തിരുവനന്തപുരം: മലയാള ഭാഷയെ മാത്രം തെരഞ്ഞുപിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തില്‍ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത് വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ജീവനക്കാരെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും പേരില്‍ വിഭജിച്ച് കാണുന്ന നിലപാട് ഒരു പരിഷ്‌കൃത സമൂഹത്തിനും യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
നഴ്‌സുമാര്‍ മലയാളം സംസാരിക്കരുതെന്ന ദല്‍ഹി ജി.ബി പന്ത് ആശുപത്രിയുടെ വിവാദ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. വിവാദമായതോടെ അധികൃര്‍ സര്‍ക്കുലര്‍ പിന്‍വലിച്ചിരുന്നു.
നമ്മുടെ സംസ്‌കാരത്തിനും ജനാധിപത്യത്തിനും നിരക്കാത്ത ഇത്തരം ഒരുത്തരവ് പിന്‍വലിച്ചു എന്നാണ് മനസ്സിലാക്കുന്നതെന്നും വൈകി ആണെങ്കിലും ശരിയായ നിലപാട് സ്വീകരിക്കാന്‍ മുന്നോട്ടു വന്ന അധികാരികളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജി.ബി പന്ത് ആശുപത്രിയില്‍ ഉള്‍പ്പെടെ ദല്‍ഹിയിലെ നിരവധി ആശുപത്രികളില്‍ മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്നവരാണ് മലയാളി നഴ്‌സുമാര്‍രെന്നും അവര്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ അഭിവാദ്യങ്ങള്‍ അറിയിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതി.
അതേസമയം, തങ്ങളുടെ അറിവോടെയല്ല സര്‍ക്കുലര്‍ ഇറങ്ങിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ആശുപത്രി നഴ്‌സിങ് സൂപ്രണ്ടാണ് ഇന്നലെ വിവാദ ഉത്തരവ് പുറത്തിറക്കിയത്.
ജി.ബി പന്ത് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിനോട് വിശദീകരണം തേടിയെന്ന് ദല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞിരുന്നു.
മറ്റ് ജീവനക്കാര്‍ക്കും രോഗികള്‍ക്കും കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ പരസ്പരം മലയാളത്തില്‍ സംസാരിക്കുന്നത് മനസിലാകുന്നില്ലെന്ന് പറഞ്ഞാണ് ഉത്തരവ് ഇറങ്ങിയത്. ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
മലയാളികളുടെ മാതൃഭാഷ ആയ മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്.
അത്തരത്തില്‍ ഉന്നതമായ സ്ഥാനത്തുള്ള മലയാള ഭാഷയെ മാത്രം തിരഞ്ഞു പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തില്‍ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത് നമ്മുടെ വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമാണ്.
ജീവനക്കാരെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും പേരില്‍ വിഭജിച്ച് കാണുന്ന നിലപാട് ഒരു പരിഷ്‌കൃത സമൂഹത്തിനും യോജിച്ചതല്ല. പ്രത്യേകിച്ച്, മാതൃഭാഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന നമ്മുടെ നാടിനും അതിന്റെ സംസ്‌കാരത്തിനും ചേര്‍ന്നതല്ല അത്തരം നടപടികള്‍.
നമ്മുടെ സംസ്‌കാരത്തിനും ജനാധിപത്യത്തിനും നിരക്കാത്ത ഇത്തരം ഒരുത്തരവ് പിന്‍വലിച്ചു എന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. വൈകി ആണെങ്കിലും ശരിയായ നിലപാട് സ്വീകരിക്കാന്‍ മുന്നോട്ടു വന്ന അധികാരികളെ അഭിനന്ദിക്കുന്നു. ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണുകയും അവരെ തമ്മില്‍ വിഭജിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ അതില്‍ നിന്ന് പിന്മാറണമെന്ന് ഓര്‍മിപ്പിക്കുന്നു.
ജി.ബി പന്ത് ആശുപത്രിയില്‍ ഉള്‍പ്പെടെ ദല്‍ഹിയിലെ നിരവധി ആശുപത്രികളില്‍ മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്നവരാണ് മലയാളി നേഴ്‌സുമാര്‍. അവര്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ അഭിവാദ്യങ്ങള്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: CM Pinarayi Vijayan about Controversy Order against Malayalam By Delhi Hospital