍ ചേരുന്നു. ഇന്ന് പൊലീസിനെ പലപ്പോഴും പ്രകോപിപ്പിച്ച് ഇടപെടുത്താന്‍ ശ്രമിക്കുന്നു. പൊലീസ് അനിതരസാധാരണമായ സംയമനം കാണിക്കുന്നു.
സമൂഹത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട് ഗൂഢ ഉദ്ദേശം കൃത്യമായി മനസിലാക്കിയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു